T20 World Cup‌|പ്രതിസന്ധിഘട്ടത്തില്‍ വിരാട് കോലി ക്യാപ്റ്റനെന്ന നിലയില്‍ ഒന്നും ചെയ്തില്ലെന്ന് മോണ്ടി പനേസര്‍

By Web TeamFirst Published Nov 4, 2021, 8:12 PM IST
Highlights

വിരാട് കോലിയെ മഹാനായ ബാറ്ററെന്ന നിലയിലും ചേസിംഗിലെ മാസ്റ്റര്‍ എന്ന  നിലയിലുമായിരിക്കും ആളുകള്‍ ഓര്‍മിക്കുക. കാരണം ക്യാപ്റ്റനെന്ന നിലയില്‍ ടീം പ്രതിസന്ധിയാലാവുന്ന ഘട്ടങ്ങളില്‍ ഒന്നും ചെയ്യാന്‍ കോലിക്കായിട്ടില്ല.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup‌ 2021) സെമി കാണാതെ പുറത്താകലിന്‍റെ വക്കിലാണ് ടീം ഇന്ത്യ(Team India). ആദ്യ രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാനോടും(Pakistan) ന്യൂസിലന്‍ഡിനോടുമേറ്റ(New Zealand) തോല്‍വികളാണ് ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് തിരിച്ചടിയായത്. മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് ജയിച്ചെങ്കിലും ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം കൂടി അനുകൂലമായാല്‍ മാത്രമെ ഇന്ത്യക്ക് സെമിയിലെത്താനാകു.

ഈ സാഹചര്യത്തില്‍ വിരാട് കോലി(Virat Kohli)യുടെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍(Monty Panesar). നായകനെന്ന നിലയില്‍ ടീം പ്രതിസന്ധിയിലാവുമ്പോള്‍ വിരാട് കോലി ഒന്നും ചെയ്തിട്ടില്ലെന്നും മികച്ച ബാറ്റര്‍ എന്ന നിലയിലാകും കോലി ഓര്‍മിക്കപ്പെടുകയെന്നും പനേസര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

വിരാട് കോലിയെ മഹാനായ ബാറ്ററെന്ന നിലയിലും ചേസിംഗിലെ മാസ്റ്റര്‍ എന്ന  നിലയിലുമായിരിക്കും ആളുകള്‍ ഓര്‍മിക്കുക. കാരണം ക്യാപ്റ്റനെന്ന നിലയില്‍ ടീം പ്രതിസന്ധിയാലാവുന്ന ഘട്ടങ്ങളില്‍ ഒന്നും ചെയ്യാന്‍ കോലിക്കായിട്ടില്ല. ടി20 ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം കോലിയും ടീം മെന്‍ററായ എം എസ് ധോണിയും പരിശീലകനായ രവി ശാസ്ത്രിയും തമ്മിലുള്ള ഭിന്നതകളാണെന്നും പനേസര്‍ പറഞ്ഞു.

ലോകകപ്പിലെ ആദ്യ രണ്ട് കളികളിലും തോറ്റ് പുറത്താകലിന്‍റെ വക്കില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന് ഇനി കണക്കിലെ കലികളില്‍ മാത്രമാണ് ഏക പ്രതീക്ഷ. അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ആദ്യജയം നേടിയ ഇന്ത്യന്‍ ടീം ഇപ്പോള്‍ കാത്തിരിക്കുന്നത് ന്യുസീലൻ‍‍ഡിനെ അഫ്ഗാൻ തോൽപ്പിക്കുന്നതിനായാണ്.

നാല് പോയിന്‍റും, രണ്ട് മത്സരം ബാക്കിയും ഉള്ള ന്യൂസീലന്‍ഡ് തന്നെയാണ് ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്താന്‍ സാധ്യത കൂടുതലുള്ള ടീം. നമീബിയക്കും അഫ്ഗാനും എതിരെ ഒരു റണ്ണിനാണെങ്കില്‍ പോലും ജയിച്ചാൽ ന്യൂസീലന്‍ഡിന് സെമിയിലെത്താം. അഫ്ഗാനെതിരെ ഞായറാഴ്ച അബുദാബിയിൽ തോറ്റാൽ, ന്യൂസീലന്‍ഡിന് നെറ്റ് റൺറേറ്റിനെ ആശ്രയിക്കേണ്ടിവരും.

അതിലാണ് ഇന്ത്യയുടെ പ്രതീക്ഷ. അഫ്ഗാന്‍, ന്യൂസീലന്‍ഡ് പോരാട്ടം സെമിബര്‍ത്ത് നിര്‍ണയിക്കും എന്ന് പറയുമ്പോൾ, കൗതുകകരമായ ഒരു കാര്യം അറിയണം, ടിന്‍റി 20യിൽ ഇതുവരെ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നിട്ടില്ല.അവസാന എതിരാളികള്‍ താരതമ്യേന  ദുര്‍ബലരാണെന്നതിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നമീബിയക്കെതിരെ നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്താന്‍ എന്താണ് വേണ്ടതെന്ന് അറിഞ്ഞു കളിക്കാമെന്നതും നേട്ടം. പക്ഷേ , അഫ്ഗാനെ ന്യൂസീലന്‍ഡ് തോൽപ്പിച്ചാൽ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ക്കൊന്നും പ്രസക്തിയില്ലാതാകും

click me!