
ദുബായ്: ട്വന്‍റി 20 ലോകകപ്പ്(T20 World Cup 2021) സെമിഫൈനല്‍ പോരാട്ടത്തിന് മുന്‍പ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ ഓപ്പണര്‍ ജേസൺ റോയിക്ക്(Jason Roy) ലോകകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. സൂപ്പര്‍ 12ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടയില്‍ റണ്ണിനായി ഓടുന്നതിനിടെയാണ് റോയിക്ക് പരിക്കേറ്റത്. 15 പന്തില്‍ 20 റണ്‍സെടുത്തു നില്‍ക്കുകയായിരുന്ന റോയ് പരിക്കിനെത്തുടര്‍ന്ന് ക്രീസ് വിട്ടിരുന്നു. പിന്നീട് ബാറ്റ് ചെയ്യാന്‍ എത്തിയതുമില്ല.
ഞായറാഴ്ച സ്കാനിംഗിന് വിധേയനാക്കിയ റോയിയുടെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. റോയിയും ബട്‌ലറും നല്‍കുന് മികച്ച തുടക്കങ്ങള്‍ സൂപ്പര്‍ 12ലെ ഇംഗ്ലണ്ടിന്‍റെ കുതിപ്പില്‍ നിര്‍ണായകമായിരുന്നു.
ലോകകപ്പില്‍ നിന്ന് പരിക്കേറ്റ് പുറത്തുപോവേണ്ടിവന്നതില്‍ കടുത്ത നിരാശയുണ്ടെന്ന് റോയ് പറഞ്ഞു. അംഗീകരിക്കാന്‍ വിഷമമുണ്ട്. പക്ഷെ വേറെയൊന്നും ചെയ്യാനില്ല. ഇംഗ്ലണ്ട് കിരീടം നേടുന്നത് കാണാനാണ് കാത്തിരിക്കുന്നതെന്നും റോയ് പറഞ്ഞു.
റോയിക്ക് പകരം ജെയിംസ് വിന്‍സിനെ(James Vince) ലോകകപ്പിനുള്ള 15 അംഗ ടീമിൽ ഉള്‍പ്പെടുത്താന്‍ ഐസിസി ഇംഗ്ലണ്ടിന് അനുമതി നൽകി . ലോകകപ്പിലെ അഞ്ച് കളിയിൽ, 138 സ്ട്രൈക്ക് റേറ്റില്‍ 123 റൺസാണ് റോയ് നേടിയത്. സെമിയിൽ ന്യുസിലന്‍ഡ് ആണ് ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍.
വിന്‍സിനെ ടീമിലെടുത്തെങ്കിലും സെമി ഫൈനലില്‍ ജേസണ്‍ റോയിക്ക് പകരം ജോണി ബെയര്‍സ്റ്റോയോ, ഡേവിഡ് മലനോ ജോസ് ബട്‌ലര്‍ക്കൊപ്പം ഓപ്പണറാവാനാണ് സാധ്യത. ഇവരിലൊരാള്‍ ഒപ്പണറാവുമ്പോള്‍ മധ്യനിരയില്‍ സാം ബില്ലിംഗ്സ് കളിക്കും.
ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തവാുന്ന രണ്ടാമത്തെ കളിക്കാരനാണ് റോയ്. നേരത്തെ ശ്രീലങ്കക്കെതിരായ സൂപ്പര്‍ 12 പോരാട്ടത്തിനിടെ പേസ് ബൗളര്‍ ടൈമല്‍ മില്‍സും പരിക്കേറ്റ് പിന്‍മാറിയിരുന്നു. ജോഫ്ര ആര്‍ച്ചറും, ബെന്‍ സ്റ്റോക്സും, സാം കറനും ഇല്ലാതിരുന്നിട്ടും മികച്ച ഫോമില്‍ കളിക്കുന്ന ഇംഗ്ലണ്ട് സൂപ്പര്‍ 12ല്‍ ഒരു മത്സരത്തില്‍ മാത്രമാണ് തോല്‍വി അറിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!