
മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ ആവേശ പോരാട്ടം നാളെയാണ്. മത്സരത്തില്‍ ടീം ഇന്ത്യക്ക് വലിയ തലവേദനയാകും എന്ന് കരുതപ്പെടുന്നത് ഇടംകൈയന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി നയിക്കുന്ന ബൗളിംഗ് ആക്രമണമാണ്. ഷഹീന്‍റെ പന്തുകളെ ചെറുക്കാന്‍ പ്രത്യേക പരിശീലനമാണ് ടീം ഇന്ത്യ നടത്തുന്നത്.
പാക് ബൗളിംഗ് ഭീഷണിയാണെന്ന് ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ നായകന്‍ രോഹിത് ശര്‍മ്മ തുറന്നുപറഞ്ഞു. 'പാക് ബൗളര്‍മാര്‍ ഭീഷണിയാവും. തിരികെ പ്രതിരോധം ഞങ്ങളുമുയര്‍ത്തും. കഠിന പരിശ്രമത്തിലൂടെ വെല്ലുവിളിയെല്ലാം മറികടക്കും. ടീം സമ്മര്‍ദത്തിലല്ല. മികവ് കാട്ടുകയും കിരീടം നേടുകയും ചെയ്യുക വലിയ വെല്ലുവിളിയാണ്. ഇന്ത്യയെ പോലൊരു ടീമിനെ കുറിച്ച് വലിയ പ്രതീക്ഷകളുണ്ട് ആരാധകര്‍ക്ക്. ഈ ടി20 ലോകകപ്പ് കിരീട കാത്തിരിപ്പ് അവസാനിപ്പിക്കും എന്നാണ് പ്രതീക്ഷ. മെല്‍ബണിലെ കാലാവസ്ഥാ ഓരോ മിനുറ്റിലും മാറിമറിയുകയാണ്. പ്ലേയിംഗ് ഇലവന്‍ നാളെ രാവിലെ മാത്രമേ തീരുമാനമാക്കുകയുള്ളൂ. കാലാവസ്ഥയ്ക്ക് അനുസരിച്ചിരിക്കും അന്തിമ തീരുമാനം. അതിനാല്‍ അവസാന മിനുറ്റുവരെ കാത്തിരിക്കും. 20 ഓവര്‍ വീതമുള്ള മത്സരം നടക്കാനാണ് പ്രാര്‍ഥിക്കുന്നത്. ഓവറുകള്‍ വെട്ടിക്കുറച്ചാലും കളിക്കാനൊരുക്കമായിരിക്കും. അത്തരം സാഹചര്യങ്ങളില്‍ ടോസ് നിര്‍ണായകമാകും' എന്നും ഹിറ്റ്‌മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മത്സരത്തിന് മുന്നോടിയായി ഇന്ത്യ-പാക് ടീമുകള്‍ ഇന്ന് അവസാനവട്ട പരിശീലനത്തിനിറങ്ങും. പാക് നായകന്‍ ബാബര്‍ അസമിന്‍റെ വാര്‍ത്താസമ്മേളനവും ഇന്നുണ്ട്. മെല്‍ബണിലെ കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഇന്ത്യന്‍ ആരാധകര്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്തെത്തിത്തുടങ്ങിയിട്ടുണ്ട്. മത്സരത്തിന് 60 ശതമാനം മഴ സാധ്യത നേരത്തെ പ്രവചിച്ചിരുന്നെങ്കില്‍ ഇന്ന് രാവിലെ മുതല്‍ തെളിഞ്ഞ ആകാശമാണ് മെല്‍ബണില്‍ എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. മഴ മാറി നിന്നില്ലെങ്കില്‍ നാളെ മത്സരത്തിന്‍റെ ആവേശം കുറയും.
പാകിസ്ഥാന്‍ ബൗളിംഗ് വലിയ തലവേദന തന്നെ; തുറന്നുസമ്മതിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!