
മുംബൈ: ബാറ്റിംഗില്‍ തിളങ്ങുമ്പോഴും റിഷഭ് പന്തിന്‍റെ(Rishabh Pant) വിക്കറ്റ് കീപ്പിംഗ് പ്രകടനം കരിയറിന്‍റെ തുടക്കകാലത്ത് അത്ര മികച്ചതായിരുന്നില്ല. റിഷഭിന്‍റെ ചോരുന്ന കൈകള്‍ ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍. എന്നാല്‍ വിക്കറ്റിന് പിന്നിലെ റിഷഭിന്‍റെ വളർച്ചയെ ഏറെ സന്തോഷത്തോടെ നോക്കിക്കാണുകയാണ് ഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ(Sanjay Manjrekar).
'വിക്കറ്റ് കീപ്പറുടെ ചുമതല റിഷഭ് പന്ത് നന്നായി നിറവേറ്റുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ബാറ്റിംഗില്‍ തിളങ്ങുമ്പോഴും ചില സാഹചര്യങ്ങളില്‍ റിഷഭിന്‍റെ വിക്കറ്റ് കീപ്പിംഗ് പ്രകടനം ചെറിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ വിക്കറ്റ് കീപ്പിംഗിലെ റിഷഭ് പന്തിന്‍റെ വളർച്ച ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ വാർത്തയാണ്. വളരെ ഗൗരവത്തോടെയാണ് ഇപ്പോള്‍ ഈ ജോലിയെ താരം കാണുന്നത്. വിക്കറ്റിന് പിന്നില്‍ അധികം വിറളി കാട്ടുന്നില്ല. അദേഹത്തിന്‍റെ വളർച്ച അവിസ്മരണീയമാണ് ധോണിയെപ്പോലെ. ബാറ്റിംഗില്‍ ശ്രദ്ധിക്കുമ്പോള്‍ വിക്കറ്റ് കീപ്പിംഗില്‍ കൈമോശം വരാം, എന്നാല്‍ റിഷഭ് പന്ത് ഏറെ ആത്മാർഥതയോടെ തന്‍റെ ജോലി സുന്ദരമായി ചെയ്യുകയാണ്' എന്നും സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
എഡ്‍ജ്‍ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെ അവസാനിച്ച അഞ്ചാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 111 പന്തില്‍ 20 ഫോറും നാല് സിക്സും സഹിതം 146 ഉം രണ്ടാം ഇന്നിംഗ്സില്‍ 86 പന്തില്‍ എട്ട് ബൗണ്ടറികളോടെ 57 ഉം റണ്‍സ് റിഷഭ് പന്ത് നേടിയിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 222 റണ്‍സ് കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ പടുത്തുയർത്തിയിരുന്നു. ഇതോടൊപ്പം വിക്കറ്റിന് പിന്നിലും റിഷഭ് മികച്ച പ്രകടനം കാഴ്ചവെച്ചു. മത്സരത്തില്‍ നാല് ക്യാച്ചുകള്‍ റിഷഭ് സ്വന്തമാക്കി. ഇതിന് പിന്നാലെയാണ് സഞ്ജയ് മഞ്ജരേക്കറുടെ പ്രശംസ.
ENG vs IND : അവസരങ്ങള്‍ അവസാനിക്കുന്നില്ല, ഉമ്രാന്‍ മാലിക്കിന് രോഹിത്തിന്‍റെ സന്തോഷ വാർത്ത