അഡ്‌ലെയ്‌ഡില്‍ രാത്രി മഴയായിരുന്നു; ഇന്ത്യ-ഇംഗ്ലണ്ട് സെമി മുടങ്ങുമോ?

By Jomit JoseFirst Published Nov 10, 2022, 9:43 AM IST
Highlights

ഒരു മണിക്ക് ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനലിന് ടോസ് വീഴും. ഇന്ത്യയെ രോഹിത് ശര്‍മ്മയും ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറും നയിക്കും. 

അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടമാണ് ഇന്ന്. മഴ ഏറെ മത്സരങ്ങള്‍ മുടക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്‌ത ലോകകപ്പാണിത്. അതിനാല്‍ ഇന്ത്യ-ഇംഗ്ലണ്ട് സൂപ്പര്‍ പോരാട്ടത്തെയും മഴ ബാധിക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. മത്സരവേദിയായ അഡ്‌ലെയ്‌ഡില്‍ ഇന്നലെ രാത്രി പൂര്‍ണമായും മഴയായിരുന്നു. എന്നാല്‍ രാവിലെ മുതല്‍ മഴയില്ല. രാവിലെ മേഘാവൃതമായ ആകാശമാണെങ്കിലും സെമിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയാണ് ഒടുവിലായി പുറത്തുവരുന്നത്. 

ഇന്ന് ഉച്ചതിരിഞ്ഞും വൈകിട്ടും അഡ്‌ലെയ്‌ഡില്‍ മഴയ്ക്ക് സാധ്യതയില്ല എന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടെ 20 ഓവര്‍ വീതമുള്ള ആവേശ മത്സരം നടക്കുമെന്നാണ് ഏവര്‍ക്കും പ്രതീക്ഷ. ഒരു മണിക്ക് ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനലിന് ടോസ് വീഴും. ഇന്ത്യയെ രോഹിത് ശര്‍മ്മയും ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറും നയിക്കും. അതിശക്തമായ ബാറ്റിംഗ് നിരയുള്ള ഇംഗ്ലണ്ടിനെ മറികടക്കുക ടീം ഇന്ത്യക്ക് എളുപ്പമാകില്ല. ഇംഗ്ലണ്ട് ടീമിിന് പരിക്കിന്‍റെ ആശങ്കയുണ്ടെങ്കില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കോ റിഷഭ് പന്തോ എന്ന കാര്യത്തില്‍ മാത്രമേ വ്യക്തത വരാനുള്ളൂ. പരിശീലനത്തിനിടെ പരിക്കേറ്റെങ്കിലും കളിക്കാന്‍ സന്നദ്ധനായിക്കഴിഞ്ഞതായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഇന്നലെ വ്യക്തമാക്കിയിരുന്നു. 

ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ-പാക് സ്വപ്‌ന ഫൈനല്‍ വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്ഥാന്‍ ഇന്നലെ ഫൈനലില്‍ ഇടംപിടിച്ചിരുന്നു. പേസര്‍ ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ അര്‍ധ സെഞ്ചുറികളുമായി ക്യാപ്റ്റന്‍ ബാബര്‍ അസമും(42 പന്തില്‍ 53), മുഹമ്മദ് റിസ്‌വാനും(43 പന്തില്‍ 57), മുഹമ്മദ് ഹാരിസും(26 പന്തില്‍ 30) പാകിസ്ഥാനായി ബാറ്റിംഗില്‍ തിളങ്ങി. പതിമൂന്നാം തിയതി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ലോകകപ്പ് ഫൈനല്‍. 

കാത്തിരിക്കുന്നത് ട്വന്‍റി20യിലെ സുവര്‍ണ നേട്ടം; ചരിത്രത്തിലെ ആദ്യ താരമാകാന്‍ വിരാട് കോലി

click me!