ടീമിന് പുറത്തിരുത്തിയ ന്യൂസിലൻഡ് മുന്നില്‍; മൂന്നാം വട്ടവും രക്ഷകനാകുമോ സഞ്ജു സാംസണ്‍?

Published : Mar 08, 2026, 01:20 PM IST
Sanju Samson

Synopsis

ന്യൂസിലൻഡ് പരമ്പരയില്‍ അനായാസം വീണുപോയ സഞ്ജുവല്ല അഹമ്മദാബാദിലെ കലാശപ്പോരിന് പാ‍ഡ് കെട്ടിയിറങ്ങുക

അയാള്‍ക്ക് ആ സ്വപ്നസംഘത്തെ ഒറ്റയ്ക്ക് എടുത്തുയ‍ര്‍ത്താനാകുമോ, നിങ്ങള്‍ക്ക് ഈഡൻ ഗാ‍ര്‍ഡൻസിലേക്ക് നോക്കാം. സമ്മര്‍ദത്തിനും ഒത്ത എതിരാളികള്‍ക്കും മുൻപില്‍ വീഴുമെന്ന് കരുതുന്നുണ്ടോ, വാംഖഡെയുടെ ഗ്യാലറികള്‍ നല്‍കും ഉത്തരം. ഒന്നും കഴിഞ്ഞിട്ടില്ലല്ലോ, തീ‍ര്‍ക്കാൻ ഒരു കണക്കുകൂടി ബാക്കിയില്ലെ അയാള്‍ക്ക്. ന്യൂസിലൻഡ്, മാറ്റ് ഹെൻറി, മിച്ചല്‍ സാന്റന‍ര്‍.

ജനുവരി 31 2026. കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തെ ഒന്നടങ്കം ലോക്കി ഫെ‍ര്‍ഗൂസണിന്റെ വേഗപ്പന്ത് നിശബ്ദമാക്കുകയാണ്. എല്ലാം തിരിച്ചു പിടിക്കാനുള്ള അവസാന അവസരത്തിലും വീണിരിക്കുന്നു. തന്റെ ഉത്തരവാദിത്തങ്ങളെല്ലാം ഇഷാൻ കിഷന്റെ കൈകളിലേക്ക് കൈമാറി മൈതാനത്തിന്റെ ഓരത്തേക്ക്, സഞ്ജു സാംസണ്‍. അയാളുടെ ലോകകപ്പ് സ്വപ്നങ്ങളുടെ ചിറകരിഞ്ഞുകൊണ്ടായിരുന്നില്ലെ കിവികള്‍ ആ പരമ്പര അവസാനിപ്പിച്ചത്.

പരമ്പരയിലെ സഞ്ജുവിന്റെ സ്കോ‍റുകള്‍, പത്ത്, ആറ്, പൂജ്യം, 24, ആറ് എന്നിങ്ങനെയായിരുന്നു. മാറ്റ് ഹെൻറിക്ക് മുന്നില്‍ മാത്രം മുട്ടുമടക്കിയത് രണ്ട് തവണ. സാന്റനറിന്റെ പന്തില്‍ ബൗള്‍ഡ്. കെയില്‍ ജാമിസണും ഫെ‍ര്‍ഗൂസണും ഓരോ പ്രാവശ്യം. അഞ്ച് മത്സരങ്ങളില്‍ നിന്ന് 46 റണ്‍സില്‍ സഞ്ജുവിന്റെ ലോകകപ്പ് ഒരുക്കുങ്ങള്‍ പൂ‍ര്‍ത്തിയായി, ശേഷം ഡഗൗട്ടിലേക്ക്.

പക്ഷേ, അന്ന് ന്യൂസിലൻഡ് അനായാസം വീഴ്ത്തിയ സഞ്ജുവല്ല അഹമ്മദാബാദിലെ കലാശപ്പോരിന് പാ‍ഡ് കെട്ടിയിറങ്ങുക. രണ്ട് തവണ കിരീടം ചൂടിയ വെസ്റ്റ് ഇൻഡീസിനേയും ഇംഗ്ലണ്ടിനേയും ഒറ്റയ്ക്ക് കീഴടക്കിയതിന്റെ എല്ലാ ആത്മവിശ്വാസവും അയാള്‍ക്ക് ഒപ്പമുണ്ട്. സമ്മര്‍ദത്തിന്റെ ഒരു കണികപോലും അഹമ്മദാബാദില്‍ അയാളുടെ ശരീരഭാഷയിലുണ്ടാകില്ല. കാരണം കരിയറിലെ ഏറ്റവും വലിയ വീഴ്ചയില്‍ നിന്നാണ് ആ തിരിച്ചുവരവ്.

അതുകൊണ്ട് കിരീട പ്രതീക്ഷകള്‍ക്ക് ജീവൻ വെക്കണമെങ്കില്‍ ആദ്യം വീഴ്ത്തേണ്ടത് അഭിഷേകിനെയോ ഇഷാനെയോ സൂര്യയെ ഒന്നുമല്ല, സഞ്ജുവിനെ തന്നെയാണെന്നതില്‍ സാന്റനറിന് നിശ്ചയമുണ്ടാകും. അതിന്റെ സാധ്യതകളും കിവികള്‍ കാണുന്നുണ്ടാകണം. അതില്‍ ഒന്നാമത്തേത് ഹെൻറി-സഞ്ജു ബാറ്റിലാണ്. കരിയറില്‍ സഞ്ജു ഹെൻറിയുടെ പത്ത് പന്തുകള്‍ മാത്രമാണ് നേരിട്ടിട്ടുള്ളത്. സ്കോ‍ര്‍ ചെയ്തത് 15 റണ്‍സ്. രണ്ട് തവണ പുറത്തായി.

മാറ്റ് ഹെൻറിക്ക് വിക്കറ്റ് നല്‍കിയ രണ്ട് പ്രാവശ്യവും ഇന്ത്യക്കായി സ്ട്രൈക്ക് എടുത്തത് സഞ്ജുവായിരുന്നു. ആദ്യ ഓവര്‍ അതിജീവിക്കാൻ സഞ്ജുവിനെ ന്യൂസിലൻഡ് പേസ‍ര്‍ അനുവദിച്ചിട്ടില്ല. റായ്പൂരില്‍ അഞ്ചാം പന്തിലും ഗുവാഹത്തിയില്‍ ആദ്യ പന്തിലും മാറ്റ് ഹെൻറി ആ ബാറ്റില്‍ ജയിച്ചു. പക്ഷേ, ഹെൻറിക്ക് എതിരെയും സഞ്ജുവൊരിക്കലും തന്റെ അറ്റാക്കിങ് ശൈലി മാറ്റി വെച്ചില്ല. നേടിയ 15 റണ്‍സില്‍ 14ഉം വന്നത് ബൗണ്ടറിയിലൂടെയാണ്, ഒരു സിക്സും രണ്ട് ഫോറും.

ഹെൻറി കഴിഞ്ഞാല്‍ ന്യൂസിലൻഡ് നിരയില്‍ സഞ്ജുവിനെതിരെ മികച്ച റെക്കോര്‍ഡുള്ളത് നായകൻ സാന്റനറിനാണ്. അന്താരാഷ്ട്ര ടി20യില്‍ സാന്ററിന്റെ മൂന്നേ മൂന്ന് പന്തുകളെ സഞ്ജു അതിജീവിച്ചിട്ടുള്ളു. ക്ലീൻ ബൗള്‍ഡ്, നേടിയത് ഒരു റണ്‍സ് മാത്രം. ഐപിഎല്ലിലെ സാന്റനറിനെതിരായ സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് കേവലം 14.3 ആണ്, ഏഴ് പന്തില്‍ പുറത്താക്കിയത് രണ്ട് തവണ. അതുകൊണ്ട് സഞ്ജുവിനെതിരെ ആദ്യ പന്തെടുക്കാൻ സാന്റന‍ര്‍ മടിക്കില്ല.

സമാനമാണ് ലോക്കി ഫെ‍ര്‍ഗൂസണിനെതിരായ സഞ്ജുവിന്റെ പ്രകടനങ്ങള്‍. അന്താരാഷ്ട്ര തലത്തില്‍ ടി20യില്‍ ഫെ‍ര്‍ഗൂസണ്‍ ഒരു തവണ മാത്രമാണ് സഞ്ജുവായി‍ നേ‍ര്‍ക്കുനേ‍ര്‍ വന്നിട്ടുള്ളത്. കാര്യവട്ടത്ത്. അന്ന് സംഭവിച്ചത് എന്തായിരുന്നെന്ന് ക്രിക്കറ്റ് ലോകം കണ്ടതാണ്. ഹൈ പേസിനെ നേരിടാൻ സഞ്ജുവിന് അല്‍പ്പം ബുദ്ധിമുട്ടുണ്ടെന്ന് ക്രിക്കറ്റ് പണ്ഡിതന്മാ‍ര്‍ ചൂണ്ടിക്കാണിക്കാറുണ്ട്, അതിന്റെ ഉദാഹരണമെന്നവണ്ണം ഫെ‍ര്‍ഗൂസണെ കാണാനാകും.

ഐപിഎല്ലില്‍ ഫെര്‍ഗൂസണിന്റെ 18 പന്തുകളില്‍ നിന്ന് സഞ്ജുവിന് 17 റണ്‍സാണ് സ്കോര്‍ ചെയ്യാനായിട്ടുള്ളത്. നേടിയത് രണ്ട് ബൗണ്ടറി, ഒരു തവണ പുറത്തായി. അതുകൊണ്ട് ഹെൻറി-സാന്റനര്‍-ഫെര്‍ഗൂസണ്‍ വേഴ്സസ് സഞ്ജു. അതായിരിക്കും കീ ബാറ്റിലുകളിലൊന്ന്. പക്ഷേ, ഇക്കുറി സഞ്ജുവിനെ കീഴടക്കുക മൂന്നംഗ സംഘത്തിന് അത്ര എളുപ്പമായിരിക്കില്ല, കാരണം ജോഫ്ര ആര്‍ച്ചറിനോട് ചോദിച്ചാല്‍ മതി.

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് മുൻ സഞ്ജുവിന് മുകളില്‍ മൃഗീയമായ ആധിപത്യമുണ്ടായിരുന്നു ആര്‍ച്ചറിന്. 23 പന്തില്‍ 25 റണ്‍സ് മാത്രം, മൂന്ന് തവണ സഞ്ജുവിനെ ആര്‍ച്ചര്‍ ഇതിനോടകം മടക്കിയിരുന്നു, അതും ഒരു പരമ്പരയില്‍. എന്നാല്‍, വാംഖഡയിലെ ഗ്യാലറികളിലേക്ക് ഇടവേളകളില്ലാതെയായിരുന്നു സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് ആര്‍ച്ചറിന്റെ പന്തുകള്‍ മൂളപ്പറന്നത്. ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കുമ്പോള്‍ അര്‍ച്ചറിനെതിരെ സഞ്ജുവിന്റെ ബാറ്റ് കണ്ടത്തിയത് 38 റണ്‍സ്, അതും കേവലം 14 പന്തുകളില്‍ നിന്ന്. നാല് സിക്സര്‍, മൂന്ന് ഫോര്‍.

കണക്കുകളൊന്നും ബാക്കിവെക്കാതെയാണ് ലോകകപ്പിലെ സഞ്ജുവിന്റെ യാത്ര. അത് ആവര്‍ത്തിച്ചാല്‍ പല ചരിത്രങ്ങളും തിരുത്തപ്പെടും.

Powered by:

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

23 വർഷത്തിനിടെ ആദ്യം, ഏകദിന ചരിത്രത്തില്‍ നാലാം തവണ, നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ഓസ്ട്രേലിയ; ബംഗ്ലാദേശിനു മുന്നില്‍ തകര്‍ന്നടിഞ്ഞു
സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി കെസിഎ; കായംകുളത്ത് മൾട്ടി സ്പോർട്സ് കോംപ്ലക്സ് പരിഗണനയില്‍