ഈ ബാറ്റിങ് നിര പോരാ! ടി20 ലോകകപ്പ് സ്വപ്നം സൂപ്പർ എട്ടില്‍ അവസാനിക്കുമോ?

Published : Feb 23, 2026, 02:54 PM IST
Tilak Varma

Synopsis

ടി20 ലോകകപ്പിന് മുൻപ് സ്ഥിരതയോടെ 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തിരുന്ന ഇന്ത്യൻ ബാറ്റിങ് നിര നിലവില്‍ പരിചിതമായ വിക്കറ്റുകളില്‍പ്പോലും ബുദ്ധിമുട്ടുകയാണ്

എതിരാളികള്‍ക്ക് തങ്ങളുടെ ദൗര്‍ബല്യമെന്താണെന്ന് തുറന്നുകാണിക്കുക. സാധ്യതകളുണ്ടായിട്ടും തിരുത്താതെ ഒരു വെല്ലുവിളി പോലെ അത് തുടരുക. ഉത്തരമില്ലാതെ വീണ്ടും വീണ്ടും പരാജയപ്പെടുക. ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പും തന്ത്രങ്ങളും അപ്പാടെ പാളിയിരിക്കുന്നു. അഭിഷേക് ശര്‍മയില്‍ തുടങ്ങി റിങ്കു സിങ്ങില്‍ അവസാനിക്കുന്ന ഹൈലി എക്‌സ്പ്ലോസീവ് യൂണിറ്റിനെ നിശബ്ദമാക്കി നിര്‍ത്താൻ അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സാധിച്ചു. അതും ഇന്ത്യയിലെ മൈതാനങ്ങളില്‍. സെമി ഫൈനല്‍ തുലാസിലിരിക്കെ ബാറ്റിങ് നിരയുടെ ഈ പ്രകടനങ്ങള്‍ മതിയാകുമോ, തിരുത്താൻ ഇന്ത്യ തയാറാകുമോ.

ലോകകപ്പിലെ ഇന്ത്യയുടെ അവസാന മൂന്ന് മത്സരങ്ങളെടുക്കാം. എതിരാളികള്‍ പാക്കിസ്ഥാൻ, നെതര്‍ലൻഡ്‌സ്, ദക്ഷിണാഫ്രിക്ക. ഇവയിലെല്ലാം പൊതുവായ ഒരു രീതിയുണ്ടായിരുന്നു. ഓപ്പണിങ് സ്പെല്‍ എറിഞ്ഞത് ഓഫ് സ്പിന്നര്‍മാരായിരുന്നു. കാരണം, അഭിഷേക്, ഇഷാൻ കിഷൻ, തിലക് വര്‍മ എന്നിവരുള്‍പ്പെടുന്ന ടോപ് ത്രീ. മൂന്ന് മത്സരങ്ങളിലും ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ആദ്യ ഓവര്‍ താണ്ടിയിട്ടില്ല. അഭിഷേക് രണ്ട് തവണയും ഇഷാൻ ഒരു പ്രാവശ്യവും റണ്ണൊന്നുമെടുക്കാതെ പുറത്തായി.

പാര്‍ട്ട് ടൈം ബൗളര്‍മാര്‍ക്ക് പോലും ഉപയോഗിക്കാൻ കഴിയുന്ന ഒന്നായി ഇന്ത്യയുടെ ഓഫ് സ്പിൻ ദുര്‍ബലത മാറി എന്നതാണ് ആശങ്കപ്പെടുത്തുന്ന വസ്തുത. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ അഭിഷേകിന്റെ വിക്കറ്റെടുക്കുന്നത് അവരുടെ ടോപ് സ്പിന്നര്‍ അല്ല, മറിച്ച് സല്‍മാൻ അലി അഗയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സൂപ്പര്‍ എട്ട് പോരില്‍ ഇഷാനെ മടക്കിയത് എയ്‌ഡൻ മാര്‍ക്രമാണ്. സല്‍മാനും മാര്‍ക്രവും പാര്‍ട്ട് ടൈം സ്പിന്നര്‍മാരാണ്. നെതര്‍ലൻഡ്‌സിനായി ആദ്യ ഓവര്‍ എറിഞ്ഞത് ആര്യൻ ദത്തായിരുന്നു, ക്രിക്കറ്റ് ഭൂപടത്തിലെ വലിയൊരു പേരല്ല ആര്യ ദത്തിന്റേത്.

മൂന്ന് വിക്കറ്റുകളും വീഴുന്നതും വൈഡ് സ്ലോഗിന് ശ്രമിച്ചായിരുന്നുവെന്നും ഓര്‍ക്കേണ്ടതുണ്ട്. പാറ്റേണ്‍ തുടരുന്നു. നാല് മത്സരങ്ങള്‍ പിന്നിടുമ്പോഴും ഐസിസി ടൂര്‍ണമെന്റിനൊരുക്കിയ വിക്കറ്റുകള്‍ മനസിലാക്കി കളിക്കാൻ തയാറായിട്ടില്ല സൂര്യകുമാര്‍ യാദവും കൂട്ടരും.ലോകകപ്പിന് മുന്നോടിയായുള്ള ബിലാറ്ററല്‍ സീരീസുകളില്‍ നിന്ന് നേര്‍വിപരീതമാണ് ലോകകപ്പിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനങ്ങള്‍. ദക്ഷിണാഫ്രിക്ക - ന്യൂസിലൻഡ് പരമ്പരകളില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ കുറിച്ച അവസാന മുന്ന് സ്കോറുകള്‍ 231, 238, 271 എന്നിങ്ങനെയായിരുന്നു. ചേസിങ്ങില്‍ 209 റണ്‍സ് കേവലം 15 ഓവറില്‍ ജയിക്കുന്നതും കണ്ടു.

പക്ഷേ ലോകകപ്പില്‍ സംഭവിച്ചതോ. ഇന്ത്യൻ സ്കോര്‍ 200 കടന്നത് നമീബിയക്കെതിരെ മാത്രം. ഒരു കളക്റ്റീൻ ബാറ്റിങ് എഫര്‍ട്ട് ലോകകപ്പിലുടനീളം ഇന്ത്യയില്‍ നിന്ന് ഉണ്ടായിട്ടില്ല. അമേരിക്കയ്ക്ക് എതിരെ സൂര്യകുമാര്‍ യാദവ്. നമീബിയക്കെതിരെ ഇഷാനും ഹാര്‍ദിക്കും. പാക്കിസ്ഥാനെതിരെ ഇഷാൻ. നെതര്‍ലൻഡ്‌സിനെതിരെ ശിവം ദുബെ. മേല്‍പ്പറഞ്ഞ പേരുകള്‍ തിളങ്ങുമ്പോള്‍ മറ്റുള്ളവരെല്ലാം മെല്ലപ്പോക്കില്‍ ചെറിയ സ്കോറുകളില്‍ ഒതുങ്ങി. സൂര്യയും സഞ്ജുവും തിലകും ഒഴികെ എല്ലാ ബാറ്റര്‍മാരും ഒരു മത്സരത്തിലെങ്കിലും ഡക്കായി മടങ്ങിയിട്ടുമുണ്ട്.

ഇനി ഇന്ത്യൻ ബാറ്റര്‍മാരുടെ പ്രകടനങ്ങളിലേക്ക് വരാം. ദുബെയും ഇഷാനും ഒരുപരിധിവരെ സൂര്യയും ഒഴികെയുള്ള ഒരു ബാറ്ററും സ്ഥിരത പുലര്‍ത്തുന്നില്ല. ഇഷാനും ദുബെയ്ക്കും മാത്രമാണ് സ്ഥിരതയും മികച്ച സ്ട്രൈക്ക് റേറ്റുമുള്ളത്. ഫോര്‍മാറ്റില്‍ ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലായ കണക്കാക്കപ്പെട്ട അഭിഷേകിന്റെ പരാജയം തന്നെയാണ് പ്രധാന കാരണം. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഡക്ക് ഉള്‍പ്പെടെ 15 റണ്‍സ് മാത്രം. കരിയര്‍ സ്ട്രൈക്ക് റേറ്റ് 200ന് അടുത്തുള്ള അഭിഷേക് ലോകകപ്പില്‍ ബാറ്റ് വീശുന്നത് കേവലം 75 സ്ട്രൈക്ക് റേറ്റിലാണ്.

തിലക് വര്‍മയുടെ മെല്ലപ്പോക്കാണ് ഇന്ത്യയെ വലയ്ക്കുന്ന മറ്റൊന്ന്. അഞ്ച് കളികളില്‍ നിന്ന് 118 സ്ട്രൈക്ക് റേറ്റില്‍ 107 റണ്‍സ് മാത്രമാണ് തിലകിന്റെ ലോകകപ്പിലെ സമ്പാദ്യം. ഇംപാക്റ്റ് നല്‍കുന്ന ഒരു ഇന്നിങ്സ് പോലുമില്ല. അസോസിയേറ്റ് രാജ്യങ്ങളോടും പാക്കിസ്ഥാനോടും ദക്ഷിണാഫ്രിക്കയോടും ഒരേ സമീപനം. നമീബിയക്കെതിരെ നേടിയ അര്‍ദ്ധ സെഞ്ചുറി മാറ്റി നിര്‍ത്തിയാല്‍ ഹാര്‍ദിക്ക് നാല് മത്സരങ്ങളില്‍ നിന്ന് നേടിയത് 53 റണ്‍സ്. ഇനി ഡെസിഗ്നേറ്റ‍ഡ് ഫിനിഷറായ റിങ്കു സിങ്. ലോകകപ്പില്‍ ആകെ നേരിട്ടത് 29 പന്ത്. സ്കോര്‍ ചെയ്തത് 24 റണ്‍സ്. സ്ട്രൈക്ക് റേറ്റ് കേവലം 84 മാത്രമാണ്.

തന്റെ ബാറ്റിങ് യൂണിറ്റിനെ പൂര്‍ണമായി പിന്തുണയ്ക്കുന്ന സമീപനമാണ് സൂര്യ ഇതുവരെ സ്വീകരിച്ചത്. തങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന ബെഞ്ച് മാര്‍ക്ക് തുടരുമെന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു. പക്ഷേ, ആ തുടര്‍ച്ച ഇന്ത്യയുടെ വീഴ്ചയിലേക്കാണ് നയിക്കുന്നതെന്ന് മാത്രം. സെൻസിബിള്‍ ക്രിക്കറ്റ് എന്നത് വെറുമൊരു വിശേഷണം മാത്രമല്ലായെന്ന് ഗൗതം ഗംഭീറിന്റെ കുട്ടികള്‍ മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Powered by:

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സുന്ദറിന് അര്‍ധ സെഞ്ചുറി; ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആര്‍സിബിക്ക് 156 റണ്‍സ് വിജയലക്ഷ്യം
വയസ് 15 മാത്രം, ഐപിഎല്‍ ഓറഞ്ച് ക്യാപ്പ് ഉറപ്പിച്ച് വൈഭവ് സൂര്യവംശി; റെക്കോഡ്