'ഇന്ത്യൻ ടീമിലെ ചീഞ്ഞ മുട്ട', ശിഖര്‍ ധവാനെതിരെ ആഞ്ഞടിച്ച് പാക് മുന്‍താരം ഷഹീദ് അഫ്രീദി

Published : Jul 21, 2025, 11:15 AM ISTUpdated : Jul 21, 2025, 12:20 PM IST
Shahid Afridi

Synopsis

ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറിയതിന് പിന്നാലെ ശിഖര്‍ ധവാനെതിരെ രൂക്ഷവിമര്‍ശനവുമായി ഷഹീദ് അഫ്രീദി. 

ലണ്ടൻ: ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് തൊട്ടു മുമ്പ് പാകിസ്ഥാനുമായി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പിന്‍മാറിയതിന് പിന്നാലെ ഇന്ത്യൻ ഓപ്പണര്‍ ശിഖര്‍ ധവാനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് നായകന്‍ ഷഹീഹിദ് അഫ്രീദി. ഇന്ത്യൻ ടീം അംഗങ്ങളെല്ലാം പാകിസ്ഥാനെതിരെ മത്സരിക്കാന്‍ തയാറായിരുന്നുവെന്നും എന്നാല്‍ ശിഖ‍ർ ധവാനാണ് പ്രശ്നമുണ്ടാക്കിയതെന്നും പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഫ്രീദി പറഞ്ഞു.

ഞായറാഴ്ചയായിരുന്നു മുന്‍ താരങ്ങള്‍ മത്സരിക്കുന്ന വേള്‍ഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജന്‍ഡ്സ് ടൂര്‍ണമെന്‍റില്‍ യുവരാജ് സിംഗ് നയിക്കുന്ന ഇന്ത്യ ചാമ്പ്യൻസും പാകിസ്ഥാന്‍ ചാമ്പ്യൻസും തമ്മില്‍ മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനങ്ങള്‍ നടത്തിയ ഷഹീദ് അഫ്രീദി പാകിസ്ഥാൻ ടീമിലുണ്ടെന്നതും ചൂണ്ടിക്കാട്ടി പാകിസ്ഥാനുമായി കളിക്കാനില്ലെന്ന് ഇന്ത്യൻ താരങ്ങള്‍ നിലപാടെടുത്തോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. അഫ്രീദി ഉള്‍പ്പെട്ട പാക് ടീമിനെതിരെ പ്രദര്‍ശന മത്സരം പോലും കളിക്കില്ലെന്ന് ധവാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 11ന് എടുത്ത പ്രതിജ്ഞയില്‍ ഇന്നും മാറ്റമില്ല. എനിക്കെന്‍റെ രാജ്യം മറ്റെന്തിനെക്കാളും വലുതാണ്, അതിലും വലുതായി ഒന്നുമില്ലെന്ന് വ്യക്തമാക്കിയാണ് പാകിസ്ഥാനെതിരെ കളിക്കില്ലെന്ന നിലപാട് സോഷ്യല്‍ മീഡിയയിലൂടെ ധവാന്‍ പരസ്യമാക്കിയത്.

 

പാകിസ്ഥാനെതിരെ കളിക്കാനാവാത്തതില്‍ ഇന്ത്യൻ ടീമിലെ ഭൂരിഭാഗം താരങ്ങളും നിരാശരാണെന്നും ശിഖര്‍ ധവാനാണ് പ്രശ്നമുണ്ടാക്കിയതെന്നും അഫ്രീദി പറഞ്ഞു. ധവാന്‍ ഇന്ത്യൻ ടീമിലെ മറ്റ് താരങ്ങളെ കൂടി ചീത്തയാക്കുന്ന ചീഞ്ഞമുട്ടയാണ് ധവാന്‍ എന്ന് അഫ്രീദി പറഞ്ഞു. സ്പോര്‍ട്സിലൂടെ രാജ്യങ്ങള്‍ തമ്മില്‍ അടുക്കുകയാണ് ചെയ്യുന്നത്. ഇതിനിടയില്‍ രാഷ്ട്രീയം കലര്‍ത്തിയാല്‍ പിന്നെ എങ്ങനെയാണ് മുന്നോട്ടുപോകാനാവുക. ആശയവിനിമയം നടത്താതെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനാകുമോ. ഇത്തരം ടൂര്‍ണമെന്‍റുകള്‍ കളിക്കാര്‍ക്ക് പരസ്പരം ഇടപഴകാനും അടുത്തറിയാനുമുള്ള അവസരം കൂടിയാണ്. പക്ഷെ ഒരു ടീമില്‍ എല്ലായ്പ്പോഴും ഒരു ചീഞ്ഞ മുട്ടയുണ്ടാകും. അത് മറ്റെല്ലാറ്റിനെയും നശിപ്പിക്കും-അഫ്രീദി പറഞ്ഞു.

ധവാന്‍ രാജ്യത്തിന് തന്നെ നാണക്കേടാണ്. ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇന്ത്യൻ ടീം പിന്നെ എന്തിനാണ് ഇംഗ്ലണ്ടിലേക്ക് വന്നത്. മത്സരത്തിന്‍റെ തലേ ദിവസം അവര്‍ പരിശീലനം നടത്തിയിരുന്നു.അതിനര്‍ത്ഥം അവര്‍ കളിക്കാന്‍ തയാറായിരുന്നു എന്ന് തന്നെയാണ്. ഒരു കളിക്കാരന്‍ കാരണമാണ് അവര്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറിയത്. ഇന്ത്യൻ ടീമിലെ മറ്റ് അംഗങ്ങളെല്ലാം അക്കാര്യത്തില്‍ നിരാശരാണ്. രാജ്യത്തിന്‍റെ നല്ല അംബാസഡര്‍മാരാകാനാണ് കളിക്കാര്‍ ശ്രമിക്കേണ്ടത്, അല്ലാതെ രാജ്യത്തെ നാണംകെടുത്താനല്ലെന്നും അഫ്രീദി പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം അഫ്രീദി നടത്തിയ വിവാദ പ്രസ്താവനകളാണ് കടുത്ത നിലപാടെടുക്കാന്‍ ഇന്ത്യൻ ടീമിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണം സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കുനേരെ ഇന്ത്യ തന്നെ നടത്തിയതാണെന്നും തീവ്രവാദികള്‍ ഇന്ത്യക്കാരെ വെടിവെച്ചു കൊല്ലുമ്പോള്‍ എട്ട് ലക്ഷം സൈനികരുള്ള ഇന്ത്യയില്‍ നിന്ന് ഒരാള്‍ പോലും എതിര്‍ക്കാനായി ഉണ്ടായിരുന്നില്ലെന്നും അഫ്രീദി ആരോപിച്ചിരുന്നു. ഇന്ത്യ തന്നെ സ്വന്തം പൗരന്‍മാരെ വെടിവെച്ചു കൊന്നശേഷം പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും അഫ്രീദി പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്