ടി20 ലോകകപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കും; മസ്‌കറ്റും വേദിയാകുമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Jun 6, 2021, 8:51 AM IST
Highlights

വേദി മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ബിസിസിഐ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചെന്ന് വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട്

മുംബൈ: ഈ വ‍ര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വേദി മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ബിസിസിഐ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഈ വർഷം ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കേണ്ട ട്വന്റി 20 ലോകകപ്പ് ഇന്ത്യയിലെ കൊവിഡ് വ്യാപനം കാരണം അനിശ്ചിതത്വത്തിലാണ്. നടത്തിപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ നാലാഴ്ച സമയം വേണമെന്നാണ് ഐസിസിയെ ബിസിസിഐ അറിയിച്ചിരിക്കുന്നത്. എന്നാൽ കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ഐസിസിയോട് ബിസിസിഐ വ്യക്തമാക്കിയെന്നാണ് പിടിഐയുടെ റിപ്പോർട്ട്. ഇക്കാര്യത്തിൽ അനൗദ്യോഗിക അറിയിപ്പ് നൽകിയെന്ന് ബിസിസിഐ ഉന്നതനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

യുഎഇയും ഒമാൻ തലസ്ഥാനമായ മസ്‌കറ്റും ടൂർണമെന്‍റിന് വേദിയാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് മസ്‌കറ്റിൽ നടക്കുക. പിന്നീട് ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ മത്സരങ്ങൾ നടത്താനാണ് ആലോചിക്കുന്നത്. 

ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയിൽ അവസാനിച്ച ശേഷമാകും ലോകകപ്പ്. ഇന്ത്യയിൽ ലോകകപ്പ് നടത്താനാണ് ബിസിസിഐയുടെ ശ്രമമെങ്കിലും ഒക്‌ടോബറിലെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് ഉറപ്പുനൽകാൻ കഴിയാത്തതാണ് വെല്ലുവിളി. എട്ട് ടീമുകൾ പങ്കെടുക്കുന്ന ഐപിഎൽ വേദി ഇന്ത്യക്ക് പുറത്തേക്ക് മാറ്റിയ സാഹചര്യത്തിൽ ഇരട്ടി ടീമുകളെത്തുന്ന ലോകകപ്പിന്റെ കാര്യത്തിൽ ബിസിസിഐക്ക് മറിച്ചൊരു തീരുമാനമെടുക്കുക സാധ്യമല്ല. 

ഐപിഎല്ലില്‍ ശേഷിക്കുന്ന 31 മത്സരങ്ങളാണ് യുഎഇയില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 60 മത്സരങ്ങളുള്ള ടൂര്‍ണമെന്‍റില്‍ 29 കളികള്‍ മാത്രമാണ് ഇന്ത്യയില്‍ വച്ച് പൂര്‍ത്തിയാക്കാനായത്. നാല് ഫ്രാഞ്ചൈസികളിലെ താരങ്ങൾക്ക് കൊവിഡ് ബാധിച്ചതോടെ മെയ് നാലിന് ഐപിഎൽ പതിനാലാം സീസണ്‍ നിര്‍ത്തിവയ്‌ക്കുകയായിരുന്നു. യുഎഇയിലെ ടൂര്‍ണമെന്‍റിനായി ഫ്രാഞ്ചൈസികള്‍ ഇതിനകം തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യൻ ടീം ഇന്ന് പരിശീലനം തുടങ്ങും

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: മുന്‍തൂക്കം ഇന്ത്യക്കെന്ന് വെംഗ്‌‌സര്‍ക്കാറും

സൗത്തിക്ക് ആറ് വിക്കറ്റ്, ഇംഗ്ലണ്ട് ലീഡ് വഴങ്ങി; ബേണ്‍സിന്‍റെ സെഞ്ചുറി ആശ്വാസം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!