
ഹരാരെ: അടുത്ത വര്‍ഷം ജനുവരി15 മുതല്‍ ഫെബ്രുവരി 16വരെ സിംബാബ്‌വെയിലും നമീബിയയിലുമായി നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്‍റെ മത്സരക്രമം പുറത്തുവിട്ട് ഐസിസി. 16 ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ആകെ 41 മത്സരങ്ങളാണ് 23 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്‍റിലുള്ളത്. അമേരിക്കക്കും ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടം പിടിച്ചത്.
ഗ്രൂപ്പ് ബിയില്‍ ആതിഥേയരായ സിംബാബ്‌വെ, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, സ്കോട്‌ലന്‍ഡ് ടീമുകളാണുള്ളത്. ഗ്രൂപ്പ് സിയില്‍ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ അയര്‍ലന്‍ഡ്, ജപ്പാന്‍, ശ്രീലങ്ക എന്നീ ടീമുകളുണ്ട്. ഗ്രൂപ്പ് ഡിയില്‍ ടാന്‍സാനിയ, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക ടീമുകളാണുള്ളത്. ടാന്‍സാനിയ ആദ്യമായാണ് ലോകകപ്പില്‍ കളിക്കുന്നത്. അതേസമയം, 2020ലെ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച ജപ്പാന്‍റെ രണ്ടാം വരവാണിത്.
ജനുവരി 15ന് അമേരിക്കക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ജനുവരി 17ന് ബംഗ്ലാദേശിനെയും ജനുവരി 24ന് ന്യൂസിലന്‍ഡിനെയും ഇന്ത്യ നേരിടും. ഇന്ത്യയുടെ മത്സരങ്ങള്‍ക്കെല്ലാം വേദിയാവുന്നത് ബുലവായോയിലെ ക്യൂന്‍സ് സ്പോര്‍ട്സ് ക്ലബ്ബാണ്. ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് ടീമുകള്‍ സൂപ്പര്‍ സിക്സിലേക്ക് യോഗ്യത നേടും. ആറ് ടീമുകളുള്ള രണ്ട് ഗ്രൂപ്പായാണ് സൂപ്പര്‍ സിക്സ് മത്സരങ്ങള്‍ നടക്കുക. ഇരു ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ട് വീതം ടീമുകളാകും സെമിയിലെത്തുക. ഫൈനലിനും സെമി ഫൈനലിനും റിസര്‍വ് ദിനമുണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക