T20 World Cup‌|അടിച്ചുതകര്‍ത്ത് അസലങ്ക, ശ്രീലങ്കക്കെതിരെ വിന്‍ഡീസിന് 190 റണ്‍സ് വിജയലക്ഷ്യം

Published : Nov 04, 2021, 09:24 PM ISTUpdated : Nov 04, 2021, 09:32 PM IST
T20 World Cup‌|അടിച്ചുതകര്‍ത്ത് അസലങ്ക, ശ്രീലങ്കക്കെതിരെ വിന്‍ഡീസിന് 190 റണ്‍സ് വിജയലക്ഷ്യം

Synopsis

ടോസ് നഷ്ടമായെങ്കിലും ലങ്കക്കായി ഓപ്പണര്‍മാരായ പാതും നിസങ്കയും കുശാല്‍ പെരേരയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 5.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് 42 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.

അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup) സെമി സാധ്യതകള്‍ നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ(Sri Lanka) വെസ്റ്റ് ഇന്‍ഡീസിന് (West Indies) 190 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ചരിത് അസലങ്കയുടെയും(Charith Asalanka) പാതും നിസങ്കയുടെയും(Pathum Nissanka) തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. 41 പന്തില്‍ 68 റണ്‍സെടുത്ത അസലങ്കയാണ് ലങ്കയുടെ ടോപ് സ്കോറര്‍. പാതും നിസങ്ക 41 പന്തില്‍ 51 റണ്‍സെടുത്തു. വിന്‍ഡീസിനായി ആന്ദ്രെ റസല്‍ രണ്ടും  ഡ്വയിന്‍ ബ്രാവോ ഓരു വിക്കറ്റും വീതം വീഴ്ത്തി.

അസലായി അസലങ്ക

ടോസ് നഷ്ടമായെങ്കിലും ലങ്കക്കായി ഓപ്പണര്‍മാരായ പാതും നിസങ്കയും കുശാല്‍ പെരേരയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 5.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് 42 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 21 പന്തില്‍ 29 റണ്‍സടിച്ച കുശാല്‍ പേരേരയെ മടക്കി ആന്ദ്രെ റസല്‍ വിന്‍ഡീസിന് ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും രണ്ടാം വിക്കറ്റില്‍ 91 റണ്‍സ് അടിച്ചുകൂട്ടി അസലങ്കയും നിസങ്കയും ലങ്കയെ മികച്ച സ്കോറിലേക്ക് നയിച്ചു.  പതിനാറാം ഓവറിലാണ് ഇവരുടെ കൂട്ടുകെട്ട് പിരിക്കാന്‍ വിന്‍ഡീസിനായത്. അപ്പോഴേക്കും സ്കോര്‍ 133 ല്‍ എത്തിയിരുന്നു.

41 പന്തില്‍ 51 റണ്‍സെടുത്ത നിസങ്കയെ ബ്രാവോ മടക്കിയെങ്കിലും ക്യാപ്റ്റന്‍ ദാസുന്‍ ഷനകയും അസലങ്കയും അഴസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ വിന്‍ഡീസ് ബൗളര്‍മാരുടെ പിടി അയഞ്ഞു. 14 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്ന ഷനകയും മൂന്ന് പന്തില്‍ മൂന്ന് റണ്‍സെടുത്ത ചമിക കരുണരത്നെയും പുറത്താകാതെ നിന്നു. എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് അസലങ്കയുടെ ഇന്നിംഗ്സ്. പത്തൊമ്പതാം ഓവറിലാണ് അസലങ്ക പുറത്തായത്.

വിന്‍ഡീസിനായി ആന്ദ്രെ റസല്‍ നാലോവറില്‍ 33 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഡ്വയിന്‍ ബ്രാവോ നാലോവറില്‍ 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.  മൂന്ന് കളികളില്‍ ഒരു ജയം മാത്രമുള്ള നിലവിലെ ചാമ്പ്യന്‍മായ വിന്‍ഡീസിന് സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. അതേസമയം, നാലു കളികളില്‍ ഒരു ജയം മാത്രം നേടിയ ശ്രീലങ്കയുടെ സെമി പ്രതീക്ഷകള്‍ നേരത്തെ അവസാനിച്ചിരുന്നു.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇന്നിറങ്ങിയത്. അതേസമയം ലങ്കന്‍ ടീമില്‍ ലിഹരു കുമാരക്ക് പകരം ബിനുരാ ഫെര്‍ണാണ്ടോ അന്തിമ ഇലവനിലെത്തി. നാല് കളികളില്‍ മൂന്ന് ജയം വീതമുള്ള ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് നിലവില്‍ ഗ്രൂപ്പില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ഇന്ന് ശ്രീലങ്കയെ തോല്‍പ്പിക്കുകയും ഓസ്ട്രേലിയക്കെതിരായ അവസാന മത്സരം ജയിക്കുകയും ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക തോല്‍ക്കുകയും ചെയ്താല്‍ വിന്‍ഡീസിന് സെമിയില്‍ പ്രതീക്ഷ വെക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്