
കറാച്ചി: കരിയറില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിട്ടത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെയും രാഹുല്‍ ദ്രാവിഡിനെതിരെയും പന്തെറിയാനാണെന്ന് മുന്‍ പാക് സ്പിന്നര്‍ സഖ്‌ലിയന്‍ മുഷ്താഖ്. ഇരുവരെയും നിരവധി തവണ പുറത്താക്കിയിട്ടുണ്ടെങ്കിലും അതൊന്നും അത്ര അനായാസമായിരുന്നില്ലെന്നും നാദിര്‍ അലിയുടെ പോഡ്കാസ്റ്റില്‍ സഖ്‌ലിയന്‍ പറഞ്ഞു.
സച്ചിനെയും ദ്രാവിഡിനെയും ഞാന്‍ നിരവധി തവണ പുറത്താക്കിയിട്ടുണ്ട്.പക്ഷെ അതിനായി ഞാന്‍ ക്ഷമയോടെ ദീര്‍ഘനേരം കാത്തിരുന്നിട്ടുണ്ട്. കാരണം എലിയെ പിടിക്കുന്നതുപോലെ പുലികളെ പിടിക്കാനാവില്ലല്ലോ. ഇരുവരെയും പുറത്താക്കുന്നതിനെക്കുറിച്ച്, എങ്ങനെ വീഴ്ത്താമെന്നതിനെക്കുറിച്ച് ഞാന്‍ മണിക്കൂറുകളോളം ആലോചിച്ചിട്ടുണ്ട്. പലപ്പോഴും 20 ഓവറുകളൊക്കെ എറിഞ്ഞിട്ടും ഇരുവരെയും പുറത്താക്കാന്‍ എനിക്കായിട്ടില്ല.ലോകോത്തര ബാറ്റര്‍മാരായ ഇരുവരെയും പുറത്താക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
ഞാന്‍ സെലക്ടറാണെങ്കിലും അതേ ചെയ്യൂ, ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്ന് പുറത്തായതിനെക്കുറിച്ച് ധവാന്‍
നന്നായി ആലോചിച്ചാല്‍ മാത്രമെ എന്തെങ്കിലും ഒരു വഴി തെളിയു. അതുപോലെ ക്ഷമയോടെ പരിശ്രമിച്ചുകൊണ്ടേ ഇരിക്കുകയും വേണം. സച്ചിനും ദ്രാവിഡിനും ഗാംഗുലിക്കും അസ്ഹറുദ്ദീനുമെല്ലാം എതിരെ നല്ല രീതിയില്‍ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും തന്നെ കണ്ട് ശരിക്കും ഭയപ്പെട്ടിട്ടുള്ള ഇന്ത്യന്‍ ബാറ്റര്‍ മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയാണെന്നും സഖ്‌ലിയന്‍ പറഞ്ഞു.
ഞാന്‍ പന്തെറിയാന്‍ വരുന്നത് കാണുമ്പോഴെ ജഡേജയുടെ മുഖം വിളറി വെളുക്കുമായിരുന്നു. എനിക്കറിയാമായിരുന്നു എന്‍റെ ഒരോവര്‍ അയാള്‍ അതിജീവിക്കില്ലെന്ന്.എന്‍റെ പന്തുകളില്‍ അദ്ദേഹം എപ്പോഴും പുറത്താവുമായിരുന്നു. പക്ഷെ സച്ചിനും ഗാംഗുലിയും ദ്രാവിഡും അസ്ഹ്റുമെല്ലാം അപകടകാരികളായ ബാറ്റര്‍മാരായിരുന്നുവെന്നും സ്ഖ്‌ലിയന്‍ പറഞ്ഞു. ജഡേജയെ ഏകദിനങ്ങളില്‍ സഖ്‌ലിയന്‍ ആറ് തവണ പുറത്താക്കിയിട്ടുണ്ട്.1997ലെ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് തവണ സഖ്‌ലിയന്‍റെ പന്തില്‍ ജഡേജ പുറത്തായിരുന്നു.