ഇന്ത്യന്‍ ടീം പരിശീലനത്തിന് ഒരുങ്ങുന്നു; കോലിയും സംഘവും വിദേശത്തേക്കെന്ന് സൂചന

By Web TeamFirst Published Jul 15, 2020, 4:05 PM IST
Highlights

ക്രിക്കറ്റില്‍ രാജ്യാന്തര മത്സരങ്ങള്‍ ആരംഭിച്ചെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച്ചയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനം സതാംപ്ടണ്‍ ടെസ്റ്റോടെ ആരംഭിച്ചത്.
 

മുംബൈ: ക്രിക്കറ്റില്‍ രാജ്യാന്തര മത്സരങ്ങള്‍ ആരംഭിച്ചെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച്ചയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനം സതാംപ്ടണ്‍ ടെസ്റ്റോടെ ആരംഭിച്ചത്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ പലരും സ്വയം പരിശീലനം ആരംഭിച്ചെങ്കിലും എല്ലാവരും ഒരുമിച്ച് പരിശീലനത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് അത്തരമൊരു പരിശീലനത്തിന് സാധ്യതയും കുറവാണ്.

അതുകൊണ്ട് മറ്റുവഴികള്‍ തേടുകയാണ് ടീം ഇന്ത്യ. വിദേശത്ത് പരിശീലനം മാറ്റാനുള്ള ശ്രമമാമ് ബിസിസിഐ നടത്തുന്നത്. മിക്കവാറും ദുബായില്‍ ആയിരിക്കും ഇന്ത്യന്‍ ടീമിന്റെ പരിശീലനം. ആറാഴ്ച നീളുന്ന പരിശീലന ക്യാംപാണ് ദുബായില്‍ സംഘടിപ്പിക്കുക.  ഇതേക്കുറിച്ച് ബിസിസിഐ അന്തിമ തീരുമാനമെടുത്തിട്ടില്ല. ജൂലൈ 17ന് ചേരുന്ന യോഗത്തില്‍ പരിശീലന ക്യാംപിനെക്കുറിച്ച് ബിസിസിഐ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ബോര്‍ഡുമായി കരാറുള്ള താരങ്ങളെല്ലാം പരിശീലനത്തില്‍ പങ്കെടുക്കണം.

കഴിഞ്ഞ നാല് മാസത്തോളം ഇന്ത്യന്‍ ടീം ക്രിക്കറ്റ് കളിച്ചിട്ടില്ല. ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ അവസാനമായി കളിച്ചത്. സെപ്റ്റംബര്‍ അവസാനത്തോടെ ഐപിഎല്ലിന്റെ 13ാം സീസണ്‍ തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. എന്നാല്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകകപ്പിന്റെ ഭാവിയെക്കുറിച്ച് ഐസിസി അന്തിമ തീരുമാനം പ്രഖ്യാപിച്ചാല്‍ മാത്രമേ ബിസിസിഐയ്ക്കു ഐപിഎല്ലുമായി മുന്നോട്ട് പോവാന്‍ കഴിയുകയുള്ളൂ.

നിലവില്‍ ഇന്ത്യയില്‍ ഐപിഎല്‍ നടക്കാനുള്ള സാധ്യത കുറവാണ്. ഐപിഎല്ലും വിദേശ രാജ്യത്തേക്ക് പോകുമെന്നാണ് അറിവ്. യുഎഇക്കാണ് ബിസിസിഐ പ്രഥമ മുന്‍ഗണന നല്‍കുന്നത്.

click me!