Latest Videos

T20 World Cup|ഓസീസ്-കിവീസ് കലാശപ്പോരിലെ വിജിയികളെ പ്രവചിച്ച് പീറ്റേഴ്സണ്‍

By Web TeamFirst Published Nov 13, 2021, 5:48 PM IST
Highlights

കിവീസിന് പറയത്തക്ക ബലഹീനതകളൊന്നുമില്ലെങ്കിലും ഓസീസ് കിരീടം ഉയര്‍ത്തിയില്ലെങ്കിലെ താന്‍ അത്ഭുതപ്പെടുവെന്ന് പീറ്റേഴ്സണ്‍ തന്‍റെ ബ്ലോഗില്‍ കുറിച്ചു.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup) ഓസ്ട്രേലിയയും ന്യൂസിലന്‍ഡും(Aus vs Nz) നാളെ കലാശപ്പോരിന് ഇറങ്ങുകയാണ്. മുമ്പ് ടി20 മത്സരങ്ങളില്‍ 14 തവണ  പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒമ്പതെണ്ണത്തിലും ജയിച്ചു കയറിയത് ഓസ്ട്രേലിയ ആണ്. കിവീസിന്‍റെ ജയം നാലെണ്ണം മാത്രം. എന്നാല്‍ ലോകകപ്പ് വേദിയില്‍ 2016ല്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ ജയം കീവീസിനായിരുന്നു.

ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന ഫൈനലില്‍ ആരു ജയിക്കുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍.(Kevin Pietersen)കിരീടപ്പോരില്‍ ഓസ്ട്രേലിയ ജേതാക്കളാകുമെന്നാണ് പീറ്റേഴ്സന്‍റെ പ്രവചനം. അതിന് അദ്ദേഹം പറയുന്ന കാരണങ്ങള്‍ ഇതൊക്കെയാണ്.

കിവീസിന് പറയത്തക്ക ബലഹീനതകളൊന്നുമില്ലെങ്കിലും ഓസീസ് കിരീടം ഉയര്‍ത്തിയില്ലെങ്കിലെ താന്‍ അത്ഭുതപ്പെടുവെന്ന് പീറ്റേഴ്സണ്‍ തന്‍റെ ബ്ലോഗില്‍ കുറിച്ചു. ഇരു ടീമുകളും ഒരു പ്രധാന ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഏറ്റുമുട്ടിയത് 2015ലെ ഏകദിന ലോകകപ്പിന്‍റെ ഫൈനലിലായിരുന്നു. അന്ന് എന്താണ് സംഭവിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ഓസ്ട്രേലിയ കിരീടം കൈവിട്ടാല്‍ മാത്രമെ ഞാന്‍ അത്ഭുതപ്പെടൂ-പീറ്റേഴ്സണ്‍ പറഞ്ഞു.

ജീവന്‍മരണപ്പോരാട്ടങ്ങളില്‍ എക്കാലത്തും ജയിച്ചു കയറിയ ചരിത്രമാണ് ഓസ്ട്രേലിയക്ക് ഉള്ളത്. ഓസ്ട്രേലിയക്കാരുടെ രീതി അതാണ്. അവര്‍ അവരുടെ ജോലി ഭംഗിയായി ചെയ്യും. അതുകൊണ്ടാണ് ലോക ക്രിക്കറ്റില്‍ അവര്‍ ഇത്രയും കാലം കരുത്തരായി നില്‍ക്കുന്നത്. അവര്‍ എങ്ങനെയെങ്കിലും ഒരു പ്രധാന ടൂര്‍ണമെന്‍റിന്‍റെ സെമിയിലെത്തിയാല്‍ പിന്നെ അവര്‍ക്ക് ഒരു അധിക ഊര്‍ജ്ജം ലഭിക്കും.

സെമിയില്‍ ഡേവിഡ് വാര്‍ണര്‍ പുറത്തെടുത്ത പ്രകടനം ഉദാഹരണമായി നോക്കുക. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനുവേണ്ടി തിളങ്ങാന്‍ കഴിയാതിരുന്ന വാര്‍ണര്‍ മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്നുപോലും പുറത്തായതാണ്. പലരും എഴുതിത്തള്ളിയ വാര്‍ണറാണ് ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അവസരത്തിനൊത്ത് ഉയര്‍ന്നത്.

ഒന്നാം ഗ്രൂപ്പില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാമതായി സെമിയിലെത്തിയ ഓസ്ട്രേലിയ സെമിയില്‍ ഗ്രൂപ്പ് രണ്ടില്‍ നിന്ന് പരാജയമറിയാതെ സെമിയിലെത്തിയ പാക്കിസ്ഥാനെ തകര്‍ത്താണ് ഫൈനലിലെത്തിയത്. മറുവശത്ത് ഗ്രൂപ്പ് രണ്ടില്‍ പാക്കിസ്ഥാന് പിന്നില്‍ രണ്ടാമതായി സെമിയിലെത്തിയ ന്യൂസിലന്‍ഡാകട്ടെ സെമിയില്‍ ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെ തകര്‍ത്താണ് കിവീസ് ഫൈനലിലെത്തിയത്.

click me!