T20 World Cup‌|ആദ്യ മത്സരം പിറന്നാള്‍ ദിനത്തില്‍ കളിച്ചാല്‍ മതിയായിരുന്നു, ടോസ് നേടിയശേഷം കോലി

By Web TeamFirst Published Nov 5, 2021, 9:41 PM IST
Highlights

പിറന്നാള്‍ ദിനത്തില്‍ ടോസ് ജയിച്ചതിനെക്കുറിച്ച് കമന്‍റേറ്ററുടെ ചോദ്യത്തിന് രസകരമായിരുന്നു കോലിയുടെ മറുപടിയും. ആദ്യ മത്സരം എന്‍റെ പിറന്നാള്‍ ദിനത്തില്‍ കളിച്ചാല്‍ മതിയായിരുന്നു എന്നായിരുന്നു ചിരിയോടെയുള്ള കോലിയുടെ മറുപടി.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup) സ്കോ‌ട്‌ലന്‍ഡിനെതിരായ(Scotland) നിര്‍ണായക മത്സരത്തില്‍ ടോസിലെ ഭാഗ്യം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കൊപ്പം(Virat Kohli) നിന്നു. ടൂര്‍ണമെന്‍റില്‍ ഇതുവരെ മൂന്ന് മത്സരങ്ങളിലും നിര്‍ണായക ടോസ്(Toss) നഷ്ടമായ ഇന്ത്യക്ക് ഇത് അന്തിമ മത്സരഫലത്തില്‍ നിര്‍ണായകമാകുകയും ചെയ്തിരുന്നു. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി ആറ് ടോസുകള്‍ നഷ്ടമായശേഷമാണ് സ്കോട്‌ലന്‍ഡിനെതിരെ കോലി ഒരു ടോസ് ജയിച്ചത്. 2020നുശേഷം ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി ഇന്ത്യയെ 42 മത്സരങ്ങളില്‍ നയിച്ച കോലി ആകെ ജയിച്ചത് 11 ടോസുകള്‍ മാത്രമാണ്. ടി20യില്‍ ആറും ഏകദിനത്തില്‍ രണ്ടും ടെസ്റ്റില്‍ മൂന്നെണ്ണവും മാത്രം.

പിറന്നാള്‍ ദിനത്തില്‍ ടോസ് ജയിച്ചതിനെക്കുറിച്ച് കമന്‍റേറ്ററുടെ ചോദ്യത്തിന് രസകരമായിരുന്നു കോലിയുടെ മറുപടിയും. ആദ്യ മത്സരം എന്‍റെ പിറന്നാള്‍ ദിനത്തില്‍ കളിച്ചാല്‍ മതിയായിരുന്നു എന്നായിരുന്നു ചിരിയോടെയുള്ള കോലിയുടെ മറുപടി. ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാനോടാണ് ഇന്ത്യ തോറ്റത്. ടോസ് കൈവിട്ട ഇന്ത്യയെ പാക്കിസ്ഥാന്‍ ബാറ്റിംഗിന് അയക്കുകയയായിരുന്നു.

രാത്രിയിലെ കനത്ത മഞ്ഞുവീഴ്ച മൂലം രണ്ടാമത് ബൗളിംഗ് ദുഷ്കരമാകുമെന്നതിനാല്‍ പകല്‍ രാത്രി മത്സരത്തില്‍ ടോസ് നിര്‍ണായകമായി. ആദ്യ മത്സരത്തില്‍ ഒറ്റ വിക്കറ്റ് പോലും വീഴ്ത്താനാവാതെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പാക്കിസ്ഥാന് 10 വിക്കറ്റ് വിജയം സമ്മാനിച്ചത്.

ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക രണ്ടാം മത്സരത്തിലും ടോസിലെ ഭാഗ്യം കോലിക്കൊപ്പമായിരുന്നില്ല. ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയും സ്പിന്നര്‍മാരുടെ മികവില്‍ 110 റണ്‍സിലൊതുക്കുകയും ചെയ്തു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് ലക്ഷ്യത്തിലെത്തി.

ഈ രണ്ട് തോല്‍വികളാണ് ഇന്ത്യയെ ടൂര്‍ണമെന്‍റിന് പുറത്തേക്കുള്ള വഴിയിലെത്തിച്ചത്. രണ്ട് മത്സരങ്ങളിലും ടോസായിരുന്നു നിര്‍ണായകമായത്. മൂന്നാം മത്സരത്തില്‍ അഫ്ഗാനെതിരെയും കോലി ടോസ് കൈവിട്ടിന്നു. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന് അയച്ചെങ്കിലും ആദ്യം ബാറ്റ് ചെയ്ത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സടിച്ച ഇന്ത്യ കളി ജയിച്ചു.

സമൂഹമാധ്യമങ്ങളിലും ഒടുവില്‍ കോലി ഒരു ടോസ് ജയിച്ചതിനെക്കുറിച്ച് രസരകരമായ പരാമര്‍ശങ്ങളാണ് ഉയരുന്നത്. അത്ഭുതമെന്ന് ചിലര്‍ വിശേഷിപ്പിച്ചപ്പോള്‍ എല്ലാ ദിവസവും പിറന്നാള്‍ കേക്ക് മുറിച്ച് ടോസിടാന്‍ വന്നാല്‍ മതിയായിരുന്നു എന്നാണ് മറ്റുചിലരുടെ നിര്‍ദേശം.

click me!