ഓസ്ട്രേലിയൻ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിന്റെ അടുത്ത സീസണിലെ ഉദ്ഘാടന മത്സരം ഇന്ത്യയിൽ നടക്കും. ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയക്ക് പുറത്ത് നടക്കുന്ന ഈ ഔദ്യോഗിക മത്സരത്തിന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം വേദിയാകും.
ചെന്നൈ: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിന്റെ അടുത്ത സീസണ്‍ ഉദ്ഘാടന മത്സരം ഇന്ത്യയില്‍ നടക്കും. ചരിത്രത്തിലാദ്യമായാണ് ഓസ്ട്രേലിയന്‍ ആഭ്യന്തര ലീഗിലെ ഒരു ഔദ്യോഗിക മത്സരം ഓസ്ട്രേലിയയ്ക്ക് പുറത്ത് നടക്കുന്നത്. ഡിസംബറില്‍ ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വെച്ചാണ് ഉദ്ഘാടന മത്സരം നടക്കുകയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് അറിയിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കായികബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ഓസ്ട്രേലിയ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് ആല്‍ബനീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദര്‍ശനവേളയില്‍ സംസാരിച്ച പ്രധാനമന്ത്രി മോദി, ക്രിക്കറ്റ് വെറുമൊരു കായികവിനോദമല്ല, മറിച്ച് ഇരുരാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു വികാരമാണെന്ന് ഓര്‍മ്മിപ്പിച്ചു. മെല്‍ബണ്‍ റെനെഗേഡ്സും പെര്‍ത്ത് സ്‌കോര്‍ച്ചേഴ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ബിഗ് ബാഷ് ലീഗ് ഇന്ത്യയില്‍ അരങ്ങേറുന്നത്. പുതിയ വിപണികളിലേക്ക് ലീഗിനെ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരീക്ഷണം നടത്തുന്നതെന്ന് ബിഗ് ബാഷ് ലീഗ് എക്സിക്യൂട്ടീവ് ജനറല്‍ മാനേജര്‍ അലിസ്റ്റര്‍ ഡോബ്സണ്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ആരാധകര്‍ക്ക് ബിഗ് ബാഷ് ലീഗിന്റെ ആവേശം നേരിട്ട് അനുഭവിക്കാനും, ടൂര്‍ണ്ണമെന്റിന്റെ വളര്‍ച്ചയ്ക്കും ഈ മത്സരം വലിയ സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിസിഐയുടെ പിന്തുണയോടെ നടക്കുന്ന ഈ മത്സരം, ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാര-വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും സഹായിക്കും. മത്സരത്തോടനുബന്ധിച്ച് ചെന്നൈയില്‍ കലാ-സാംസ്‌കാരിക പരിപാടികളും ചലച്ചിത്രമേളകളും സംഘടിപ്പിക്കാന്‍ ഓസ്ട്രേലിയന്‍ ഗവണ്‍മെന്റും സെന്റര്‍ ഫോര്‍ ഓസ്ട്രേലിയ-ഇന്ത്യ റിലേഷന്‍സും തീരുമാനിച്ചിട്ടുണ്ട്.
ഭാവി ലക്ഷ്യങ്ങള്‍
നിലവില്‍ 2030 വരെ ജിയോസ്റ്റാര്‍ വഴിയാണ് ഇന്ത്യയില്‍ ബിഗ് ബാഷ് ലീഗ് സംപ്രേഷണം ചെയ്യുന്നത്. ബിഗ് ബാഷ് ക്ലബ്ബുകളുടെ സ്വകാര്യവല്‍ക്കരണവും വിദേശ നിക്ഷേപവും സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, ചെന്നൈയിലെ മത്സരവുമായി ഇതിന് നേരിട്ട് ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, ഇന്ത്യന്‍ വംശജരായ കായികതാരങ്ങളെ ഓസ്ട്രേലിയന്‍ കായികമേഖലയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്.

