ശിവം ദുബെയുടെ റോള്‍, അത് അത്ര എളുപ്പമല്ല; മിഡില്‍ ഓർഡറിന്റെ നട്ടെല്ല്

Published : Feb 19, 2026, 03:54 PM IST
Shivam Dube

Synopsis

ടി20 ലോകകപ്പില്‍ നെതര്‍ലൻഡ്‌സിനെതിരെ മുൻനിര തകർന്നപ്പോള്‍ ദുബെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. കേവലം 31 പന്തില്‍ 66 റണ്‍സായിരുന്നു ദുബെ സ്കോര്‍ ചെയ്തത്

ഒരു സ്പിൻ ബാഷര്‍, ക്രിക്കറ്റ് ലോകത്തെ ശിവം ദുബെയുടെ റെപ്യൂട്ടേഷൻ അതായിരുന്നു. പക്ഷേ, ഇതിനൊരു മറുവശം കൂടിയുണ്ട്. പേസര്‍മാരുടെ വേഗപന്തുകളേയും ഹാര്‍ഡ് ലെങ്തുകളും നേരിടുന്നത് ദുബെയുടെ ദൗര്‍ബല്യമായി ചൂണ്ടിക്കാണിക്കപ്പെട്ടു.

നെതര്‍ലൻഡ്‌സിനെതിരായ മത്സരത്തില്‍ ഒരു മൊമന്റുണ്ടായി. 17-ാം ഓവറിലെ അവസാന പന്ത്. ഡച്ച് പേസര്‍ ലോഗൻ വാൻ ബീക്കായിരുന്നു പന്തെറിഞ്ഞത്. ഔട്ട് സൈ‍ഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ഒരു ബാക്ക് ഓഫ് ദ ലെങ്ത് ഡെലിവെറി. ദുബെയുടെ സ്ട്രോങ് സോണിലേക്കായിരുന്നില്ല പന്തിന്റെ സഞ്ചാരം. പക്ഷേ, എക്സ്ട്രാ കവറിനും ലോങ് ഓഫിനും ഇടയിലൂടെ ഒരു ഡ്രൈവ്. ആ പന്ത് ബൗണ്ടറി വരെ കടക്കുന്നത് വരെ ദുബെ വീക്ഷിച്ചു. തന്റെ പോരായ്മകളെ മറികടക്കാൻ അയാള്‍ക്ക് കഴിയുന്നുവെന്നതിന്റെ സൂചനയായിരുന്നു ആ നിമിഷം.

ദുബെ ക്രീസിലേക്ക് എത്തുമ്പോള്‍ ഇന്ത്യ ഒൻപത് ഓവറില്‍ 69-3 എന്ന നിലയിലായിരുന്നു. സെറ്റ് ബാറ്ററായിരുന്ന തിലക് വര്‍മ മടങ്ങിയിരിക്കുന്നു. അഹമ്മദാബാദിലെ ടു പേസ്‌ഡായുള്ള വിക്കറ്റില്‍ ഇന്ത്യ തങ്ങളുടെ സ്വഭാവിക ശൈലിയില്‍ നിന്ന് അകലം പാലിക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ രണ്ട് തവണ ദുബെയ്ക്ക് ലൈഫ് ലഭിച്ചു. ആദ്യ പന്തില്‍ ഒരു ടോപ് എഡ്ജ്. ആര്യൻ ദത്തിന്റെ ഓവറില്‍ ഒരു ക്ലോസ് എല്‍ബിഡബ്ല്യു, അമ്പയഴ്‌സ് കോള്‍ രക്ഷിക്കുന്നു.

തന്റെ വിക്കറ്റ് വലിച്ചെറിയുന്ന ദുബെയെ പലകുറി ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും കണ്ടിട്ടുണ്ട്. പക്ഷേ, അങ്ങനൊന്ന് സംഭവിക്കില്ല എന്ന നിര്‍ബന്ധത്തോടെയായിരുന്നു ദുബെയുടെ ചെറുത്തുനില്‍പ്പ്. ഒരു ലോവര്‍ ഓര്‍ഡര്‍ ബാറ്ററെ സംബന്ധിച്ച് എല്ലാം അപ്രതീക്ഷിതമാണ്, ചിലപ്പോള്‍ സെറ്റിലാകാൻ സമയം ലഭിച്ചേക്കാം, ഒരുപക്ഷേ ക്രീസിലേക്ക് എത്തുന്നത് പോലും ആദ്യ പന്തില്‍ സിക്‌സ് നേടണമെന്ന ഘട്ടത്തിലായിരിക്കാം. റോളുകള്‍ വ്യത്യസ്തമായിരിക്കുമെന്ന് ചുരുക്കം.

എന്നാല്‍ ആ റോള്‍ തന്റെ അത്രയും പെര്‍ഫക്ഷനോടെ മറ്റാര്‍ക്കും ചെയ്യാനാകില്ല എന്ന് ദുബെ പറഞ്ഞുവെക്കുകയാണ്. ലൊ ഹൈപ്പ്, ഹൈ ഇംപാക്റ്റ്. നെതര്‍ലൻഡ്‌സിനെതിരെ നേരിട്ട ആദ്യ പത്ത് പന്തില്‍ കേവലം അഞ്ച് റണ്‍സ് മാത്രമാണ് ഇടം കയ്യൻ ബാറ്റര്‍ സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തത്. കോളിൻ അക്കര്‍മാൻ എന്ന ഓഫ് സ്പിന്നറിന്റെ ഓവറിലാണ് ആദ്യ ഷിഫ്റ്റ് സംഭവിക്കുന്നത്.

അക്കര്‍മാന്റെ ഓവറില്‍ ഫേസ് ചെയ്ത അഞ്ച് പന്തില്‍ 17 റണ്‍സ്. ആദ്യ പന്ത് നിക്ഷേപിക്കപ്പെട്ടത് ഡീപ് മി‍ഡ് വിക്കറ്റില്‍ 87 മീറ്ററിനപ്പുറം. ഒരു പന്തിന്റെ ഇടവേളയില്‍ എക്സ്ട്രാ കവറിലൂടെ ബൗണ്ടറി. തൊട്ടടുത്ത ഡെലിവെറി ലോങ് ഓണിന് മുകളിലൂടെ മറ്റൊരു സിക്സ്. പത്ത് പന്തില്‍ അഞ്ച് എന്ന നിലയില്‍ നിന്ന് അടുത്ത പത്ത് പന്തില്‍ 22 റണ്‍സ് ദുബെയുടെ ബാറ്റില്‍ നിന്ന് സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കപ്പെട്ടു. ഒരു ഫോറും മൂന്ന് സിക്സും.

അക്കര്‍മാനും വാൻഡെര്‍ മേര്‍വും ഗ്യാലറികളിലേക്ക് നിരന്തരം പാഞ്ഞതോടെ പേസര്‍മാരിലേക്ക് പന്ത് കൈമാറാൻ സ്കോട്ട് എഡ്‌വേഡ്‌സ് തയാറായി. ദുബെയെ തേടിയെത്തിയ വാൻ ബീക്കിന്റെ ആദ്യ പന്തൊരു സ്ലൊ ഷോര്‍ട്ട് ബോളായിരുന്നു. ഡിപ് സ്ക്വയര്‍ ലെഗിലേക്ക് സിക്‌സ്, അടുത്തത് ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ സ്ലോ ബോള്‍ ഇത്തവണ സിക്‌സ് ലോങ് ഓണിലേക്ക്. ശേഷമായിരുന്നു തുടക്കത്തില്‍ സൂചിപ്പിച്ച ഡ്രൈവ് സംഭവിക്കുന്നത്.

25-ാം പന്തില്‍ ദുബെ തന്റെ അര്‍ദ്ധ ശതകം തികച്ചു. അക്കര്‍മാന്റെ ഓവര്‍ സ്പിന്നിനെതിരായ ഒരു ബാറ്റിങ് എക്‌സിബിഷനായിരുന്നെങ്കില്‍ വാൻ ബീക്കിന്റെ പന്തുകളില്‍ പേസിനെതിരെയും. 2024 ട്വന്റി 20 ലോകകപ്പ് വരെ പേസര്‍മാര്‍ക്കെതിരായ ദുബെയുടെ സ്ട്രൈക്ക് റേറ്റ് 130കളിലായിരുന്നു. ലോകകപ്പിന് ശേഷം ഇതുവരെയുള്ള കാലയളവെടുത്താല്‍ പേസര്‍മാര്‍ക്കെതിരായ ദുബെയുടെ പ്രഹരശേഷി 170കളിലാണ്.

അവസാന ഓവറിലെ രണ്ടാം പന്തില്‍ ദുബെ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 186ല്‍ എത്തിയിരുന്നു. റണ്‍ റേറ്റ് കുതിച്ചുകയറിയത് 7.6ല്‍ നിന്ന് 9.6ലേക്ക്. 31 പന്തില്‍ 66 റണ്‍സ്, നാല് ഫോറും ആറ് സിക്‌സും. അവസാനം നേരിട്ട പത്ത് പന്തില്‍ മാത്രം 34 റണ്‍സ്. രണ്ട് വിക്കറ്റും നേടി കളിയിലെ താരം.

Powered by:

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബാബര്‍ അസമിനെ തള്ളാനും കൊളളാനുമാകാതെ പാകിസ്ഥാന്‍; സൂപ്പര്‍ എട്ടില്‍ ധീര തീരുമാനമെടുക്കാന്‍ ടീം മാനേജ്‌മെന്റ്
ടി20 ലോകകപ്പ്: മൂന്ന് പൂജ്യം, അഭിഷേക് ശർമ മാത്രമല്ല ആ നാണക്കേട് പേറുന്ന ഇന്ത്യൻ താരം