ടി20 ലോകകപ്പ്: അശ്വിനെ ടീമിലെടുത്തത് ഒന്നും കാണാതെയല്ല; കാരണങ്ങള്‍ വെളിപ്പെടുത്തി കോലി

By Web TeamFirst Published Oct 17, 2021, 4:21 PM IST
Highlights

അശ്വിനെ ടീമിലേക്ക് തിരിച്ചുവിളിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നായകന്‍ വിരാട് കോലി

ദുബായ്: ടി20 ലോകകപ്പിനുള്ള(T20 World Cup 2021) ഇന്ത്യന്‍ ടീമിനെ(Team India) പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വലിയ സര്‍പ്രൈസ് സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍റെ(Ravichandran Ashwin) തിരിച്ചുവരവായിരുന്നു. നാലംഗ സ്‌പിന്‍ കൂട്ടത്തിലാണ് അശ്വിന്‍ ഇടംപിടിച്ചത്. ഇതിന് മുമ്പ് 2017ലായിരുന്നു അശ്വിന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. അശ്വിനെ ടീമിലേക്ക് തിരിച്ചുവിളിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നായകന്‍ വിരാട് കോലി(Virat Kohli). 

കോലിയുടെ വാക്കുകള്‍

'വൈറ്റ് ബോള്‍ ക്രിക്കറ്റിലെ കഴിവുകള്‍ പുനരുജ്ജീവിപ്പിച്ചതിന് അശ്വിനുള്ള പ്രതിഫലമാണിത്. അശ്വിന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ വളരെ ധൈര്യശാലിയായാണ് പന്തെറിയുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ ഐപിഎല്‍ നോക്കിയാല്‍ ദുര്‍ഘടമായ ഓവറുകള്‍ അദേഹം എറിഞ്ഞിട്ടുണ്ട്. ഐപിഎല്ലിലെ മുന്‍നിര താരങ്ങള്‍ക്കെതിരെയാണ് പന്തെറിഞ്ഞത്. കൃത്യമായ ഇടങ്ങളില്‍ പന്തെറിയാന്‍ അദേഹം മടിച്ചില്ല. പവര്‍ ഹിറ്റര്‍മാര്‍ സ്‌പിന്നര്‍മാരെ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ തന്‍റെ കഴിവുകളിലായിരുന്നു അശ്വിന്‍റെ വിശ്വാസം'. 

'ഒന്നും എളുപ്പമല്ല'; ടി20 ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് സൗരവ് ഗാംഗുലിയുടെ മുന്നറിയിപ്പ്

പന്തെറിയുന്ന രീതി, അദേഹത്തിന്‍റെ വേരിയേഷനുകള്‍, പേസിന്‍മേലുള്ള നിയന്ത്രണം, കൂടാതെ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഏറിയ പരിചയസമ്പത്ത്, ആത്മവിശ്വാസത്തിന്‍റെ ഔന്നത്യം എന്നിവയാണ് അശ്വിനെ ടീമിലെടുക്കാന്‍ കാരണമെന്നും കോലി പറഞ്ഞു. അശ്വിന്‍റെ സ്‌പെല്ലുകള്‍ കളി മാറ്റിമറിക്കാന്‍ പോന്നവയാണെന്നും കോലി കൂട്ടിച്ചേര്‍ത്തു. 

റിസ്റ്റ് സ്‌പിന്നര്‍മാരേക്കാള്‍ കൃത്യത ഫിംഗര്‍ സ്‌പിന്നര്‍മാര്‍ക്കുണ്ട് എന്നാണ് കോലിയുടെ വിലയിരുത്തല്‍. ഇതും അശ്വിനെ ടീമിലെടുക്കുന്നതിന് കാരണമായി. യുഎഇയില്‍ ഇന്നാണ് ലോകകപ്പിലെ യോഗ്യതാ മത്സരങ്ങള്‍ തുടങ്ങുന്നത്. 23ന് മത്സരങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാവും. 24ന് പരമ്പരാഗത വൈരികളായ പാകിസ്ഥാനെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

റിസര്‍വ് താരങ്ങള്‍

ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്‌സര്‍ പട്ടേല്‍. 

'നെറ്റ്‌സില്‍ എറിയുന്നത് പോലെയല്ല, ബാബര്‍ അസമിനെതിരെ പന്തെറിയുന്നത്'; ഹാര്‍ദിക്കിനെതിരെ ഗംഭീറിന്റെ വിമര്‍ശനം

click me!