ടി20 ലോകകപ്പ്: കൊളംബോയില്‍ കാത്തിരിക്കുന്നത് ബാറ്റില് ഓഫ് സ്പിൻ, മുൻതൂക്കം ആർക്ക്?

Published : Feb 14, 2026, 03:42 PM IST
India vs Pakistan

Synopsis

പാക് സ്പിന്നര്‍മാര്‍ 13 പന്തെറിയുമ്പോഴാണ് ഒരു വിക്കറ്റ് ലഭിക്കുന്നതെങ്കില്‍ ഇന്ത്യൻ ബൗളര്‍മാര്‍ക്ക് പത്ത് പന്ത് കാത്തിരിക്കേണ്ടതില്ല. അതുകൊണ്ട് സ്പിൻ ബാറ്റിലാകും ടി20 ലോകകപ്പിലെ ഏറ്റവും ആവേശം വിതറുന്ന മത്സരം

ടി20 ലോകകപ്പില്‍ പാക്കിസ്ഥാന് എഡ്ജ് നല്‍കുന്നത് എന്താണ്. സല്‍മാൻ അലി അഗ മുന്നോട്ട് വെക്കുന്ന അ‍ഞ്ച് അസ്ത്രങ്ങള്‍. സ്ലിംഗര്‍ സ്പിന്ന‍ര്‍ ഉസ്മാൻ താരിഖ്, മിസ്റ്റ‍റി സ്പിന്നര്‍ അബ്രാ‍ര്‍ അഹമ്മദ്, ഓഫ് സ്പിന്നര്‍ സയിം അയൂബ്, ഓള്‍ റൗണ്ട് സ്പിന്നര്‍മാരായ ഷദാബ് ഖാനും മുഹമ്മദ് നവാസും. ട്വന്റി 20 ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തിന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയം ഒരുങ്ങുമ്പോള്‍ ഇന്ത്യ കരുതിയിരിക്കണം. വെറുതെയൊരു മേമ്പൊടിക്ക് പറയുന്നതല്ല ഇത്.

2026 ജനുവരി 31 ലേക്കൊന്ന് തിരിഞ്ഞുനോക്കാം. ലഹോര്‍ ആതിഥേയത്വം വഹിച്ച ഓസ്ട്രേലിയ-പാക്കിസ്ഥാൻ ടി20 മത്സരം. അന്ന് ഒരു അപൂര്‍വതയുണ്ടായി. 199 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 108ല്‍ ഓള്‍ ഔട്ടായി. 15.4 ഓവര്‍ മാത്രം ആയുസുണ്ടായിരുന്ന ഓസ്ട്രേലിയയുടെ സ്കോര്‍ബോര്‍ഡിലേക്ക് ഒന്ന് നോക്കൂ. പത്ത് വിക്കറ്റുകളുടെ നേര്‍ക്കുണ്ടായിരുന്ന പേരുകള്‍ സ്പിന്നര്‍മാരുടേതായിരുന്നു. ടി20 ചരിത്രമെടുത്താല്‍ ഇങ്ങനൊന്ന് സംഭവിച്ചത് രണ്ടാം തവണ മാത്രമാണെന്ന് ഓര്‍ക്കം. 15.4 ഓവറില്‍ 14.4 ഓവറും എറിഞ്ഞതും അന്ന് സ്പിന്നര്‍മാരായിരുന്നു.

ഇന്ത്യയിലേക്കാള്‍ വേഗത കുറഞ്ഞ വിക്കറ്റുകളാണ് ലങ്കയിലേത്. ലോകകപ്പില്‍ തങ്ങള്‍ എവിടെയാണ് കളിക്കാൻ പോകുന്നതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്ന പാക്കിസ്ഥാൻ അതനുസരിച്ച് ടീമിനേയും ഒരുക്കി. 2025 ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ അനുഭവിച്ച അതേ ലക്ഷ്വറി. അന്ന് ലാഹോറില്‍ സംഭവിച്ചതിന് ഏറെക്കുറെ സമാനമായിരുന്നു ട്വന്റി 20 ലോകകപ്പിലെ പാക്കിസ്ഥാൻ-യുഎസ്എ മത്സരം. 191 റണ്‍സ് ലക്ഷ്യത്തിലേക്കുള്ള യുഎസ്എയുടെ യാത്ര 158-8 എന്ന നിലയിലാണ് അവസാനിക്കുന്നത്.

പാക് ബൗളിങ് നിര പരിശോധിക്കാം. 16 ഓവറുകളും എറിഞ്ഞത് സ്പിന്നര്‍മാര്‍, തന്റെ ക്വാട്ട പൂര്‍ത്തിയാക്കിയ ഷഹീൻ അഫ്രിദി വഴങ്ങിയത് 42 റണ്‍സ്. സ്പിൻ നിര 115 റണ്‍സ് വഴങ്ങി നേടിയത് ഏഴ് വിക്കറ്റുകള്‍. നെതര്‍ലൻഡ്‌സിനെതിരായ പാക്കിസ്ഥാന്റെ ലോകകപ്പ് ഓപ്പണറില്‍ ഉസ്മാൻ താരിഖ് ഉണ്ടായിരുന്നില്ല. നവാസ്, അബ്രാര്‍, സയിം, ഷദാബ് നാല്‍വര്‍ സംഘം 13 ഓവറുകളിലാണ് പന്തെടുത്തത്. 94 റണ്‍സും ആറ് വിക്കറ്റും.

ലോകകപ്പിലെ രണ്ട് മത്സരങ്ങളിലായി പാക്കിസ്ഥാൻ സ്പിൻ നിര - 29 ഓവര്‍, 209 റണ്‍സിന് 13 വിക്കറ്റ്. അതയാത് ഓരോ 13 പന്തിലും പാക് സ്പിന്നര്‍മാര്‍ ഒരു വിക്കറ്റെടുക്കുന്നുണ്ട് എന്ന് ചുരുക്കം. സമീപകാലത്ത് പാക്കിസ്ഥാന്റെ അത്രയും എഫ്ക്റ്റീവായൊരു സ്പിൻ നിര ലോകകപ്പില്‍ മത്സരിക്കുന്ന ഒരു ടീമിനുമില്ല. ഇന്ത്യക്ക് പോലും. ഒരു സ്പിൻ നിരയ്ക്ക് അനിവാര്യമായ എല്ലാ വെറൈറ്റികളും അഗയുടെ സംഘത്തിനുണ്ട് എന്ന് വ്യക്തമാണ്.

ഞങ്ങള്‍ തയാറാണ്, പന്തിനെ നിരീക്ഷിച്ചിച്ച് സ്വഭാവിക ശൈലിയില്‍ തന്നെ ബാറ്റ് ചെയ്യും. പാക്ക് സ്പിൻ നിരയെ നേരിടാൻ തയാറാണോയെന്ന ചോദ്യത്തിന് ഇന്ത്യൻ ബാറ്റര്‍ ഇഷാൻ കിഷൻ നല്‍കിയ ഉത്തരമായിരുന്നു ഇത്.

എന്തിനും തയാറായിരുന്ന ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് താരതമ്യേനെ ശക്തരല്ലാത്ത യുഎസ്എയ്ക്കും നമീബിയക്കുമെതിരെ എന്താണ് സംഭവിച്ചത്. യുഎസ്എ സ്പിൻ നിരയെ നേരിട്ടത് എട്ട് ഓവര്‍, നേടിയത് 42 റണ്‍സ്, നഷ്ടമായത് മൂന്ന് വിക്കറ്റ്. നമീബിയക്കെതിരെയും എട്ട് ഓവ‍ര്‍, 61 റണ്‍സ് സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തപ്പോള്‍ ഡഗൗട്ടിലേക്ക് മടങ്ങിയത് അഞ്ച് ബാറ്റര്‍മാര്‍. ലോകകപ്പില്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യൻ ബാറ്റര്‍മാര്‍ പരീക്ഷിക്കപ്പെടുന്നുവെന്ന് വ്യക്തമായിരിക്കുന്നു.

പാക്കിസ്ഥാൻ ഒരുപക്ഷേ ഇന്ത്യയ്ക്കായി കാത്തുവെച്ചിരിക്കുന്നതും സ്പിൻ തന്ത്രം തന്നെയായിരിക്കും. 16 ഓവറുകള്‍. ഇന്ത്യൻ ബാറ്റര്‍മാര്‍ അഞ്ചംഗ സ്പിൻ നിരയെ എങ്ങനെ നേരിടും എന്നതിന് ആശ്രയിച്ചായിരിക്കും മത്സരഫലം പോലും. അത് മാത്രമല്ല, ഇരുടീമുകളുടേയും സ്പിൻ യൂണിറ്റുകള്‍ തമ്മിലുള്ള ബാറ്റിലിനും പ്രേമദാസ സ്റ്റേഡിയും സാക്ഷിയാകും. ഇന്ത്യൻ നിരയിലേക്ക് നോക്കിയാല്‍ പാക്കിസ്ഥാന് ഒപ്പമൊ മുകളിലോ നില്‍ക്കുന്ന പേരുകളെ കാണാം.

വരുണ്‍ ചക്രവര്‍ത്തി, അക്സ‍ര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് വാഷിങ്ടണ്‍ സുന്ദര്‍. ലോകകപ്പില്‍ ഇതുവരെ അക്സര്‍-വരുണ്‍ ദ്വയത്തെ മാത്രമാണ് സൂര്യകുമാര്‍ കളത്തിലിറക്കിയിട്ടുള്ളത്. യുഎസ്എയ്ക്കും അമേരിക്കയ്ക്കും എതിരെ ഇരുവരും എറിഞ്ഞത് 13 ഓവര്‍ മാത്രമാണ്. 75 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റുകള്‍. എക്കണോമി അഞ്ചിലും താഴെ. പാക് സ്പിന്നര്‍മാര്‍ 13 പന്തെറിയുമ്പോഴാണ് ഒരു വിക്കറ്റ് ലഭിക്കുന്നതെങ്കില്‍ ഇന്ത്യൻ ബൗളര്‍മാര്‍ക്ക് പത്ത് പന്ത് കാത്തിരിക്കേണ്ടതില്ല. അതുകൊണ്ട് സ്പിൻ ബാറ്റിലാകും ലോകകപ്പിലെ ഏറ്റവും ആവേശം വിതറുന്ന മത്സരം.

Powered by:

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കല്ലെറിയുന്നവർ അറിയാത്ത ഉസ്മാൻ താരിഖ്; പാക് ടീമിലെത്തിയത് ജീവിത പ്രതിസന്ധികളെ മറികടന്ന്
കൂടുതല്‍ ഡക്ക്, ഇന്ത്യ-പാക് പോരിലെ നാണക്കേടിന്റെ റെക്കോർഡ്; ആ താരം ഇന്നും ടീമിന്റെ ഭാഗം