ടി20 ലോകകപ്പ്: നൈമിനും മുഷ്‌ഫീഖുറിനും ഫിഫ്റ്റി; ലങ്കയ്‌ക്കെതിരെ ബംഗ്ലാ കടുവകള്‍ക്ക് മികച്ച സ്‌കോര്‍

By Web TeamFirst Published Oct 24, 2021, 5:20 PM IST
Highlights

അവസാന ഓവറുകളില്‍ മുഷ്‌ഫീഖുര്‍ റഹീം വേഗം സ്‌കോര്‍ ചെയ്തത് ബംഗ്ലാദേശിനെ തുണച്ചു

ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup 2021) ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്‌ക്ക്(SL vs BAN) 172 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 171 റണ്‍സ് നേടി. 62 റണ്‍സ് നേടിയ ഓപ്പണര്‍ മുഹമ്മദ് നൈമാണ്(Mohammad Naim) ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ മുഷ്‌ഫീഖുര്‍ റഹീം(Mushfiqur Rahim) വേഗം സ്‌കോര്‍ ചെയ്തത് ബംഗ്ലാദേശിനെ തുണയ്ക്കു‌കയും ചെയ്തു.  

ലിറ്റണ്‍ ദാസിനെ പവര്‍പ്ലേയിലെ അവസാന ഓവറില്‍ നഷ്‌ടമായെങ്കിലും ഭേദപ്പെട്ട തുടക്കം ലഭിച്ചു ബംഗ്ലാദേശിന്. ആറ് ഓവറില്‍ 41 റണ്‍സുണ്ടായിരുന്നു മഹമ്മദുള്ളയ്‌ക്കും സംഘത്തിനും. ആറാം ഓവറിലെ അഞ്ചാം പന്തില്‍ ലിറ്റണെ(16) ശനകയുടെ കൈകളില്‍ ലഹിരു കുമാര എത്തിക്കുകയായിരുന്നു. ഒരോവറിന്‍റെ ഇടവേളയില്‍ ചമിക കരുണരത്‌നെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ(10) ബൗള്‍ഡാക്കുകയും ചെയ്‌തു. 

എന്നാല്‍ മൂന്നാം വിക്കറ്റില്‍ മുഹമ്മദ് നൈമും മുഷ്‌ഫീഖുര്‍ റഹീമും ബംഗ്ലാ കടുവകളെ മുന്നോട്ടുനയിച്ചു. ഇതോടെ 14-ാം ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. 17-ാം ഓവറില്‍ ഫെര്‍ണാണ്ടോയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 52 പന്തില്‍ 62 റണ്‍സെടുത്ത നൈമിനെ റിട്ടേണ്‍ ക്യാച്ചില്‍ മടക്കി. 73 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ പിറന്നത്. 

ഇതിനുശേഷം ബൗണ്ടറികളുമായി മുഷ്‌ഫീഖുര്‍ കളംനിറഞ്ഞതോടെ ബംഗ്ലാദേശ് മികച്ച സ്‌കോറിലെത്തുകയായിരുന്നു. മുഷ്‌ഫീഖുര്‍ 32 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതിനിടെ 19-ാം ഓവറില്‍ അഫീഫ് ഹൊസൈന്‍ ഏഴില്‍ നില്‍ക്കേ ലഹിരുവിന്‍റെ ത്രോയില്‍ റണ്ണൗട്ടായി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മുഷ്‌ഫീഖുറിനൊപ്പം(37 പന്തില്‍ 57*) നായകന്‍ മഹമ്മദുള്ള(5 പന്തില്‍ 10*) പുറത്താകാതെ നിന്നു.  

ടി20 ലോകകപ്പ്: ഇന്ന് ഇന്ത്യ, പാക് ആരാധകരുടെ അവസ്ഥ ഇങ്ങനെ; കലക്കന്‍ ട്വീറ്റുകളുമായി വസീം ജാഫര്‍

click me!