മെയ് 28ന് ഐപിഎല്‍ 2023 സീസണ്‍ അവസാനിക്കുമ്പോള്‍ ജൂണ്‍ ഏഴിന് ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ കലാശപ്പോര് തുടങ്ങുന്നത്
അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് നിര്‍ണായക നീക്കവുമായി ടീം ഇന്ത്യ. ഐപിഎല്ലില്‍ നിന്ന് പുറത്താകുന്ന ടീമുകളിലെ ടെസ്റ്റ് താരങ്ങള്‍ നേരത്തെ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഓസ്ട്രേലിയക്ക് എതിരായ ഫൈനലിന് പരമാവധി മുമ്പ് പരിശീലനം ആരംഭിക്കുന്നതിന് വേണ്ടിയാണിത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മെയ് 28ന് ഐപിഎല്‍ 2023 സീസണ്‍ അവസാനിക്കുമ്പോള്‍ ജൂണ്‍ ഏഴിന് ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ കലാശപ്പോര് തുടങ്ങുന്നത്. മെയ് 21ന് ഐപിഎല്‍ ലീഗ് മത്സരങ്ങള്‍ അവസാനിക്കും. ഇതോടെ പ്ലേ ഓഫിനില്ലാത്ത താരങ്ങള്‍ക്ക് മുന്‍കൂറായി ഇംഗ്ലണ്ടിലെത്താനും പരിശീലനം നടത്താനും സാധിക്കും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടാനാണിത്. ഐപിഎല്ലില്‍ കളിക്കാത്ത ചേതേശ്വര്‍ പൂജാരയും നേരത്തെ ഇംഗ്ലണ്ടിലേക്ക് തിരിച്ചേക്കും. ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് തുടങ്ങിയ താരങ്ങള്‍ പരിക്കിന്‍റെ പിടിയിലാണ് എന്നതിനാല്‍ വര്‍ക്ക് ലോഡ് മാനേജ്‌മെന്‍റും ബിസിസിഐക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. ഐപിഎല്ലിനിടെ പ്രധാന താരങ്ങള്‍ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ ബിസിസിഐ പ്രത്യേക ശ്രദ്ധ നല്‍കാനിടയുണ്ട്.
തുടർച്ചയായ രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത്. ഓസീസ് 66.67 പോയിന്‍റ് ശരാശരിയും ഇന്ത്യ 58.80 പോയിന്‍റ് ശരാശരിയുമായാണ് ഫൈനലിന് യോഗ്യത നേടിയത്. കലാശപ്പോരിന് യോഗ്യത നേടാന്‍ അവസാന നിമിഷം വരെ ശ്രീലങ്ക ഇന്ത്യക്ക് കനത്ത ഭീഷണിയുയര്‍ത്തിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ഫൈനലിനാണ് ഇറങ്ങുന്നത്. കഴിഞ്ഞ ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തി ന്യൂസിലന്‍ഡ് കിരീടം ചൂടിയിരുന്നു. ഇംഗ്ലണ്ടിലെ ന്യൂട്രല്‍ സാഹചര്യം ഇന്ത്യ-ഓസീസ് ടീമുകള്‍ തമ്മില്‍ വാശിയേറിയ പോരാട്ടം സമ്മാനിക്കും എന്നാണ് പ്രതീക്ഷ.
വാര്‍ണര്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു; ഇന്ത്യക്കെതിരെ ഏകദിന പരമ്പരയിലും ഓവലിലെ ഫൈനലിലും കളിക്കും
