കഴിഞ്ഞ സീസണില്‍ താരലേലത്തില്‍ പാടീദാറിനെ ആരും സ്വന്തമാക്കിയിരുന്നില്ല. പിന്നീട് ആര്‍സിബി ടീം അംഗമായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലുന്‍വിത് സിസോദിയക്ക് പരിക്കേറ്റതോടെയാണ് പാടീദാറിനെ പകരക്കാരനായി ടീമിലെത്തിച്ചത്. ആദ്യ സീസണില്‍ തന്നെ 333 റണ്‍സടിച്ച പാടീദാര്‍ വിരാട് കോലിക്കും ഫാഫ് ഡൂപ്ലെസിക്കും പിന്നില്‍ ടീമിന്‍റെ മൂന്നാമത്തെ വലിയ റണ്‍വേട്ടക്കാരനാവുകയും ചെയ്തു. 

ബംഗളൂരു: ഐപിഎല്ലില്‍ ആദ്യ പന്തെറിയും മുമ്പെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വമ്പന്‍ തിരിച്ചടി. പരിക്കില്‍ നിന്ന് മുക്തനാകാത്ത ഇന്ത്യന്‍ യുവതാര രജത് പാടീദാറിന് ഐപിഎല്ലിലെ ആദ്യ പകുതി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ ആര്‍സിബി ക്യാംപില്‍ ചേരാന്‍ തയാറെടുക്കവെയാണ് പാടീദാറിന് കാലിന്‍റെ ഉപ്പൂറ്റിക്ക് പരിക്കേറ്റത്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള പാടീദാറിന് മൂന്നാഴ്ച വിശ്രമം ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മൂന്നാഴ്ചക്കുശേഷം എംആര്‍ഐ സ്കാനിംഗിന് വിധേയനാക്കിയശേഷമെ പാടീദാറിന് ഐപിഎല്ലില്‍ കളിക്കാന്‍ കഴിയുമോ എന്ന് വ്യക്തമാക്കാനാവു. ആര്‍സിബി ക്യാംപില്‍ ചേരണമെങ്കില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നുള്ള എന്‍ഒസിയും വേണം.

കഴിഞ്ഞ സീസണില്‍ പകരക്കാരനായി ടീമിലെത്തിയ പാടീദാര്‍ ടീമിനായി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ 49 പന്തില്‍ സെഞ്ചുറി നേടിയ പാടീദാര്‍ ഐപിഎല്ലിലെ ഇന്ത്യന്‍ താരത്തിന്‍റെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ സീസണില്‍ താരലേലത്തില്‍ പാടീദാറിനെ ആരും സ്വന്തമാക്കിയിരുന്നില്ല. പിന്നീട് ആര്‍സിബി ടീം അംഗമായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലുന്‍വിത് സിസോദിയക്ക് പരിക്കേറ്റതോടെയാണ് പാടീദാറിനെ പകരക്കാരനായി ടീമിലെത്തിച്ചത്. ആദ്യ സീസണില്‍ തന്നെ 333 റണ്‍സടിച്ച പാടീദാര്‍ വിരാട് കോലിക്കും ഫാഫ് ഡൂപ്ലെസിക്കും പിന്നില്‍ ടീമിന്‍റെ മൂന്നാമത്തെ വലിയ റണ്‍വേട്ടക്കാരനാവുകയും ചെയ്തു.

ഐപിഎല്ലിന് പിന്നാലം രഞ്ജി ട്രോഫിയിലും മിന്നിയ പാടീദാറിനെ ഇന്ത്യന്‍ ടീമിലും എടുത്തെങ്കിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചില്ല.പാടീദാറിന് കളിക്കാന്‍ കഴിയില്ലെന്ന ഉറപ്പായ സാഹചര്യത്തില്‍ ആര്‍സിബി ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്താന്‍ നിര്‍ബദ്ധിതരാവുമെന്നാണ് കരുതുന്നത്. വിരാട് കോലിയും ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയും ഓപ്പണര്‍മാരാകുമെന്നായിരുന്നു ആര്‍ബിസി ഡയറക്ടര്‍ മൈക്ക് ഹെസ്സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. പുതിയ സാഹചര്യത്തില്‍ ഇതിന് മാറ്റം വന്നേക്കും. പാടീദാറിന് പുറമെ ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹെസല്‍വുഡിന്‍റെ സേവനവും ആര്‍സിബിക്ക് ഇത്തവണ നഷ്ടമാവുമെന്നാണ് സൂചന.

ആര്‍സിബി ടീം: വിരാട് കോലി, ഗ്ലെൻ മാക്‌സ്‌വെൽ, മുഹമ്മദ് സിറാജ്, ഫാഫ് ഡു പ്ലെസിസ്, ഹർഷൽ പട്ടേൽ, വാനിന്ദു ഹസരംഗ, ദിനേശ് കാർത്തിക്, ഷഹബാസ് അഹമ്മദ്, രജത് പട്ടീദാർ, അനൂജ് റാവത്ത്, ആകാശ് ദീപ്, ജോഷ് ഹേസൽവുഡ്, മഹിപാൽ ലോമറോർ, ഫിൻ അലൻ, സുയാഷ് ശർമ, സുയാഷ് പ്രഭുദേസ് കൗൾ, ഡേവിഡ് വില്ലി, റീസ് ടോപ്ലി, ഹിമാൻഷു ശർമ്മ, മനോജ് ഭണ്ഡാഗെ, രാജൻ കുമാർ, അവിനാഷ് സിംഗ്, സോനു യാദവ്, മൈക്കൽ ബ്രേസ്‌വെൽ.