
ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup) ഓസ്ട്രേലിയ(Australia) കന്നിക്കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഡേവിഡ‍് വാര്‍ണര്‍(David Warner) എന്ന ഇടംകൈയന്‍ ഓപ്പണറായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ(SRH) ആദ്യ പാദത്തിലെ ഭൂരിഭാഗം മത്സരങ്ങളിലും നയിക്കുകയും തുടര്‍തോല്‍വികളെ തുടര്‍ന്ന് ആദ്യം ക്യാപ്റ്റന്‍ സ്ഥാനവും മോശം ഫോമിനെത്തുടര്‍ന്ന് പിന്നീട് ടീമിലെ സ്ഥാനവും നഷ്ടമായ വാര്‍ണര്‍ ഐപിഎല്ലിനൊടുവിലെ സങ്കകാഴ്ചയായിരുന്നു.
ഐപിഎല്ലില്‍ ഹൈദരാബാദിന്‍റെ പ്ലേയിംഗ് ഇലവനില്‍ പോലും സ്ഥാനമില്ലാതിരുന്ന വാര്‍ണര്‍ പലപ്പോഴും മത്സരങ്ങള്‍ ഗ്യാലറിയിലിരുന്ന് കാണുന്നത് പോലും ആരാധകര്‍ കണ്ടു. വാര്‍ണര്‍ക്ക് പകരം നായകനായി എത്തിയ കെയ്ന്‍ വില്യംസണും(Kane Williamson) ഹൈദരാബാദിനെ സീസണില്‍ കരകയറ്റാനായിരുന്നില്ല. ഏറ്റവും അവസാന സ്ഥാനത്താണ് ഹൈദരാബാദ് ഫിനിഷ് ചെയ്തത്.
ഇതോടെ അടുത്ത ഐപിഎല്ലില്‍ ഹൈദരാബാദില്‍ വാര്‍ണറുടെ ഭാവി ചോദ്യ ചിഹ്നമാകുകയും ചെയ്തു. ഐപിഎല്ലിനുശേഷം നടന്ന ടി20 ലോകകപ്പില്‍ ഓസീസിന്‍റെ ടോപ് സ്കോററായ വാര്‍ണര്‍ അടുത്ത ഐപിഎല്‍ താരലേലത്തിലെ വിലയേറിയ താരങ്ങളിലൊരാളായിരിക്കുമെന്നുറപ്പാണ്. എന്നാല്‍ ഹൈദരാബാദില്‍ തന്നെ വാര്‍ണര്‍ തുടരുമോ എന്ന കാര്യം സംശയമാണ്. ഈ സാഹചര്യത്തില്‍ അടുത്ത ഐപിഎല്ലില്‍ വാര്‍ണര്‍ ഏത് ടീമിലാകും കളിക്കുകയെന്ന് പ്രവചിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്.
എന്തായാലും വാര്‍ണര്‍ അടുത്ത സീസണില്‍ ഹൈദരാബാദിനായി കളിക്കുമെന്ന് കരുതുന്നില്ലെന്ന് ഹോഗ് പറഞ്ഞു. ഈ സാഹചര്യത്തില്‍ വാര്‍ണര്‍ അടുത്ത സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ചാലും താന്‍ അത്ഭുതപ്പെടില്ലെന്ന് ഹോഗ് പറഞ്ഞു. കാരണം ആര്‍സിബിക്ക് കോലിക്ക് പകരം എന്തായാലും ഒരു നായകനെ വേണം.
വാര്‍ണറാണ് അതിന് പറ്റിയ കളിക്കാരന്‍. അദ്ദേഹത്തിന്‍റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡും മികച്ചതാണ്. ഹൈദരാബാദ് ടീം മാനേജ്മെന്‍റും വാര്‍ണറും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിയതിനാല്‍ ഇനി അദ്ദേഹം അവിടെ തുടരാനിടയില്ലെന്നും ഹോഗ് വ്യക്തമാക്കി. ഐപിഎല്ലില്‍ 2016ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ചാമ്പ്യന്‍മാരാക്കിയിട്ടുണ്ട് വാര്‍ണര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!