ടി20 ലോകകപ്പ്: അത്രയ്ക്ക് സന്തോഷിക്കണ്ട! പാക് താരങ്ങള്‍ക്ക് മുന്‍ ക്യാപ്റ്റന്മാരുടെ മുന്നറിയിപ്പ്

By Web TeamFirst Published Oct 26, 2021, 1:24 PM IST
Highlights

 ഇന്ന് ജയിച്ചാല്‍ പാകിസ്ഥാന്‍ ബാക്കിയുള്ള മത്സരങ്ങള്‍ ആത്മവിശ്വാസത്തോടെ കളിക്കാം. താരതമ്യേന കുഞ്ഞന്‍മാരായ അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് എന്നിവരെയാണ് പാകിസ്ഥാന് പിന്നീട് നേിരടാനുള്ളത്.
 

ഇസ്ലാമാബാദ്: ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ത്യയെ (Team India) തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്‍ (Pakistan) ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നത്. ന്യൂസിലന്‍ഡാണ് (New Zealand) പാകിസ്ഥാന്റെ എതിരാളി. ഇന്ന് ജയിച്ചാല്‍ പാകിസ്ഥാന്‍ ബാക്കിയുള്ള മത്സരങ്ങള്‍ ആത്മവിശ്വാസത്തോടെ കളിക്കാം. താരതമ്യേന കുഞ്ഞന്‍മാരായ അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് എന്നിവരെയാണ് പാകിസ്ഥാന് പിന്നീട് നേിരടാനുള്ളത്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള യാത്ര സുഗമമാവും.

എന്നാല്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്മാരായ യൂനിസ് ഖാനും മിസ്ബ ഉള്‍ ഹഖും. ഇന്ത്യക്കെതിരായ ജയം മതിമറന്ന് ആഘോഷിക്കരുതെന്നാണ് ഇരുവരുടേയും മുന്നറിയിപ്പ്. ഇന്ത്യക്കെതിരായ ജയത്തിന് ശേഷം ഹോട്ടലിലെത്തിയ പാകിസ്ഥാന്‍ ടീം പതിവിലും ആവേശത്തിലായിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ മത്സരം മാത്രമാണ് കഴിഞ്ഞതെന്ന് ഓര്‍ക്കണമെന്നാണ് മുന്‍ നായകന്‍ മിസ് ബാ ഉള്‍ ഹഖ് ഇതിനോട് പ്രതികരിച്ചത്. ഇനിയുള്ള മത്സരങ്ങളിലും ഇതേ ഫോം നിലനിര്‍ത്താനാണ് കളിക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും മിസ്ബാ.

ട്വന്റി 20 ലോകകപ്പിന് ഒരു മാസം മുന്പ് വരെ മിസ്ബാ ഉള്‍ ഹഖായിരുന്നു പാക് ടീമിന്റെ മുഖ്യ പരിശീലകന്‍. ജയിച്ചാല്‍ അല്‍പ്പം അമിതമായി അഹ്ലാദിക്കുന്ന പതിവ് പാകിസ്ഥാന്‍ ടീമിന് പണ്ടേ ഉണ്ടെന്ന് വഖാര്‍ യൂനിസ്. ഇന്ത്യയെ തോല്‍പ്പിച്ചതാണല്ലോ, അങ്ങനെ തന്നെ ന്യുസീലന്‍ഡിനെയും വീഴ്ത്താമല്ലോയെന്ന തോന്നല്‍ കളിക്കാര്‍ക്ക് ഉണ്ടാകരുതെന്നാണ് വഖാര്‍ യൂനിസ് പറയുന്നത്.

പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമും ഇതേ മുന്നറിയിപ്പ് കളിക്കാര്‍ക്ക് നല്‍കിയിരുന്നു. മത്സരശേഷം ഡ്രെസിംഗ് റൂമിലെത്തിയപ്പോഴായിരുന്നു അത്.

click me!