ജമൈസണ്‍ കൊടുങ്കാറ്റില്‍ ഇന്ത്യക്ക് തകര്‍ച്ച; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കിവീസ് ബാറ്റിങ് ആരംഭിച്ചു

By Web TeamFirst Published Jun 20, 2021, 7:13 PM IST
Highlights

മൂന്നാംദിനം തുടക്കത്തി തന്നെ ഇന്ത്യക്ക് കോലിയുടെ വിക്കറ്റ് നഷ്ടമായി. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍സ് പോലും കോലിക്ക് നേടാനായില്ല. ജമൈസണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു കോലി.
 

സതാംപ്ടണ്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ന്യൂസിലന്‍ഡ് താരം കെയ്ല്‍ ജമൈസണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യ 217 റണ്‍സിന് എല്ലാവരും പുറത്തായി. 49 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോലി 44 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് വിക്കറ്റ് നഷ്ടമില്ലാതെ 11 റണ്‍സെടുത്തിട്ടുണ്ട്. ടോം ലാഥം (7), ഡെവോണ്‍ കോണ്‍വെ (4) എന്നിവരാണ് ക്രീസില്‍. 

കോലി ആദ്യം മടങ്ങി

വെളിച്ചക്കുറവ് കാരണം രണ്ടാംദിനം നേരത്തെ നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന നിലയിലായിരുന്നു. മൂന്നാംദിനം തുടക്കത്തി തന്നെ ഇന്ത്യക്ക് കോലിയുടെ വിക്കറ്റ് നഷ്ടമായി. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍സ് പോലും കോലിക്ക് നേടാനായില്ല. ജമൈസണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു കോലി. പിന്നാലെ ക്രീസിലെത്തിയ റിഷഭ് പന്തിന് 22 പന്ത് മാത്രമായിരുന്നു ആയുസ്. ഇത്തവണയും ജമൈസണാണ് വിക്കറ്റ് നേടിയത്. നിരുപദ്രവകാരിയായ ഒരു പന്ത് കവറിലൂടെ ബൗണ്ടറി കളിക്കാന്‍ ശ്രമിക്കവെ സ്ലിപ്പില്‍ ടോം ലാഥത്തിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. 

വാലറ്റം തകര്‍ത്ത് ജമൈസണിന്റെ തേരോട്ടം

രഹാനെയാണ് പിന്നാലെ മടങ്ങിയത്. ക്രീസില്‍ ആത്മവിശ്വാസത്തോടെ കളിച്ചുവരികയായിരുന്നു താരം. എന്നാല്‍ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഒരുക്കിയ കെണിയിലാണ് രഹാനെ വീണത്. വാഗ്നറുടെ ഒരു ബൗണ്‍സണ്‍ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കുമ്പോഴാണ് രഹാനെ മടങ്ങുന്നത്. സ്‌ക്വയര്‍ ലെഗ്ഗില്‍ ലാഥത്തിന് ക്യാച്ച് നല്‍കി. ഇന്ത്യ ആറിന് 182 എന്ന നിലയിലേക്ക് വീണു. തുടര്‍ന്ന് ക്രീസിലെത്തിയ ആര്‍ അശ്വിന്‍ കാമിയോ ഇന്നിങ്‌സ് കളിച്ച് മടങ്ങി. 27 പന്തില്‍ 22 റണ്‍സെടുത്ത സ്പിന്നര്‍ സ്ലിപ്പില്‍ ലാഥത്തിന് ക്യാച്ച് നല്‍കി. പിന്നീടൊന്ന് പൊരുതാനുള്ള ആത്മവിശ്വാസം പോലും ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ടായില്ല. നാല് റണ്‍സെടുത്ത ഇശാന്തിനെ ജമൈസണ്‍ റോസ് ടെയ്‌ലറുടെ കൈകളിലെത്തിച്ചപ്പോള്‍ തൊട്ടടുത്ത പന്തില്‍ ജസ്പ്രിത്  ബുമ്ര (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രവീന്ദ്ര ജഡേജ (15) യാവട്ടെ ട്രന്റ് ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബി ജെ വാട്‌ലിംഗിന് ക്യാച്ച് നല്‍കി. മുഹമ്മദ് ഷമി (4) പുറത്താവാതെ നിന്നു. ജമൈസണിന് പുറമെ നീല്‍ വാഗ്നര്‍, ബോള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ടിം സൗത്തിക്ക് ഒരു വിക്കറ്റുണ്ട്. തന്റെ എട്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന ജമൈസണ്‍ അഞ്ചാം തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

ഇന്ത്യയുടെ മോശമല്ലാത്ത തുടക്കം

മോശമല്ലതാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രോഹിത് ശര്‍മ (34)- ശുഭ്മാന്‍ ഗില്‍ (28) സഖ്യം 62 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും നേടിയത്. രോഹിത്തിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ജമൈസണിന്റെ ഔട്ട് സ്വിങറില്‍ സ്ലിപ്പില്‍ സൗത്തിക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങുന്നത്. രോഹിത് മടങ്ങിയതിന് പിന്നാലെ പൂജാരയും പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് അനക്കമില്ലാതെയായി. പിന്നാലെ വാഗ്‌നറുടെ ആദ്യ ഓവറില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ഗില്‍ മടങ്ങി. 35 പന്തുകള്‍ നേരിട്ടാണ് പൂജാര ആദ്യ റണ്ണെടുത്തത്. തുടര്‍ച്ചയായ ബൗണ്ടറികളുമായി സ്‌കോറിംഗ് തുടങ്ങിയപ്പോഴെ ഇന്ത്യയുടെ രണ്ടാം വന്‍മതില്‍ ബോള്‍ട്ട് തകര്‍ത്തു. എട്ട് റണ്‍സെടുത്ത പൂജാരയെ ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഇന്ത്യ പരുങ്ങലിലായി. 88 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍.എന്നാല്‍ പിന്നീടെത്തിയ രഹാനെ കോലിക്ക് മികച്ച പിന്തുണ നല്‍കിയപ്പോഴാണ് ഇന്ത്യ 100 കടന്നത്. 

ടോസിലെ ഭാ?ഗ്യം കൈവിട്ട് വീണ്ടും കോലി

ടോസില്‍ ഒരിക്കല്‍ കൂടി കോലിയെ ഭാഗ്യം കൈവിട്ടപ്പോള്‍ ഇന്ത്യ ആശങ്കയുടെ പിച്ചിലായിരുന്നു. കനത്ത മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമാകുമെന്നായിരുന്നു വിലയിരുത്തില്‍. ടെസ്റ്റിന് ഒരു ദിവസം മുമ്പെ അന്തിമ ഇലവനെ പ്രഖ്യാപിച്ച ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തിയപ്പോള്‍ കിവീസാകട്ടെ നാലു പേസര്‍മാരും ഒരു പേസ് ഓള്‍ റൗണ്ടറുമായാണ് ഗ്രൗണ്ടിലിറങ്ങിയത്.

click me!