
മെല്‍ബണ്‍: ഏഷ്യാ കപ്പിലെയും ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിലെയും മോശം ബൗളിംഗിനെത്തുടര്‍ന്ന് കനത്ത സമ്മര്‍ദ്ദത്തിലാണ് ഇന്ത്യന്‍ പേസ് പട. പേസ് പട ഡെത്ത് ഓവറുകളില്‍ റണ്‍സ് വഴങ്ങുന്നതാണ് ഇന്ത്യയുടെ തോല്‍വികളില്‍ നിര്‍ണായകമാകുന്നത്. ഇതിനിടെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്.
പരിക്കില്‍ നിന്ന് മോചിതനായ ബുമ്ര ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും ഇതുവരെ മത്സര ക്രിക്കറ്റില്‍ ഇറങ്ങിയിട്ടില്ല. എന്നാല്‍ അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ബുമ്ര പാക് പേസര്‍ ഷഹീന്‍ അഫ്രീദിയെക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പോണ്ടിംഗിന്‍റെ പ്രവചനം. അഫ്രീദിയും പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചിച്ചെത്തിയിട്ടേയുള്ളു. ഓസ്ട്രേലിയയിലെ പരിചയസമ്പത്താണ് അഫ്രീദിയെ മറികടക്കാന്‍ ബുമ്രയെ സഹായിക്കുകയെന്നും പോണ്ടിംഗ് ഐസിസി പ്രതിമാസ അവലോകനത്തില്‍ പറഞ്ഞു.
മൂന്ന് ഫോര്‍മാറ്റിലും പുറത്തെടുക്കുന്ന മികവിന്‍റെ കാര്യത്തില്‍ അഫ്രീദിയും ബുമ്രയും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ലെങ്കിലും പരിചയസമ്പത്ത് ബുമ്രക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നും പോണ്ടിംഗ് വ്യക്തമാക്കി. അഫ്രീദിയെയോ ബുമ്രയെയോ ഒരാളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ബുമ്രയെ തെരഞ്ഞെടുക്കും. കാരണം ലോകകപ്പ് നടക്കുന്ന ഓസ്ട്രേലിയയില്‍ അഫ്രീദിയെക്കാള്‍ പരിചയസമ്പത്തുണ്ട് ബുമ്രക്ക്. അഫ്രീദിയെക്കാള്‍ കൂടുതല്‍ വലിയ ടൂര്‍ണമെന്‍റുകള്‍ കളിച്ചപരിചയവും ബുമ്രക്കുണ്ട്. ടി20 ക്രിക്കറ്റില്‍ പാക് നായകന്‍ ബാബര്‍ അസമിനെക്കാള്‍ വ്യത്യസ്തകളളുള്ള ബാറ്ററാണ് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറെന്നും പോണ്ടിംഗ് പറഞ്ഞു.
സാങ്കേതികമായി ബട്‌ലറെക്കാള്‍ മികവ് ബാബറിനുണ്ട്. എന്നാല്‍ ടി20 ക്രിക്കറ്റിലെ സ്ട്രൈക്ക് റേറ്റെടുത്താല്‍ ഇരുവരും തമ്മില്‍ യാതൊരു താരതമ്യവും സാധ്യമല്ല. ബട്‌ലര്‍ ഒരു പരിധിവരെ 360 ഡിഗ്രി കളിക്കാരനാണ്. ബിഗ് ബാഷ് ലീഗിലും ഓസ്ട്രേലിയയിലും കളിച്ച പരിചയസമ്പത്തുള്ളതിനാല്‍ ലോകകപ്പില്‍ ബാബറിനെക്കാള്‍ മികവ് കാട്ടാന്‍ ബട്‌ലര്‍ക്ക് കഴിഞ്ഞേക്കുമെന്നും പോണ്ടിംഗ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!