Latest Videos

മിസ്റ്റര്‍ ബീന്‍ പരാമര്‍ശം; സിംബാബ്‌വെ പ്രസിഡന്‍റിന്‍റെ വായടപ്പിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി

By Gopala krishnanFirst Published Oct 28, 2022, 10:25 AM IST
Highlights

മിസ്റ്റര്‍ ബീനെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നടന്‍ റൊവാന്‍ അറ്റ്കിന്‍സന്‍റെ അപരനായ പാക് നടന്‍ ആസിഫ് മുഹമ്മദ് 2016ല്‍ സിംബാബ്‌വെയില്‍ ഹാസ്യപരിപാടി അവതരിപ്പിക്കാനെത്തിയിരുന്നു. എന്നാല്‍ ആസിഫ് മുഹമ്മദിനെ യഥാര്‍ത്ഥ മിസ്റ്റര്‍ ബീനെന്ന് തെറ്റിദ്ധരിച്ച സിംബാബ്‌വെക്കാര്‍ക്ക് അദ്ദേഹത്തിന്‍റെ പരിപാടികള്‍ ഒന്നും അത്ര രസിച്ചില്ല. സിംബാബ്‌വെയില്‍ ആസിഫിന്‍റെ പല പരിപാടികളും ഫ്ലോപ്പാവുകയും ചെയ്തു.

പെര്‍ത്ത്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാക്കിസ്ഥാനെ സിംബാബ്‌വെ ഒരു റണ്ണിന് തോല്‍പ്പിച്ച് ആവേശജയം സ്വന്തമാക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന 'മിസ്റ്റര്‍ ബീന്‍ 'പരാമര്‍ശം രാജ്യങ്ങള്‍ തമ്മിലുള്ള വാക് പോരായി മാറുന്നു. പാക്കിസ്ഥാനെ സിംബാബ്‌വെ തോല്‍പ്പിച്ചതോടെ അടുത്തതവണ നിങ്ങള്‍ യഥാര്‍ത്ഥ മിസ്റ്റര്‍ ബീനിനെ ഞങ്ങളുടെ നാട്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് സിംബാ‌ബ്‌വെ പ്രസിഡന്‍റ് എമേഴ്സണ്‍ ഡാംബുഡ്സോ നാംഗാഗ്‌വെയുടെ ട്വീറ്റിന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ട്വിറ്ററില്‍ മറുപടിയുമായി എത്തിയത്.

‌ഞങ്ങള്‍ക്ക് യഥാര്‍ത്ഥ മിസ്റ്റര്‍ ബീന്‍ ഇല്ലായിരിക്കാം. പക്ഷെ യഥാര്‍ത്ഥ ക്രിക്കറ്റ് സ്പിരിറ്റുണ്ട്. അതുപോലെ ഞങ്ങള്‍ പാക്കിസ്ഥാന്‍കാര്‍ക്ക് ഒരു ശീലമുണ്ട്, തിരിച്ചടികളില്‍ തളരാതെ തിരിച്ചുവരിക എന്നത്, മിസ്റ്റര്‍ പ്രസിഡന്‍റ് , അഭിനന്ദനങ്ങള്‍, നിങ്ങളുടെ ടീം നന്നായി കളിച്ചു എന്നതായിരുന്നു പാക് പ്രധാനമന്ത്രിയുടെ മറുപടി.

We may not have the real Mr Bean, but we have real cricketing spirit .. and we Pakistanis have a funny habit of bouncing back :)

Mr President: Congratulations. Your team played really well today. 👏 https://t.co/oKhzEvU972

— Shehbaz Sharif (@CMShehbaz)

എന്താണ് മിസ്റ്റര്‍ ബീന്‍ വിവാദം

മിസ്റ്റര്‍ ബീനെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നടന്‍ റൊവാന്‍ അറ്റ്കിന്‍സന്‍റെ അപരനായ പാക് നടന്‍ ആസിഫ് മുഹമ്മദ് 2016ല്‍ സിംബാബ്‌വെയില്‍ ഹാസ്യപരിപാടി അവതരിപ്പിക്കാനെത്തിയിരുന്നു. എന്നാല്‍ ആസിഫ് മുഹമ്മദിനെ യഥാര്‍ത്ഥ മിസ്റ്റര്‍ ബീനെന്ന് തെറ്റിദ്ധരിച്ച സിംബാബ്‌വെക്കാര്‍ക്ക് അദ്ദേഹത്തിന്‍റെ പരിപാടികള്‍ ഒന്നും അത്ര രസിച്ചില്ല. സിംബാബ്‌വെയില്‍ ആസിഫിന്‍റെ പല പരിപാടികളും ഫ്ലോപ്പാവുകയും ചെയ്തു.

പാകിസ്ഥാന്റെ പ്രതീക്ഷകള്‍ കരിയിച്ചത് ഒരു പാക് വംശജന്‍; സിക്കന്ദര്‍ റാസയുടെ അവിശ്വസനീയ യാത്രയിങ്ങനെ

ഈ സംഭവത്തെ പരാമര്‍ശിച്ച് പാക്കിസ്ഥാനെതിരായ മത്സരത്തലേന്ന് എന്‍ഗുഗി ചാസുര എന്ന ആരാധകന്‍ ചെയ്ത ട്വീറ്റാണ് മത്സരശേഷം വൈറലായത്. സിംബാബ്‌വെക്കാരായ ഞങ്ങള്‍ നിങ്ങളോട് ക്ഷമിക്കില്ല. ഒരിക്കല്‍ നിങ്ങള്‍ യഥാര്‍ത്ഥ മിസ്റ്റര്‍ ബീനിന് പകരം ഫ്രോഡ് ബീനിനെ ഞങ്ങളുടെ നാട്ടിലേക്ക് അയച്ചു. ഇക്കാര്യത്തിനുള്ള മറുപടി ഞങ്ങള്‍ നാളെ തരാം. രക്ഷിക്കാന്‍, മഴ ദൈവത്തോട് പ്രാര്‍ത്ഥിച്ചോളു എന്നായിരുന്നു ചാസുരയുടെ ട്വീറ്റ്.  ഈ ട്വീറ്റ് വൈറലാവുകയും പാക്-സിംബാബ്‌വെ മത്സരം മിസ്റ്റര്‍ ബീന്‍ ഡെര്‍ബി എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തോടെയാണ് സമൂഹമാധ്യമങ്ങളിലെ പോര് ഇരു രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്‍മാര്‍ തമ്മിലുള്ള വാക് പോരിലേക്ക് വളര്‍ന്നത്.

As Zimbabweans we wont forgive you...you once gave us that Fraud Pak Bean instead of Mr Bean Rowan ..we will settle the matter tommorow just pray the rains will save you...

— Ngugi Chasura (@mhanduwe0718061)

ഇന്നലെ നടന്ന പാക്കിസ്ഥാനെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഒരു റണ്ണിനായിരുന്നു സിംബാബ്‌വെയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സടിച്ചപ്പോള്‍ പാക്കിസ്ഥാന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അവസാന ഓവറില്‍ 11 റണ്‍സായിരുന്നു പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ബൗണ്ടറി നേടിയിട്ടും പാക്കിസ്ഥാന് വിജയലക്ഷ്യം എത്തിപ്പിടിക്കാനായില്ല.

click me!