
ഒരു സ്വപ്നം പോലെ തോന്നുന്നു, എന്നൊ കണ്ടുതുടങ്ങിയ ഒരു സ്വപ്നം...ആ വലിയ മനുഷ്യാരവത്തിന്റെ നടുക്ക് നിന്ന് അയാള്‍ പറഞ്ഞു.
വേദപുസ്തകങ്ങളിലും പുരാണങ്ങളിലും കേട്ട് പരിചരിച്ച വിഖ്യാത കഥകളില്ലെ, സാധ്യതകളയെല്ലാം മറികടന്ന ദാവീദിനെപ്പോലെ...അസാധ്യമെന്ന് തോന്നിച്ച ദൗത്യങ്ങളെല്ലാം പൂര്‍ത്തീകരിച്ച ഹെര്‍ക്കുലീസിനെപ്പോലെ...ഇതിനെല്ലാം മുകളില്‍ പറയാനുണ്ടൊന്ന്
തന്റെ മണ്ണില്‍, തനിക്കായി മാത്രമെത്തിയ ജനങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് മടങ്ങേണ്ടി വന്നവൻ. അവരെ നിരാശയുടെ തിരകള്‍ക്ക് വിട്ടുകൊടുക്കേണ്ടി വന്നവൻ. 30 ദിവസത്തെ ഇടവേളയ്ക്ക് ശേഷം അവൻ ആ രാജ്യത്തിനായി ഉയര്‍ത്തെഴുന്നേറ്റു. വിഴിഞ്ഞത്ത് നിന്ന് 140 കോടി വരുന്ന ജനതയുടെ പ്രതീക്ഷയായി വിശ്വവേദിയില്‍ അവൻ മാറിയ ഐതിഹാസിക ദിവസങ്ങള്‍. ഇന്ത്യൻ ക്രിക്കറ്റിലെ അവന്റെ ഉയിര്‍പ്പ്, സഞ്ജു വിശ്വനാഥ് സാംസണിന്റെ ഉയിര്‍പ്പ്. ക്രിക്കറ്റ് ദൈവം കയ്യൊപ്പ് ചാര്‍ത്തിയ ഉയിര്‍പ്പ്.
കരിബിയൻ മണ്ണില്‍ മോഹിച്ചതായിരുന്നു ഇങ്ങനെയൊരു ദിവസം, സംഭവിച്ചില്ല. അന്ന് മുതല്‍ മനസില്‍ കണ്ടതാണ്, ആഗ്രഹിച്ചതാണ്. സാക്ഷാത്കാരിത്തിന്റെ പടിവാതില്‍ക്കല്‍ വെച്ച് കാലിടറി, കാഴ്ചക്കാരനായി, വഴിമാറിക്കൊടുക്കേണ്ടി വന്നു, ഡഗൗട്ടിലിരുന്ന് കൈ അടിക്കേണ്ടി വന്നു. അപ്പോഴെല്ലാം ഒരു സമുദ്രം പോലെ ശാന്തമായിരുന്നു, ഒരുപാട് വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും കണ്ടു. ഒരു ദിവസം ആര്‍ത്തലച്ചു. ഇതിഹാസങ്ങള്‍ സാക്ഷി ആദ്യം ഈഡനില്‍, ശേഷം വാംഖഡയില്‍.
ഒടുവില്‍ അഹമ്മദാബാദില്‍ ഒരു പരമ്പരകൊണ്ട് തന്റെ കരിയര്‍ തുലാസിലാക്കിയ മാറ്റ് ഹെൻറിക്ക് മുന്നില്‍. ഹെൻറി ആദ്യ ഓവറില്‍ പന്തെടുത്തപ്പോഴൊന്നും അതിജീവിക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ലെന്ന് ഓര്‍ക്കണം. നാല് പന്തുകളില്‍ സംയമനം, പ്രതിരോധം. ശേഷം ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ഒരു ലെങ്ത് ബോള്‍. ക്രീസില്‍ പിന്നോട്ടിറങ്ങിയ സഞ്ജുവിനെ കണ്ട് പരിചയിച്ച മാറ്റ് ഹെൻറിക്ക് തെറ്റി. ഒരുചുവട് മുന്നോട്ടാഞ്ഞു സഞ്ജു, ലോങ് ഓണിന് മുകളിലൂടെ ആ പന്ത് ബൗണ്ടറിക്കപ്പുറം നിക്ഷേപിക്കപ്പെട്ടു. അതൊരു സ്റ്റേറ്റ്മെന്റായിരുന്നില്ല, നവംബർ 19ന് കണ്ണീരണിഞ്ഞ ആ മണ്ണിനും ഗ്യാലറിക്കും സഞ്ജു നല്‍കുന്ന ഉറപ്പായിരുന്നു. And from the ashes rises Sanju Samson.
നാലാം ഓവറിലെ നാലാം പന്തില്‍ ഒരു നിമിഷമുണ്ടായി. കാര്യവട്ടത്ത് കണ്ട അതേ കാഴ്ച. ലോക്കി ഫെർഗൂസണിനെ ഡീപ് മിഡ്‌വിക്കറ്റിലേക്ക് ഉയർത്തിയടിക്കാനുള്ള സഞ്ജുവിന്റെ ശ്രമം, ഔട്ട്സൈഡ് എഡ്ജില്‍ നിന്ന് പന്ത് ഡീപ് തേഡിലേക്ക്, അഹമ്മദാബാദ് ശ്വാസം അടക്കിപ്പിടിച്ചു, കാര്യവട്ടം ആവർത്തിച്ചില്ല. അന്ന് ബവണ്‍ ജേക്കബ്‌സിന്റെ കൈകളിലൊതുങ്ങിയ പന്ത് ഇന്ന് സിക്‌സ്. ഫെർഗൂസണിന്റെ പേസിന് മുന്നില്‍ സഞ്ജുവിന്റെ ആയുസ് അളന്നിരുന്നു ക്രിക്കറ്റ് പണ്ഡിതർ. നാലാം ഓവർ സഞ്ജു അവസാനിപ്പിച്ചത് വലം കയ്യൻ പേസറുടെ 147 കിലോ മീറ്റർ വേഗതയിലെത്തിയ പന്തിനെ മനോഹരമായ ഒരു ഫ്ലിക്കിലൂടെ ബൗണ്ടറി കടത്തിയാണ്.
മിച്ചല്‍ സാന്റനറും സംഘവും ഒരുക്കിയ പദ്ധതികളെയെല്ലാം അഹമ്മദാബാദില്‍ സഞ്ജു പൊളിച്ചെഴുതുകയായിരുന്നു പിന്നീട്. പേസ് ഓഫ് ഡെലിവെറികള്‍, പേസ് ഓണ്‍ ഡെലിവെറികള്‍, ഓഫ് കട്ടറുകള്‍...അങ്ങനെ ഓരോന്ന് ഓരോന്നായി. അഞ്ചാം ഓവറിലെ അവസാന പന്തില്‍ മാറ്റ് ഹെൻറിക്കെതിരെ സ്ക്വയര്‍ ലെഗിലേക്ക് ബ്രൂട്ടലായൊരു പുള്‍ ഷോട്ട്, രണ്ടാമതൊന്ന് തല ഉയര്‍ത്താൻ പോലും സഞ്ജു തയാറായില്ല. ക്ലീൻ ഹിറ്റ്. ഹെൻറിയെ ഇക്വേഷനില്‍ നിന്ന് തുടച്ചുമാറ്റുകയായിരുന്നു സഞ്ജു അവിടെ.
ഈഡനിലും വാംഖഡയിലും കണ്ട സഞ്ജുവായിരുന്നില്ല കലാശപ്പോരില്‍. അയാളുടെ ബാറ്റില്‍ കൂടുതല്‍ പക്വത അനുഭവപ്പെട്ടു, താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ അഭിഷേകിന് നിരന്തരം നിര്‍ദേശങ്ങള്‍ നല്‍കി, കാരണം ഇന്ത്യക്ക് മികച്ച തുടക്കം എത്രത്തോളം അനിവാര്യമായിരുന്നെന്ന് സഞ്ജുവിന് നിശ്ചയമുണ്ടായിരുന്നു. തനിക്കെതിരായ ബാറ്റിലുകളില്‍ മുൻതൂക്കമുള്ള സാന്റനറിനെ കരുതലോടെ നേരിട്ടു, എങ്കിലും ഏഴാം ഓവറില്‍ നേടിയ കട്ട് ഷോട്ട്, പ്യൂവര്‍ ക്ലാസ്.
സഞ്ജു എത്രത്തോളം മികച്ച ഫോമിലാണെന്ന് പൂര്‍ണമായും തെളിഞ്ഞത് പത്താം ഓവറില്‍ ജിമ്മി നീഷത്തിനെതിരെ നേടിയ ബൗണ്ടറിയായിരുന്നു. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ യോര്‍ക്കര്‍. സഞ്ജു പൊടുന്നനെ തന്റെ ബാറ്റ് ഫേസ് ഓപ്പണാക്കി, അത് കൃത്യമായി പോയിന്റിലേക്ക് തിരിയുന്നു. ഷോര്‍ട്ട് തേഡിലൂടെ ആ പന്ത് ബൗണ്ടറി റോപ്പ് ലക്ഷ്യമാക്കി സഞ്ചരിക്കുന്നതാണ് കണ്ടത്, ഷോട്ട് ഓഫ് എ മാൻ ഇൻ സബ്ലൈം ഫോം. ദാറ്റ്സ് സ്കില്‍ ആൻഡ് ഹൈ ക്ലാസ്, രവി ശാസ്ത്രി പറഞ്ഞു.
33-ാം പന്തിലാണ് അര്‍ദ്ധ സെഞ്ചുറി തികയ്ക്കുന്നത്, തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധ ശതകം. ടി20 ലോകകപ്പില്‍ സെമിയിലും ഫൈനലിലും അര്‍ദ്ധ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം താരം. ഇനിയാണ് ആ ഗിയര്‍ ഷിഫ്റ്റ് സംഭവിക്കുന്നത്. 12-ാം ഓവറിലെ ആദ്യ രണ്ട് പന്തുകള്‍. ലോക്കി ഫെര്‍ഗൂസണാണ് പന്തെറിയുന്നത്. ആദ്യ പന്തിന്റെ വേഗത 126 കിലോമീറ്റര്‍, പിന്നാലെ വന്നത് 146ഉം. രണ്ട് ദ്രുവങ്ങളിലായിരുന്നു പന്തുകളുടെ ലൈനും ലെങ്തും പേസുമെല്ലാം. പക്ഷേ ഫലം ഒന്നായിരുന്നു, പേസ് ഓഫ് ഡെലിവെറി ഡീപ് സ്ക്വയര്‍ ലെഗിലേക്ക്, പിന്നാലെ ലോക്കി ഫെര്‍ഗൂസണെ തൂക്കിയെറിഞ്ഞത് സൈറ്റ് സ്ക്രീനിനപ്പുറം, 90 മീറ്റര്‍. തുടരെ രണ്ട് സിക്സര്‍.
അഭിഷേക് ശര്‍മയെ മടക്കിയ ആത്മവിശ്വാസത്തിലെത്തിയ രചിൻ രവീന്ദ്രയെയായിരുന്നു സഞ്ജുവിന്റെ റണ്ണൊഴുക്ക് തടയാൻ സാന്റനര്‍ നിയോഗിച്ചത്. ലോങ് ഓണ്‍, ഡീപ് മിഡ് വിക്കറ്റ്, എക്‌സ്ട്രാ കവര്‍. തുടരെ മൂന്ന് തവണ രചിൻ തലകുനിച്ച് തിരികെ നടന്നു. 89, 90 മീറ്ററുകളായിരുന്നു ആദ്യ രണ്ട് സിക്‌സ്. അര്‍ദ്ധ ശതകത്തിന് ശേഷം നേരിട്ട 13 പന്തില്‍ 39 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 300. ഒടുവില്‍ നീഷത്തിന്റെ പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച് മടങ്ങുമ്പോള്‍ സെഞ്ചുറിയിലേക്കുള്ള ദൂരം 11 റണ്‍സ്, 29 പന്തുകള്‍ ഇനിയും ബാക്കി.
ഒരിക്കല്‍ക്കൂടി അയാള്‍ തന്റെ വ്യക്തിഗതനേട്ടങ്ങള്‍ക്ക് മുകളില്‍ ടീമിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുൻഗണന നല്‍കി. ഹര്‍ഷ ബോഗ്‌ലെ പറഞ്ഞു, ലോകകിരീടം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് കരുത്തേകി വീണ്ടും അയാള്‍ മടങ്ങുന്നുവെന്ന്. രോഹിത് ശര്‍മയും എം എസ് ധോണിയും കപില്‍ ദേവും സാക്ഷി, ഒരുലക്ഷം പേരുടെ ആരവങ്ങള്‍ക്കിടയിലൂടെ സഞ്ജു ഡഗൗട്ടിലേക്ക് 46 പന്തില്‍ 89 റണ്‍സ്, അഞ്ച് ഫോറും എട്ട് സിക്സും.
അഞ്ച് അവസരങ്ങള്‍ മാത്രം. മൂന്ന് അര്‍ദ്ധ സെഞ്ചുറി ഉള്‍പ്പെടെ 199 സ്ട്രൈക്ക് റേറ്റില്‍ 321 റണ്‍സ്. ഇന്ത്യയുടെ ടോപ് സ്കോറര്‍. ഒരു ടി20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യൻ താരം, മറികടന്നത് സാക്ഷാല്‍ വിരാട് കോഹ്‌ലിയെ. ഒരു ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സ് നേടുന്ന താരം, ഈ എഡിഷനില്‍ 24 സിക്സറുകളാണ് സഞ്ജു സ്കോര്‍ ചെയ്തത്.
ജസ്പ്രിത് ബുമ്രയുടേയും അക്സര്‍ പട്ടേലിന്റേയും ഇഷാൻ കിഷന്റേയുമെല്ലാം ബ്രില്യൻസുകള്‍ക്കൊടുവില്‍ ജേക്കബ് ഡഫി തിലക് വര്‍മയുടെ കൈകളില്‍ വിശ്രമിച്ചു. ഇന്ത്യക്ക് കിരീടം. ആരവങ്ങള്‍ക്ക് നടുവില്‍ നടന്നെത്തിയ സഞ്ജുവിനെ സൂര്യകുമാര്‍ യാദവ് ആശ്ലേഷിച്ചു, ഒരു നന്ദി പറയുന്നതുപോലെ. അത് 140 കോടി ജനങ്ങളുടെ ആശ്ലേഷമായിരുന്നില്ലെ, പതിവുപോലെ അമിതആഹ്ലാദങ്ങളില്ലാതെ അയാള്‍ അത് സ്വീകരിച്ചു. കോലിക്കും ബുമ്രയ്ക്കും ശേഷം ലോകകപ്പിലെ താരമായി.
ഒരിക്കല്‍ സഞ്ജു പറഞ്ഞത് ഓര്‍ക്കുന്നു, എന്നെ ടീമിൽ ഉൾപ്പെടാത്തതിന് ക്യാപ്റ്റനെയോ കോച്ചിനെയോ കുറ്റം പറയുന്നതിൽ കാര്യമില്ല. ഞാൻ ടീമിൽ ആവശ്യകതയാണെന്ന്, ഞാനില്ലാതെ കളിക്കാൻ പറ്റില്ലെന്ന് അവർക്ക് തോന്നണം.
ആ കാലമെത്തിയിരിക്കുന്നു സഞ്ജു. സച്ചിനും ധോണിക്കും കോഹ്ലിക്കും രോഹിതിനും ശേഷം ഇന്ത്യയിലെ ഗ്യാലറികള്‍ നിങ്ങള്‍ക്കായി ഇനി തുടിക്കും, തെരുവുകളില്‍ നിങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെടും, വാഴ്ത്തുപാട്ടുകള്‍ പിറക്കും, തലമുറകള്‍ കൊണ്ടാടും. അഞ്ച് മത്സരങ്ങള്‍ക്കൊണ്ട് ഒരു ലോകകപ്പ് തന്റെ പേരിലാക്കിയവൻ, മലയാളി, വിഴിഞ്ഞത്തുകാരൻ, സഞ്ജു വിശ്വനാഥ് സാംസണ്‍.
അവന്റെ വിയര്‍പ്പില്‍ തിളങ്ങുന്ന കിരീടം.
Powered by:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!