Latest Videos

Team India| 'എല്ലാ ഫോര്‍മാറ്റിലും അവന്‍ ക്യാപ്റ്റനാവട്ടെ'; രോഹിത് ശര്‍മയെ പുകഴ്ത്തി ഷാഹിദ് അഫ്രീദി

By Web TeamFirst Published Nov 11, 2021, 8:35 PM IST
Highlights

കഴിഞ്ഞ ദിവസം രോഹിത്തിനെ ക്യാപ്റ്റനാക്കി പ്രഖ്യാപിക്കുകയും ചെയ്തു. കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ പേരുകളും നായകസ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. 

ഇസ്ലാമാബാദ്: ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുുമെന്ന് ലോകകപ്പിന് മുമ്പ് തന്നെ വിരാട് കോലി വ്യക്തമാക്കിയിരുന്നു. പറഞ്ഞത് പോലെ അങ്ങനെതന്നെ സംഭവിച്ചു. അടുത്ത ക്യാപ്റ്റന്‍ ആരായിരിക്കുമെന്നുള്ളതിന്റെ മറുപടിയായി മിക്കവരും പറഞ്ഞത് രോഹിത് ശര്‍മയുടെ പേരായിരുന്നു. കഴിഞ്ഞ ദിവസം രോഹിത്തിനെ ക്യാപ്റ്റനാക്കി പ്രഖ്യാപിക്കുകയും ചെയ്തു. കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ പേരുകളും നായകസ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. 

ഇപ്പോള്‍ ഇന്ത്യയുടെ പുതിയ നായകനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി. രോഹിത്തിനെ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനാക്കണമെന്നാണ് അഫ്രീദി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''രോഹിത് ക്യാപ്റ്റനാവുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഐപിഎല്ലില്‍ ഡക്കാണ്‍ ചാര്‍ജേഴ്‌സിന് വേണ്ടി കളിക്കുമ്പോള്‍ ഞാന്‍ ആദ്യ സീസണില്‍ രോഹിത്തിനൊപ്പം ഉണ്ടായിരുന്നു. മികച്ച ഷോട്ട് സെലക്ഷനുള്ള ഗംഭീര താരമാണ് രോഹിത്. പൊതുവെ ശാന്തനായിരിക്കുന്ന രോഹിത് ആവശ്യമുള്ള സമയങ്ങളിലെല്ലാം ആക്രമണോത്സുകത കാണിച്ചിട്ടുണ്ട്. രണ്ട് ഭാഗങ്ങളും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയിലുണ്ട്. തീര്‍ച്ചയായും അദ്ദേഹം നായകസ്ഥാനം അര്‍ഹിച്ചിരുന്നു. 

വിരാട് കോലി എല്ലാ ഫോര്‍മാറ്റില്‍ നിന്നും ക്യാപ്റ്റന്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്നാണ് എന്റെ അഭിപ്രായം. അപ്പോള്‍ ഒരുപാട് സമ്മര്‍ദ്ദം കുറയും. അദ്ദേഹം താരമെന്ന നിലയില്‍ കളിക്കട്ടെ. ഒരുപാട് കാലം അദ്ദേഹം കളിച്ചു. ഇനി അദ്ദേഹം ക്രിക്കറ്റ് ആസ്വദിക്കട്ടെ. ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആ ടീമിന്റെ ക്യാപ്റ്റനായിരിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നന്നായി നയിക്കുമ്പോള്‍ മാത്രമങ്ങള്‍ കാര്യങ്ങള്‍ ശരിയായ ദിശയില്‍ മുന്നോട്ട് പോവൂ.'' അഫ്രീദി വ്യക്തമാക്കി.

ആദ്യ സീസണില്‍ മാത്രമാണ് അഫ്രീദി ഐപിഎല്‍ കളിച്ചത്. അതിന് മുമ്പ് നടന്ന പ്രഥമ ടി20 ലോകകപ്പില്‍ അഫ്രീദി പാകിസ്ഥാനായി കളിച്ചിരുന്നു. ഫൈനലില്‍ പാകിസ്ഥാനെതിരെ രോഹിത് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.

click me!