T20 World Cup|അടിച്ചുതകര്‍ത്ത് റിസ്‌വാനും സമനും; സെമി പോരില്‍ പാക്കിസ്ഥാനെതിരെ ഓസീസിന് 177 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Nov 11, 2021, 9:26 PM IST
Highlights

ടോസിലെ നിര്‍ഭാഗ്യം പാക്കിസ്ഥാന് ബാറ്റിംഗിലുണ്ടായില്ല. ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ചേര്‍ന്ന് നല്ല തുടക്കമിട്ടതോടെ പാക്കിസ്ഥാന് ആത്മവിശ്വാസമായി. മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും എറിഞ്ഞ  ആദ്യ രണ്ടോവറില്‍ 11 റണ്‍സ് മാത്രമെടുത്ത പാക്കിസ്ഥാന്‍ മൂന്നാം ഓവറില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെതിരെ 10 റണ്‍സടിച്ച് ടോപ് ഗിയറിലായി. മാക്സ്‌വെല്ലിന്‍റെ പന്തില്‍ റിസ്‌വാന്‍ നല്‍കിയ ക്യാച്ച് ഇതിനിടെ ഡേവിഡ് വാര്‍ണര്‍ നിലത്തിട്ടു

ദുബൈ: ടി20 ലോകകപ്പിലെ(T20 World Cup) രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ മുഹമ്മദ് റിസ്‌വാന്‍റെയും(Mohammad Rizwan) ഫഖര്‍ സമന്‍റെയും(Fakhar Zaman)തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 52 പന്തില്‍ 67 റണ്‍സെടുത്ത റിസ്‌വാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഫഖര്‍ സമന്‍ 32 പന്തില്‍ 55 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസം 39 റണ്‍സെടുത്തു. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ആദം സാംപ ഒരു വിക്കറ്റുമെടുത്തു,

നല്ലതുടക്കം മുതലാക്കി പവറോടെ പാക്കിസ്ഥാന്‍

ടോസിലെ നിര്‍ഭാഗ്യം പാക്കിസ്ഥാന് ബാറ്റിംഗിലുണ്ടായില്ല. ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ചേര്‍ന്ന് നല്ല തുടക്കമിട്ടതോടെ പാക്കിസ്ഥാന് ആത്മവിശ്വാസമായി. മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും എറിഞ്ഞ  ആദ്യ രണ്ടോവറില്‍ 11 റണ്‍സ് മാത്രമെടുത്ത പാക്കിസ്ഥാന്‍ മൂന്നാം ഓവറില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെതിരെ 10 റണ്‍സടിച്ച് ടോപ് ഗിയറിലായി. മാക്സ്‌വെല്ലിന്‍റെ പന്തില്‍ റിസ്‌വാന്‍ നല്‍കിയ ക്യാച്ച് ഇതിനിടെ ഡേവിഡ് വാര്‍ണര്‍ നിലത്തിട്ടു.

പവര്‍ പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 47 റണ്‍സെടുത്ത പാക്കിസ്ഥാന്‍ ടൂര്‍ണമെന്‍റിലെ അവരുടെ ഏറ്റവും മികച്ച പവര്‍ പ്ലേ പ്രകടനമാണ് പുറത്തെടുത്തത്. പവര്‍പ്ലേയില്‍ വിക്കറ്റൊന്നും വീഴ്ത്താനാവാതിരുന്നതോടെ ഓസീസ് ബൗളര്‍മാര്‍ പതറി.
ഏഴാം ഓവറില്‍ 50 റണ്‍സ് പിന്നിട്ട പാക്കിസ്ഥാനെ പിടിച്ചുകെട്ടാന്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് തന്‍റെ തുരുപ്പ് ചീട്ടായ ആദം സാംപയെ കൊണ്ടുവന്നെങ്കിലും സാംപക്കെതിരെ കരുതലോടെ കളിച്ച റിസ്‌വാനും ബാബറും വിക്കറ്റ് വീഴാതെ കാത്തു.ഒടുവില്‍ പത്താം ഓവറില്‍ ബാബറിനെ(34 പന്തില്‍ 39) വാര്‍ണറുടെ കൈകകളിലെത്തിച്ച് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു.

കടന്നാക്രമണവുമായി റിസ്‌വാന്‍

ബാബറിനെ മടക്കിയ ആദം സാംപക്കെതിരെ മുഹമ്മദ് റിസ്‌വാന്‍ ആക്രമിച്ചു കളിച്ചതോടെ ഓസീസ് കുഴങ്ങി. സാംപ എറിഞ്ഞ പന്ത്രണ്ടാോ ഓവറില്‍ സിക്സും ഫോറും അടക്കം 14 റണ്‍സാണ് റിസ്‌വാന്‍ അടിച്ചെടുത്തത്. ഹേസല്‍വുഡ് എറിഞ്ഞ പതിനഞ്ചാം ഓവറില്‍ സിക്സും ഫോറും നേടി  റിസ്‌വാന്‍ അര്‍ധസെഞ്ചുറി പിന്നിട്ടതിനൊപ്പം പാക് സ്കോറും 100 കടന്നു. 41 പന്തിലാണ് റിസ്‌വാന്‍ അര്‍ധസെഞ്ചുറിയിലെത്തിയത്. റിസ്‌വാന് മികച്ച പിന്തുണ നല്‍കിയ ഫഖര്‍ സമന്‍ ജോഷ് ഹേസല്‍വുഡിനെ സിക്സിന് പറത്തി അവസാന ഓവറുകളിലെ വെടിക്കെട്ടിന് തിരികൊളുത്തി. പതിനേഴാം ഓവറില്‍ ജോഷ് ഹേസല്‍വുഡിനെതിരെ 21 റണ്‍സടിച്ച് പാക്കിസ്ഥാന്‍ 150 കടന്നു.

ഒടുക്കം ഗംഭീരമാക്കി ഫഖര്‍ സമന്‍

എന്നാല്‍ പതിനെട്ടാം ഓവറില്‍ റിസ്‌വാനെ(52 പന്തില്‍ 67) മടക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിന് ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും ആ ഓവറില്‍ 15 റണ്‍സടിച്ച് ഫഖര്‍ സമന്‍ പാക് സ്കോറിന്‍റെ ഗതിവേഗം കാത്തു. പത്തൊമ്പതാം ഓവറിലെ ആദ്യ പന്തില്‍ ആസിഫ് അലിയെ(0) ഗോള്‍ഡന്‍ ഡക്കാക്കി കമിന്‍സ് പാക്കിസ്ഥാന് തിരിച്ചടി നല്‍കി.

അടുത്ത പന്തില്‍ ഫഖര്‍ സമനെ സ്റ്റീവ് സ്മിത്ത് കൈവിട്ടതിന് ഓസീസ് വലിയ വില നല്‍കേണ്ടിവന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ അവസാന ഓവറിലെ രണ്ടാം പന്തില്‍(1) ഷൊയൈബ് മാലിക്കിനെ നഷ്ടമായെങ്കിലും രണ്ട് സിക്സ് അടിച്ച് ഫഖര്‍ സമന്‍ 15 റണ്‍സടിച്ചതോടെ പാക് സ്കോര്‍ 176ല്‍ എത്തി.

ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലോവറില്‍ 38 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആദം സാംപ നാലോവറില്‍ 22 റണ്‍സിന് ഒരു വിക്കറ്റും പാറ്റ് കമിന്‍സ് നാലോവറില്‍ 30 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു. ജോഷ് ഹേസല്‍വുഡ് നാലോവറില്‍ 49 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല.

click me!