വിരാട് കോലിക്ക് വേണ്ടി ടി20 ലോകകപ്പ് നേടൂ; ഇന്ത്യന്‍ താരങ്ങളോട് സുരേഷ് റെയ്‌ന

Published : Oct 17, 2021, 05:55 PM ISTUpdated : Oct 17, 2021, 05:59 PM IST
വിരാട് കോലിക്ക് വേണ്ടി ടി20 ലോകകപ്പ് നേടൂ; ഇന്ത്യന്‍ താരങ്ങളോട് സുരേഷ് റെയ്‌ന

Synopsis

ടി20 ലോകകപ്പിന് മുമ്പ് ഐപിഎല്‍ കളിക്കാനായത് താരങ്ങള്‍ക്ക് മികച്ച തയ്യാറെടുപ്പ് നടത്താന്‍ അവസരമായി എന്ന് റെയ്‌ന

ദുബായ്: ടി20 ലോകകപ്പ്(T20 World Cup 2021) കിരീടം നായകന്‍ വിരാട് കോലിക്ക്(Virat Kohli) വേണ്ടി ഉയര്‍ത്തണമെന്ന് ഇന്ത്യന്‍ താരങ്ങളോട്(Team India) മുന്‍താരം സുരേഷ് റെയ്‌ന(Suresh Raina). ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റന്‍സി ഒഴിയും എന്ന് കോലി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് റെയ്‌ന സഹതാരങ്ങളോട് ഇക്കാര്യം ആവശ്യപ്പെടുന്നത്. ടി20 ലോകകപ്പിന് മുമ്പ് ഐപിഎല്‍(IPL 2021) കളിക്കാനായത് താരങ്ങള്‍ക്ക് മികച്ച തയ്യാറെടുപ്പ് നടത്താന്‍ അവസരമായി എന്നും റെയ്‌ന പറഞ്ഞു. 

'ടി20 ലോകകപ്പില്‍ ടീം ഇന്ത്യക്കുള്ള സന്ദേശം ലളിതമാണ്. വിരാട് കോലിക്കായി കിരീടം നേടുക. ടി20 ലോകകപ്പില്‍ ക്യാപ്റ്റനായി കോലിയുടെ അവസാന അവസരമായിരിക്കാം ഇത്. അതിനാല്‍ കോലിക്ക് ഏറെ നിര്‍ണായകമാണ് ഈ ലോകകപ്പ്. ഇക്കാരണത്താല്‍ ടി20 ലോകകപ്പ് തുടങ്ങാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് കാത്തിരിക്കാനാവില്ല. നമുക്ക് താരങ്ങളും സാഹചര്യവുമുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് ചെയ്യേണ്ടത്'. 

ഐപിഎല്‍ ഗുണം ചെയ്യും 

'യുഎഇയില്‍ താരങ്ങള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കളിച്ചതേയുള്ളൂ. അതിനാല്‍ യുഎഇയിലെ സാഹചര്യങ്ങളില്‍ എട്ടോ ഒമ്പതോ മത്സരങ്ങള്‍ കളിച്ച് താരങ്ങള്‍ മികച്ച ഫോമിലാണ്. ഐപിഎല്‍ ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഫേവറേറ്റുകളാക്കുന്നു. ഇന്ത്യയിലും പാകിസ്ഥാനിലും കളിക്കുന്നതിന് സമാനമാണ് യുഎഇയിലെ സാഹചര്യം. ഏഷ്യന്‍ ടീമുകള്‍ക്ക് സ്വതസിദ്ധമായ കളി പുറത്തെടുക്കാനുള്ള അവസരമാണിത്. പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ മികച്ച ടീമുകള്‍ ടൂര്‍ണമെന്‍റിലുണ്ട് എന്ന കാര്യം നമ്മള്‍ ഓര്‍ക്കണം. ടി20 ക്രിക്കറ്റില്‍ എന്തും സംഭവിക്കാം'.  

ടോപ് ത്രീ നിര്‍ണായകം

'ബാറ്റിംഗിലെ ടോപ് ത്രീയാണ് ഇന്ത്യയുടെ വിജയരഹസ്യം. ഐസിസി ടൂര്‍ണമെന്‍റുകളില്‍ രോഹിത് ശര്‍മ്മയ്‌ക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. ഐപിഎല്ലിലും മികച്ച പ്രകടനമായിരുന്നു. 15 ഓവറുകള്‍ രോഹിത്തും കെ എല്‍ രാഹുലും വിരാട് കോലിയും ബാറ്റ് ചെയ്‌ത് അടിത്തറ പാകണം. ഇതിലൂടെ മത്സരം ടീമിന് അനുകൂലമാക്കാന്‍ ഇവര്‍ക്കാകും. മധ്യനിരയില്‍ റിഷഭ് പന്ത് നിര്‍ണായകമാകും. പവര്‍ ഹിറ്റര്‍ എന്ന നിലയ്‌ക്ക് ഹര്‍ദിക് പാണ്ഡ്യ കഴിവുള്ള താരമാണ്' എന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു. 

യുഎഇയില്‍ ഇന്നാണ് ലോകകപ്പിലെ യോഗ്യതാ മത്സരങ്ങള്‍ തുടങ്ങുന്നത്. ഔദ്യോഗിക മത്സരങ്ങള്‍ക്ക് 23ന് തുടക്കമാവും. പരമ്പരാഗത വൈരികളായ പാകിസ്ഥാനെതിരെ 24നാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

റിസര്‍വ് താരങ്ങള്‍

ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്‌സര്‍ പട്ടേല്‍. 

മഖ്‌സൂദിന് നാല് വിക്കറ്റ്; പാപുവ ന്യൂ ഗിനിയക്കെതിരെ ഒമാന് 130 റണ്‍സ് വിജയലക്ഷ്യം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ, സഞ്ജുവിനും ഗില്ലിനും വെല്ലുവിളിയായി ഓപ്പണര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷനും പരിഗണനയില്‍
അഹമ്മദാബാദ് അവസാന അവസരം! സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് ടീമിലുണ്ടാകുമോ?