ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: മുന്‍തൂക്കം ഇന്ത്യക്കെന്ന് വെംഗ്‌‌സര്‍ക്കാറും

By Web TeamFirst Published Jun 5, 2021, 10:26 PM IST
Highlights

മികച്ച ബാറ്റ്സ്‌മാന്‍മാരും ബൗളര്‍മാരുമുള്ള ഇന്ത്യ കൂടുതല്‍ സന്തുലിതമായ ടീമാണ് എന്നാണ് വെംഗ്സര്‍ക്കാറുടെ വിലയിരുത്തല്‍. 
 

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനേക്കാള്‍ മുന്‍തൂക്കം ഇന്ത്യക്കെന്ന് മുന്‍താരം ദിലീപ് വെംഗ്സര്‍ക്കാര്‍. മികച്ച ബാറ്റ്സ്‌മാന്‍മാരും ബൗളര്‍മാരുമുള്ള ഇന്ത്യ കൂടുതല്‍ സന്തുലിതമായ ടീമാണ് എന്ന് വെംഗ്സര്‍ക്കാര്‍ വിലയിരുത്തുന്നു. 

'താരങ്ങളെ വച്ച് ഇന്ത്യയെയും ന്യൂസിലന്‍ഡിനേയും താരതമ്യം ചെയ്‌താല്‍ കോലിപ്പടയാണ് മികച്ചത്. തീര്‍ച്ചയായും ട്രെന്‍ഡ് ബോള്‍ട്ട് ലോകോത്തര ബൗളറും കെയ്‌ന്‍ വില്യംസണ്‍ ലോകോത്തര ബാറ്റ്സ്‌മാനുമാണ്. എന്നാല്‍ ഇന്ത്യ കൂടുതല്‍ ഓള്‍റൗണ്ട് ടീമാണ്. നമുക്ക് മികച്ച സ്‌പിന്നര്‍മാരാണ്(രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ). മികച്ച പേസ് ബൗളര്‍മാരുണ്ട്(ജസ്‌പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്). അതിനൊപ്പം മികച്ച ബാറ്റ്സ്‌മാന്‍മാരും ഇന്ത്യക്കുണ്ട്'. 

കോലിക്ക് പിന്തുണ നല്‍കണം

അതേസമയം നായകനും ബാറ്റിംഗ് നിരയുടെ നെടുംതൂണുമായ വിരാട് കോലിക്ക് സഹ ബാറ്റ്സ്‌മാന്‍മാര്‍ ഉറച്ച പിന്തുണ നല്‍കണമെന്ന് ദിലീപ് വെംഗ്സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 'ഇന്ത്യന്‍ ടീമില്‍ പ്രതിഭാധനരായ താരങ്ങളുണ്ട്. വിരാട് കോലിയും രോഹിത് ശര്‍മ്മയും ലോകോത്തര ക്രിക്കറ്റര്‍മാരാണ്. മറ്റ് താരങ്ങളും അവരുടെ സംഭവന നല്‍കണം. രണ്ട് പേരെ മാത്രം ആശ്രയിക്കാനാവില്ല. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമ്പോള്‍ എല്ലാവരും സംഭാവനകള്‍ നല്‍കണം' എന്നും വെംഗ്സര്‍ക്കാര്‍ പറഞ്ഞു.  

2018ല്‍ ഇംഗ്ലണ്ടിലേക്കുള്ള അവസാന പര്യടനത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍മാരില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു വിരാട് കോലി. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും സഹിതം 593 റണ്‍സ് കോലി നേടി. ചേതേശ്വര്‍ പൂജാര നാല് മത്സരങ്ങളില്‍ 278 റണ്‍സും അജിങ്ക്യ രഹാനെ അഞ്ച് കളികളില്‍ 257 റണ്‍സുമാണ് നേടിയത്. 

സതാംപ്‌ടണില്‍ 18-ാം തിയതിയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം ആരംഭിക്കുന്നത്. യുകെയിലെത്തിയ ഇന്ത്യന്‍ ടീം സതാംപ്‌ടണിലെ ഹോട്ടലില്‍ ക്വാറന്‍റീനിലാണ്. അതേസമയം കൃത്യമായ മുന്നൊരുക്കത്തോടെയാണ് കിവികളുടെ തയ്യാറെടുപ്പ്. ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കായി ന്യൂസിലന്‍ഡ് നേരത്തെ തന്നെ എത്തിയിരുന്നു. ആദ്യ ടെസ്റ്റ് ലോര്‍ഡ്‌സില്‍ പുരോഗമിക്കുകയാണ്. 

ഫൈനലില്‍ ഇന്ത്യയാണ് ഫേവറേറ്റുകളെന്ന് മുന്‍താരം വിവിഎസ് ലക്ഷ്‌മണും വ്യക്തമാക്കിയിരുന്നു. 'ആദ്യ ഇന്നിംഗ്‌സില്‍ നന്നായി ബാറ്റ് ചെയ്യുന്ന ടീമിന് മുന്‍തൂക്കം ലഭിക്കും, അവര്‍ മത്സരത്തിലൂടനീളം മേധാവിത്വം പുലര്‍ത്തും. രണ്ട് ടീമുകളും മികച്ചതാണ്. എന്നാല്‍ ടീം ഇന്ത്യ ഫേവറേറ്റുകളായി ഫൈനലില്‍ ഇറങ്ങും. കഴിഞ്ഞ ഒരു കാലയളവിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍' എന്നായിരുന്നു വിവിഎസിന്‍റെ പ്രതികരണം. 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്.  

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യ ഫേവറേറ്റുകളെന്ന് വിവിഎസ് ലക്ഷ്‌മണ്‍

കോലിപ്പട എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീം; വമ്പന്‍ പ്രശംസയുമായി ഗാവസ്‌കര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!