ടി20 ലോകകപ്പ്: പാകിസ്ഥാന്‍ ടീം ശക്തര്‍; കോലിപ്പടയ്‌ക്ക് മുന്നറിയിപ്പുമായി മനോജ് തിവാരി

By Web TeamFirst Published Oct 24, 2021, 4:10 PM IST
Highlights

പാകിസ്ഥാന്‍ ടീം ശക്തമാണ് എന്ന് തോന്നുന്നുണ്ടെങ്കിലും ഇന്ത്യ ജയിക്കുമെന്നാണ് പ്രതീക്ഷ എന്നാണ് തിവാരിയുടെ പ്രതികരണം

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) ഏറ്റവും വാശിയേറിയ ഇന്ത്യ-പാകിസ്ഥാന്‍(IND vs PAK) പോരാട്ടമാണിന്ന്. ലോകകപ്പ് ചരിത്രത്തില്‍ സമ്പൂര്‍ണ വിജയം പാകിസ്ഥാന് മേല്‍ ഇന്ത്യക്കുണ്ട് എങ്കിലും പരമ്പരാഗത വൈരികളുടെ മത്സരത്തിന് മുമ്പ് ടീം ഇന്ത്യക്ക്(Team India) നേരിയ ആശങ്കയുണ്ടാക്കുന്നതാണ് മുന്‍താരം മനോജ് തിവാരിയുടെ(Manoj Tiwary) വാക്കുകള്‍. പാകിസ്ഥാന്‍ ടീം അല്‍പം ശക്തമാണ് എങ്കിലും ഇന്ത്യ ജയിക്കുമെന്നാണ് പ്രതീക്ഷ എന്നാണ് തിവാരിയുടെ പ്രതികരണം. 

'പാകിസ്ഥാനെതിരായ ഇന്ത്യയുടെ റെക്കോര്‍ഡ് ഗംഭീരമാണ്. നമ്മുടെ ബാറ്റിംഗ് നിര മികച്ചതാണ്. ജസ്‌പ്രീത് ബുമ്ര വന്നതോടെ ബൗളിംഗ് പ്രകടനം മെച്ചപ്പെട്ടു. കാരണം ബുമ്രയാണ് പേസ് ബൗളിംഗ് നയിക്കുന്നത്. ഈ പാകിസ്ഥാന്‍ ടീം അല്‍പം ശക്തരാണ് എന്ന് തോന്നുന്നു. എന്നാല്‍ മത്സരം ഇന്ത്യ ജയിക്കുമെന്നാണ് പ്രതീക്ഷ' എന്നും മനോജ് തിവാരി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

ടി20 ലോകകപ്പ്: ഇന്ത്യക്കെതിരെ ജയിക്കുക എളുപ്പമല്ല; തുറന്നുസമ്മതിച്ച് പാക് മുന്‍ നായകന്‍, കാരണമിത്

ദുബായില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ഇന്ത്യ-പാക് തീപാറും പോരാട്ടം. ലോകകപ്പില്‍ കണ്ടപ്പോഴൊക്കെ പാകിസ്ഥാന്റെ കൊമ്പൊടിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അട്ടിയിട്ട തോല്‍വികളുടെ ഭാരമായി പാകിസ്ഥാനും എത്തുന്നു. ലോകകപ്പ് വേദികളില്‍ പാകിസ്ഥാന് ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പില്‍ അഞ്ച് തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. 

ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ആകെ ഇന്ത്യ 115 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 73 കളിയില്‍ ജയിച്ചപ്പോള്‍ 37ല്‍ തോറ്റു. രണ്ടു മത്സരം ടൈ. ഫലമില്ലാതെ പോയത് മൂന്ന് കളികള്‍. ഇന്ത്യയുടെ വിജയശതമാനം 63.5. പാകിസ്ഥാന്‍ ഇതുവരെ 129 ട്വന്റി 20യില്‍ കളിച്ചിട്ടുണ്ട്. 77 ജയം നേടിയപ്പോള്‍ 45 കളിയില്‍ തോറ്റു. രണ്ട് മത്സരം ടൈയായി. മത്സര ഫലമില്ലാതെ പോയത് അഞ്ച് കളിയില്‍. വിജയശതമാനം 59.7. രണ്ട് സന്നാഹമത്സരങ്ങളിലും ഇന്ത്യ ജയിച്ചപ്പോള്‍ പാകിസ്ഥാന്‍ ഓരോ ജയവും തോല്‍വിയും രുചിച്ചു. 

ടി20 ലോകകപ്പ്: 'കാര്യങ്ങള്‍ എളുപ്പമല്ല'; ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തെ കുറിച്ച് സഞ്ജു സാംസണ്‍

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.  

പാകിസ്ഥാന്‍ 12 അംഗ ടീം

ബാബര്‍ അസം(ക്യാപ്റ്റന്‍), ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, മുഹമ്മദ് റിസ്‌വാന്‍(വിക്കറ്റ് കീപ്പര്‍), ഇമാദ് വസീം, മുഹമ്മദ് ഹഫീസ്, ഷദാബ് ഖാന്‍, ഷൊയൈബ് മാലിക്, ഹാരിഫ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി. 

ടി20 ലോകകപ്പ്: 'അന്ന് കഴിഞ്ഞിട്ടില്ല, പിന്നെയാണ് ഇന്ന്'; ഇന്ത്യ- പാക് മത്സരത്തെ കുറിച്ച് ഐ എം വിജയന്‍


 

click me!