T20 World Cup | പകവീട്ടാന്‍ കിവികള്‍; ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ കലാശപ്പോര് നാളെ

By Web TeamFirst Published Nov 13, 2021, 10:27 AM IST
Highlights

അഞ്ച് വട്ടം ഏകദിന ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ കുട്ടിക്രിക്കറ്റിൽ ആദ്യ കിരീടം തേടിയാണ് ഇറങ്ങുന്നത്

ദുബായ്: ടി20 ലോകകപ്പ് ഫൈനലിൽ(T20 World Cup 2021 Final) നാളെ ഓസ്ട്രേലിയയെ ന്യൂസിലൻഡ്(New Zealand vs Australia) നേരിടും. രാത്രി 7:30ന് ദുബായിലാണ് മത്സരം. കലാശപ്പോരിന് മുന്നോടിയായി ഓസീസ് നായകന്‍ ആരോൺ ഫിഞ്ചും(Aaron Finch) കിവീസ് ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണും(Kane Williamson) ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണും. 2015 ഏകദിന ലോകകപ്പ്(Cricket World Cup 2015) ഫൈനലിലേറ്റ തോൽവിക്ക് ഓസ്ട്രേലിയയോട് പകരം ചോദിക്കാനുള്ള അവസരമാണ് ന്യൂസിലൻഡിന് ദുബായിൽ വന്നിരിക്കുന്നത്.

അഞ്ച് വട്ടം ഏകദിന ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ കുട്ടിക്രിക്കറ്റിൽ ആദ്യ കിരീടം തേടിയാണ് ഇറങ്ങുന്നത്. അതേസമയം ഐസിസി ടൂർണമെന്‍റുകളില്‍ തുടരെ മൂന്നാം ഫൈനലിനാണ് കിവീസ് കച്ചമുറുക്കുന്നത്. സൂപ്പർ 12ൽ രണ്ടാമന്മാരായാണ് രണ്ട് പേരും സെമിയിലെത്തിയത്. സെമിയില്‍ ഓസീസ് പാകിസ്ഥാനെ തോൽപ്പിച്ചപ്പോൾ കിവീസ് ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നാട്ടിലേക്ക് മടക്കിയയച്ചു. 

ടീമില്‍ മാറ്റം 

അച്ചടക്കമുള്ള ബൗളിംഗ് നിരയിൽ തന്നെയാണ് കിവീസിന്‍റെ പ്രതീക്ഷ. മത്സരം മാറ്റിമറിക്കാന്‍ പോന്ന വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാർണർ നയിക്കുന്ന ടോപ് ഓർഡറാണ് ഇതിന് ഓസ്ട്രേലിയയുടെ മറുപടി. പരിക്കേറ്റ ഡേവോൺ കോൺവെയ്ക്ക് പകരം ടിം സീഫെർട്ട് കിവീസ് നിരയിലെത്തും. സെമിയിൽ ഇംഗ്ലണ്ടിനെതിരെ പുറത്തായതിന്‍റെ അരിശത്തിൽ ബാറ്റ് അടിച്ചപ്പോള്‍ കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു. ടോസ് നേടി ബൗളിംഗ് തെരഞ്ഞടുക്കുകയും പിന്തുടർന്ന് ജയിക്കുകയും ചെയ്യുന്ന യുഎഇയിലെ പതിവ് സെമിയിൽ ഇരു ടീമും പരീക്ഷിച്ച് വിജയിച്ചതാണ്. അതുകൊണ്ടുതന്നെ ഫൈനലിൽ ടോസിന്‍റെ ഭാഗ്യം നിര്‍ണായകമാകും. 

അങ്കത്തിനൊരുങ്ങി ദുബായ് 

ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് വീഴ്‌ത്തിയാണ് കിവികള്‍ ഫൈനലിലെത്തിയത്. 167 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന് ഓപ്പണര്‍ മാർട്ടിൻ ഗുപ്റ്റിലിനെയും നായകൻ കെയ്ൻ വില്യംസണിനേയും നഷ്ടമാകുമ്പോൾ സ്കോർ 13 മാത്രമായിരുന്നു. ഒരറ്റത്ത് ഉറച്ചുനിന്ന ഡാരിൽ മിച്ചല്‍(47 പന്തിൽ 72*) അര്‍ധ സെഞ്ചുറിയോടെ കിവീസിനെ വിജയത്തിലെത്തിച്ചു. കളി ന്യൂസിലന്‍ഡിന്‍റെ വരുതിക്കാക്കിയ വെടിക്കെട്ടുമായി ജയിംസ് നീഷം(11 പന്തിൽ 27) ഗെയിം ചേഞ്ചറായി. 

പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഓസീസിന്‍റെ വരവ്. ആദ്യം ബാറ്റ് ചെയ്‌ത പാക്കിസ്ഥാന്‍ മുഹമ്മദ് റിസ്‌വാന്‍റെയും(52 പന്തില്‍ 67) ഫക്കര്‍ സമാന്‍റേയും(32 പന്തില്‍ 55) തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് വാര്‍ണര്‍ (30 പന്തില്‍ 49), മാത്യൂ വെയ്‌ഡ്(17 പന്തില്‍ 41*), മാര്‍ക്കസ് സ്റ്റോയിനിസ് (31 പന്തില്‍ 40*) എന്നിവരാണ് വിജയശില്‍പ്പികള്‍. 

T20 World Cup|ഡേവിഡ് വാര്‍ണറുടെ ഷോട്ടിനെക്കുറിച്ചുള്ള ഗംഭീറിന്‍റെ ചോദ്യത്തിന് മറുപടി നല്‍കി അശ്വിന്‍

click me!