
ചെന്നൈ: ഐപിഎല്ലിനിടെ മലയാളി താരം ശ്രീശാന്തിനെ തല്ലിയ സംഭവം തന്‍റെ ഭാഗത്തു നിന്നുണ്ടായ പൊറുക്കാനാവാത്ത തെറ്റാണന്ന് ആവര്‍ത്തിച്ച് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. ഒരു ഇരുന്നൂറ് തവണയെങ്കിലും താന്‍ ഇക്കാര്യത്തില്‍ മാപ്പു പറഞ്ഞിട്ടുണ്ടെന്നും ഇനിയും പൊതുവേദിയില്‍ മാപ്പു പറയാന്‍ തയാറാണന്നും ആര്‍ അശ്വിന്‍റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.
2008ലെ ആദ്യ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരശേഷമാണ് മത്സരത്തിനിടെയുണ്ടായ വാക് പോരിന്‍റെ പേരില്‍ ഹര്‍ഭജന്‍ സിംഗ് മത്സരശേഷം കളിക്കാര്‍ പരസ്പരം കൈ കൊടുക്കുന്നതിനിടെ ശ്രീശാന്തിന്‍റെ കരണത്തടിച്ചത്. ആ സംഭവം തന്‍റെ കരിയറില്‍ നിന്നു തന്നെ തുടച്ചുമാറ്റാന്‍ ആഗ്രഹിക്കുന്ന ഒന്നാണെന്നും താന്‍ ഒരിക്കലും അങ്ങനെ പെരുമാറരുതായിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ജീവിതത്തില്‍ ഒരിക്കലും ആവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു സംഭവം ഏതാണെന്ന് ചോദിച്ചാൽ ശ്രീശാന്തിനെ തല്ലിയത് ആണെന്നെ എനിക്ക് പറയാനുള്ളു. എന്‍റെ കരിയറില്‍ നിന്നു തന്നെ അത് മായ്ച്ചു കളയാന്‍ ഞാനഗ്രഹിക്കുന്ന കാര്യമാണത്. ഞാന്‍ ചെയ്തത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത വലിയ തെറ്റാണ്. ആ സംഭവത്തിനുശേഷം ഒരു 200 തവണയെങ്കിലും ഞാന്‍ മാപ്പു പറഞ്ഞിട്ടുണ്ട്. അവസരം കിട്ടുമ്പോഴെല്ലാം ഇപ്പോഴും ഞാന്‍ മാപ്പു പറയാറുമുണ്ട്. അതെന്‍റെ വലിയ പിഴവായിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ ശ്രീശാന്തിന്‍റെ മകളെ നേരില്‍ കണ്ടപ്പോള്‍ ഞാനവളോട് സ്നേഹത്തോടെ സംസാരിക്കാന്‍ ശ്രമിച്ചു. എന്നാൽ അവൾ എന്നോട് ചോദിച്ചത്, നിങ്ങളെന്‍റെ അച്ഛനെ തല്ലിയ ആളല്ലേ, ഞാന്‍ നിങ്ങളോട് സംസാരിക്കാനില്ലെന്നായിരുന്നു. ആ വാക്കുകള്‍ എന്നെ തകര്‍ത്തു കളഞ്ഞു. ഞാന്‍ കരച്ചിലിന്‍റെ വക്കത്തായി. എന്നെക്കുറിച്ച് അവൾ എന്താണ് ധരിച്ചുവെച്ചിരിക്കുന്നത് എന്നോര്‍ത്ത് എന്‍റെ ഹൃദയം നുറുങ്ങി.
അവളെന്നെ എത്ര മാത്രം മോശക്കാരനായിട്ടായിരിക്കും മനസില്‍ കരുതിയിട്ടുണ്ടാകുക. അവളുടെ അച്ഛനെ തല്ലിയ ആളായിട്ടിരിക്കില്ലെ അവളെന്നെ ഓര്‍ക്കുക എന്നോര്‍ത്ത് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. സംഭവിച്ച തെറ്റിന് ഞാന്‍ ശ്രീശാന്തിനോടും മകളോടും ഇപ്പോഴും മാപ്പു ചോദിക്കുന്നു. അതില്‍ കൂടുതല്‍ ഇനി എനിക്ക് എന്താണ് ചെയ്യാനാവുകയെന്നും ഹര്‍ഭജന്‍ അഭിമുഖത്തില്‍ പറഞ്ഞു.
2008ലെ സംഭവത്തിനുശേഷം ശ്രീശാന്തും ഹര്‍ഭജനും സുഹൃത്തുക്കളായിരുന്നു. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ഒരുമിച്ച് കളിക്കുകയും ചെയ്തു. വിരമിക്കലിന് ശേഷം സീനിയര്‍ താരങ്ങളുടെ വിവിധ ലീഗുകളിലും ഇരുവരും ഒരുമിച്ച് കളിക്കുകയും റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!