ടി20 ലോകകപ്പ്: അഫ്ഗാനെതിരെ ശ്രീലങ്കക്ക് 145 റണ്‍സ് വിജയലക്ഷ്യം

By Gopala krishnanFirst Published Nov 1, 2022, 11:25 AM IST
Highlights

ടോസ് നേടി ക്രീസിലിറങ്ങിയ അഫ്ഗാന് ഓപ്പണര്‍മാരായ ഗുര്‍ബാസും ഉസ്മാന്‍ ഖാനിയും മികച്ച തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും അഫ്ഗാനെ 42 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് തൊട്ടുപിന്നാലെ ഘാനിയെ(27) വീഴ്ത്തി ഹസരങ്ക അഫ്ഗാന് ആദ്യ പ്രഹരമേല്‍പ്പിച്ചു.

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍   ഗ്രൂപ്പ് ഒന്നിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കക്ക് 145 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. 28 റണ്‍സെടുത്ത ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് അപ്ഗാന്‍റെ ടോപ് സ്കോറര്‍.  ലങ്കക്കായി വാനിന്ദു ഹസരങ്ക 13 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

നല്ല തുടക്കത്തിനുശേഷം തകര്‍ച്ച

ടോസ് നേടി ക്രീസിലിറങ്ങിയ അഫ്ഗാന് ഓപ്പണര്‍മാരായ ഗുര്‍ബാസും ഉസ്മാന്‍ ഖാനിയും മികച്ച തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും അഫ്ഗാനെ 42 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് തൊട്ടുപിന്നാലെ ഘാനിയെ(27) വീഴ്ത്തി ഹസരങ്ക അഫ്ഗാന് ആദ്യ പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ വണ്‍ ഡൗണായി എത്തിയ ഇബ്രാഹിം സര്‍ദ്രാനും പിടിച്ചുനിന്നതോടെ അഫ്ഗാന്‍ മികച്ച നിലയിലെത്തി. 24 പന്തില്‍ 28 റണ്‍സെടുത്ത ഗുര്‍ബാസിനെ ലഹിരു കുമാര വീഴ്ത്തുമ്പോള്‍ അഫ്ഗാന്‍ 68 റണ്‍സിലെത്തിയിരുന്നു.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര; പൃഥ്വി ഷായെ തഴയാനുള്ള കാരണം വ്യക്തമാക്കി ചീഫ് സെലക്ടര്‍

നജീബഹുള്ള സര്‍ദ്രാനും(18) ഇബ്രാഹിം സര്‍ദ്രാനും(22) ചേര്‍ന്ന് അഫ്ഗാനെ 100 കടത്തുമെന്ന് കരുതിയെങ്കിലും ഇബ്രാഹിമിനെ കുമാരയും നജീബുള്ളയെ ധന‍ഞ്ജയ ഡിസില്‍വയും വീഴ്ത്തിയതോടെ അഫ്ഗാന്‍റെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു. പിന്നാലെ ഗുല്‍ബാദിന്‍ നൈബ്(12) റണ്‍ ഔട്ടായി. ക്യാപ്റ്റന്‍ മുഹമ്മദ് നബിക്കും(8 പന്തില്‍ 13) കാര്യമായി ഒന്നും ചെയ്യാനായില്ല. അഫ്ഗാന്‍ വാലറ്റത്തെ ഹസരങ്കയും മടക്കിയതോടെ സ്കോര്‍ 20 ഓവറില്‍ 144ല്‍ ഒതുങ്ങി.

ലങ്കക്കായി ലഹിരു കുമാര നാലോവറില്‍ 30 റണ്‍സിന് രണ്ട് വിക്കറ്റും വാനിന്ദു ഹസരങ്ക നാലോവറില്‍ 13 റണ്‍സിന് മൂന്ന് വിക്കറ്റുമെടുത്തു. സെമി സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്. മൂന്ന് കളികളില്‍ അഫ്ഗാനും ശ്രീലങ്കക്കും  രണ്ട് പോയന്‍റ് വീതമാണുള്ളത്. ഇന്ന് തോല്‍ക്കുന്ന ടീമിന്‍റെ സെമി സാധ്യത ഏതാണ്ട് അവസാനിക്കും.

click me!