T20 World Cup|പാക് യുവതാരം മുഹമ്മദ് റിസ്‌വാനെ ചികിത്സിച്ചത് മലയാളി ഡോക്ടര്‍

By Web TeamFirst Published Nov 13, 2021, 6:53 PM IST
Highlights

എത്രയും വേഗം ടീമിനൊപ്പം ചേരണമെന്നായിരുന്നു ആശുപത്രിയില്‍ കഴിഞ്ഞ രണ്ടു ദിവസവും റിസ്‌വാന്‍ നിരന്ത്രം ആവശ്യപ്പെട്ടിരുന്നതെന്ന് സൈനാലബ്ദീന്‍ പറഞ്ഞു. എനിക്ക് സെമിയില്‍ കളിക്കണം. എത്രയും വേഗം ടീമിനൊപ്പം ചേരണം എന്നായിരുന്നു റിസ്‌വാന്‍ പറഞ്ഞുകൊണ്ടിരുന്നത്.

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup) സെമി ഫൈനല്‍ പോരാട്ടത്തിന് മുമ്പ് കടുത്ത പനിയും നെഞ്ചിലെ അണുബാധയെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പാക് യുവതാരം മുഹമ്മദ് റിസ്‌വാനെ(Mohammad Rizwan) ചികിത്സിച്ചത് മലയാളി ഡോക്ടര്‍ സഹീര്‍ സൈനാലബ്ദീന്‍(Dr Saheer Sainalabdeen). സെമി പോരാട്ടത്തിന് രണ്ട് ദിവസം മുമ്പാണ് റിസ്‌വാനെ പനിയും നെഞ്ചിലെ അണുബാധയെയും തുടര്‍ന്ന് ദുബായിലെ മെറ്റിയോര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

എത്രയും വേഗം ടീമിനൊപ്പം ചേരണമെന്നായിരുന്നു ആശുപത്രിയില്‍ കഴിഞ്ഞ രണ്ടു ദിവസവും റിസ്‌വാന്‍ നിരന്ത്രം ആവശ്യപ്പെട്ടിരുന്നതെന്ന് സൈനാലബ്ദീന്‍ പറഞ്ഞു. എനിക്ക് സെമിയില്‍ കളിക്കണം. എത്രയും വേഗം ടീമിനൊപ്പം ചേരണം എന്നായിരുന്നു റിസ്‌വാന്‍ പറഞ്ഞുകൊണ്ടിരുന്നത്. രാജ്യത്തിനായി നിര്‍ണായക മത്സരം കളിക്കാനുള്ള അദമ്യമായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. മാനസികമായി കരുത്തനും ദൃഢനിശ്ചയമുള്ളവനും ആത്മവിശ്വാസമുള്ളവനുമാണ് റിസ്‌വാന്‍.

എങ്കിലും ഇത്രയും വേഗം അദ്ദേഹം ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് ആശുപത്രി വിടുമെന്ന് കരുതിയില്ല. അദ്ദേഹത്തിന്‍റെ രോഗമുക്തി ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. കാരണം, റിസ്‌വാന്‍റേതുപോലെ അണുബാധയേറ്റ രോഗികള്‍ രോഗമുക്തിക്കായി ആറോ ഏഴോ ദിവസമെങ്കിലും എടുക്കും. എന്നാല്‍ ദൈവവിശ്വാസിയായ റിസ്‌വാന്‍ സെമിയില്‍ കളിക്കണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു. അതാണ് അദ്ദേഹത്തിന്‍റെ അതിവേഗ രോഗമുക്തിക്കും കാരണമായത്. 35 മണിക്കൂറാണ് റിസ്‌വാന്‍ ഐസിയുവില്‍ കിടന്നതെന്നും ഡോക്ടര്‍ സൈനാലബ്ദീന്‍ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആശുപത്രി വിടും മുമ്പ് കൈയൊപ്പിട്ട ജേഴ്സി ഡോക്ടര്‍ക്കും സംഘത്തിനും സമ്മാനിക്കാനും റിസ്‌വാന്‍ മറന്നില്ല.

ഐസിയുവില്‍ നിന്ന് പറത്തുവന്ന് തൊട്ടടുത്തദിനം ക്രീസിലെത്തിയ റിസ്‌വാന്‍ സെമിയില്‍ ഓസ്ട്രേലിയക്കെതിരെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടി ടീമിന്‍റെ ടോപ് സ്കോററായിരുന്നു. കളി തുടങ്ങുന്നതിന് 24 മണിക്കൂർ മുൻപ് വരെ പാക് ടീമിൽ മുഹമ്മദ് റിസ്‍വാൻ ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു.

സെമിയില്‍ ഓസ്ട്രേലിയക്കെതിരെ 52 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം മുഹമ്മദ് റിസ്‌വാന്‍ 67 റണ്‍സെടുത്തു. ജോഷ് ഹേസല്‍വുഡിന് എതിരെ മൂന്നും ആദം സാപയ്‌ക്കെതിരെ ഒന്നും സിക്‌സര്‍ റിസ്‌വാന്‍ പറത്തി. മത്സരത്തില്‍ ഓസീസ് പേസ് കുന്തമുന മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ബൗണ്‍സര്‍ അതിജീവിക്കാന്‍ താരത്തിനായി.

ദുബായില്‍ ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത പാക്കിസ്ഥാന്‍ മുഹമ്മദ് റിസ്‌വാന്‍റെയും(52 പന്തില്‍ 67) ഫക്കര്‍ സമാന്‍റേയും(32 പന്തില്‍ 55) തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് വാര്‍ണര്‍ (30 പന്തില്‍ 49), മാത്യൂ വെയ്‌ഡ്(17 പന്തില്‍ 41*), മാര്‍ക്കസ് സ്റ്റോയിനിസ് (31 പന്തില്‍ 40*) എന്നിവരാണ് ഓസീസിന്‍റെ വിജയശില്‍പ്പികള്‍.

click me!