ഗാവസ്‌കറിനൊപ്പം കോലി; ഇന്ത്യന്‍ നായകന്‍റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍

By Web TeamFirst Published Jun 20, 2021, 8:32 AM IST
Highlights

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7500 റൺസ് നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്‌മാനായി കോലി. 

സതാംപ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7500 റൺസ് നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്‌മാനായി കോലി. 154-ാം ഇന്നിംഗ്‌സിലാണ് കോലി 7500 റൺസ് പൂ‍‍ർത്തിയാക്കിയത്. 154 ഇന്നിംഗ്‌സിൽ സുനിൽ ഗാവസ്‌കറും 7500 റൺസിലെത്തിയിരുന്നു. 144-ാം ഇന്നിംഗ്‌സിൽ 7500 റൺസ് പിന്നിട്ട സച്ചിൻ ടെൻഡുൽക്കറാണ് ഒന്നാം സ്ഥാനത്ത്.  

144: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
144: വീരേന്ദര്‍ സെവാഗ്
148: രാഹുല്‍ ദ്രാവിഡ്
154: വിരാട് കോലി
154: സുനില്‍ ഗാവസ്‌കര്‍

ക്യാപ്റ്റന്‍സില്‍ ഏഷ്യന്‍ 'കിംഗ്'

മത്സരത്തിനിടെ ടെസ്റ്റ് ക്യാപ്റ്റന്‍സിയിലും വിരാട് കോലി റെക്കോര്‍ഡിട്ടു. ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളില്‍ നായകനാകുന്ന ഏഷ്യന്‍ താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. നായകനായി 61-ാം ടെസ്റ്റിനാണ് കോലി ഇറങ്ങിയത്. 60 ടെസ്റ്റിൽ നായകനായ എം എസ് ധോണിയുടെ റെക്കോര്‍ഡ് കോലി മറികടന്നു.

ടെസ്റ്റിൽ 56  മത്സരങ്ങളില്‍വീതം നായകനായിട്ടുള്ള ശ്രീലങ്കയുടെ അര്‍ജുന രണതുംഗയും പാകിസ്ഥാന്‍റെ മിസ്‌ബ ഉള്‍ ഹഖുമാണ് മൂന്നാം സ്ഥാനത്ത്. 2014ലാണ് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനായത്. 109 ടെസ്റ്റിൽ നായകനായിട്ടുളള ദക്ഷിണാഫ്രിക്കയുടെ ഗ്രെയാം സ്‌മിത്തിന്‍റെ പേരിലാണ് ലോക റെക്കോര്‍ഡ്. 

മികച്ച സ്‌കോര്‍ പ്രതീക്ഷിച്ച് ഇന്ത്യ 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ മൂന്നാം ദിവസമായ ഇന്ന് ന്യൂസിലൻഡിനെതിരെ മികച്ച സ്‌കോർ ലക്ഷ്യമാക്കി ഇന്ത്യയിറങ്ങും. മൂന്ന് വിക്കറ്റിന് 146 റണ്‍സ് എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. 44 റണ്‍സോടെ വിരാട് കോലിയും 29 റണ്‍സോടെ അജിങ്ക്യ രഹാനെയും പുറത്താകാതെ നിൽക്കുന്നു. രോഹിത് ശർമ്മ 34ഉം ശുഭ്മാൻ ഗിൽ 28ഉം ചേതേശ്വർ പൂജാര എട്ടും റണ്‍സെടുത്ത് പുറത്തായി. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: വെളിച്ചക്കുറവ് വില്ലനായി; ന്യൂസിലൻഡിനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയിൽ

ക്യാച്ചിനായി അപ്പീൽ‌ ചെയ്തത് വില്യംസൺ, ഡിആർഎസ് എടുത്തത് അമ്പയർ; ചൂടായി കോലി

ബ്രിസ്റ്റോൾ ടെസ്റ്റ്: ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾക്ക് വീരോചിത സമനില

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!