ടി20 ലോകകപ്പിന്‍റെ താരത്തെ തെരഞ്ഞെടുത്ത് ജോസ് ബട്‌ലറും ബാബര്‍ അസമും

By Gopala krishnanFirst Published Nov 13, 2022, 12:16 PM IST
Highlights

ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരുള്‍പ്പെടെ ഒമ്പത് താരങ്ങളാണ് ലോകകപ്പിന്‍റെ താരമാകാനുള്ളവരുടെ അന്തിമ പട്ടികയില്‍ ഇടം നേടിയത്. ഇംഗ്ലണ്ടില്‍ നിന്ന് മൂന്ന് താരങ്ങളും പാക്കിസ്ഥാനില്‍ നിന്ന് രണ്ട് താരങ്ങളും ശ്രീലങ്ക, സിംബാബ്‌വെ എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും പട്ടികയിലുണ്ട്.

മെല്‍ബണ്‍: ടി20 ലോകകപ്പിന്‍റെ താരത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഐസിസി വെബ്സൈറ്റില്‍ പുരോഗമിക്കുന്നതിനിടെ ലോകകപ്പിന്‍റെ താരത്തെ തെരഞ്ഞെടുത്ത് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറും പാക് നായകന്‍ ബാബര്‍ അസമും. കിരിടപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടും പാക്കിസ്ഥാനും ഏറ്റുമുട്ടാനിരിക്കെയാണ് ഇരു നായകന്‍മാരും ടൂര്‍ണമെന്‍റിന്‍റെ താരത്തെ തെരഞ്ഞെടുത്തത്.

ഇംഗ്ലണ്ട് നായകനായ ജോസ് ബട്‌ലറുടെ അഭിപ്രായത്തില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവാണ് ടൂര്‍ണമെന്‍റിന്‍റെ താരം. ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ 239 റണ്‍സുമായി റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്താണ് സൂര്യകുമാര്‍ യാദവ്. ഈ ലോകകപ്പില്‍ പൂര്‍ണസ്വാതന്ത്ര്യത്തോടെ ബാറ്റ് ചെയ്ത അപൂര്‍വം താരങ്ങളിലൊരാളാണ് സൂര്യയെന്ന് ബട്‌ലര്‍ പറഞ്ഞു. താരനിബിഡമായ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ സൂര്യകുമാറിന്‍റെ പ്രകടനം അത്ഭുതാവഹമായിരുന്നുവെന്നും ബട്‌ലര്‍ വ്യക്തമാക്കി. ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇംഗ്ലണ്ട് താരങ്ങളായ അലക്സ് ഹെയ്ല്‍സിനും ഓള്‍ റൗണ്ടര്‍ സാം കറനും ലോകകപ്പിന്‍റെ താരമാകാനുള്ള അവസരമുണ്ടെന്നും ബട്‌‌ലര്‍ വ്യക്തമാക്കി.

ഇം​ഗ്ലണ്ട്-പാകിസ്ഥാൻ ഫൈനൽ നടക്കുമ്പോൾ വേദിയിൽ താരമാകാൻ മലയാളി പെൺകുട്ടി, ആരാണ് ജാനകിയെന്ന കൊച്ചുമിടുക്കി

എന്നാല്‍ പാക് നായകന്‍ ബാബര്‍ അസമിന്‍റെ അഭിപ്രായത്തില്‍ പാക് ഓള്‍ റൗണ്ടര്‍ ഷദാബ് ഖാനാണ് ലോകകപ്പിന്‍റെ താരം. ഈ ലോകകപ്പില്‍ ഷദാബ് പുറത്തെടുത്ത മികവ് കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം തന്നെയാണ് ലോകകപ്പിന്‍റെ താരമാകാന്‍ അര്‍ഹനെന്ന് ബാബര്‍ പറഞ്ഞു. ബൗളിംഗില്‍ പതിവുപോലെ മികവ് കാട്ടിയ ഷദാബ് ബാറ്റിംഗിലും അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്. ഇതിനൊപ്പം മികച്ച ഫീല്‍ഡിംഗും ഷദാബിനെ വേറിട്ടു നിര്‍ത്തുന്നുവെന്നും ബാബര്‍ പറഞ്ഞു.

ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരുള്‍പ്പെടെ ഒമ്പത് താരങ്ങളാണ് ലോകകപ്പിന്‍റെ താരമാകാനുള്ളവരുടെ അന്തിമ പട്ടികയില്‍ ഇടം നേടിയത്. കോലിക്കും സൂര്യക്കും പുറമെ ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക, പാക് ഓള്‍ റൗണ്ടര്‍ ഷദാബ് ഖാന്‍, പേസര്‍ ഷഹീന്‍ അഫ്രീദി, ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍, ഓപ്പണര്‍ അലക്സ് ഹെയ്ല്‍സ്, ഓള്‍ റൗണ്ടര്‍ സാം കറന്‍, സിംബാബ്‌വെ ഓള്‍ റൗണ്ടര്‍ സിക്കന്ദര്‍ റാസ എന്നിവരാണ് ലോകകപ്പിന്‍റെ താരമാകാനുള്ളവരുടെ പട്ടികയിലുള്ളത്.

നിങ്ങള്‍ക്കും ലോകകപ്പിന്‍റെ താരത്തെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യാം

ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 98.67 ശരാശരിയില്‍ 136.41 സ്ട്രൈക്ക് റേറ്റില്‍ 296 റണ്‍സടിച്ച വിരാട് കോലി റണ്‍ വേട്ടയില്‍ ഒന്നാം സ്ഥാനത്താണ്. സൂര്യയാകട്ടെ ആറ് മത്സരങ്ങളില്‍ 59.75 ശരാശരിയില്‍ 189.68 സ്ട്രൈക്ക് റേറ്റില്‍ 239 റണ്‍സടിച്ച് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്താണ്.

click me!