അസഹറുദ്ദീന് മൂന്നാം സെഞ്ചുറി; കൊല്ലം സെയ്‌ലേഴ്‌സിനെതിരെ ആലപ്പി റിപ്പിള്‍സിന് റെക്കോര്‍ഡ് സ്‌കോര്‍

Published : Aug 29, 2026, 10:07 PM IST
Alleppey Ripples

Synopsis

മുഹമ്മദ് അസ്ഹറുദ്ദീന്റെ സീസണിലെ മൂന്നാം സെഞ്ചുറിയുടെയും സച്ചിൻ ബേബി, ആകാശ് പിള്ള എന്നിവരുടെ അർദ്ധ സെഞ്ചുറികളുടെയും മികവിൽ, ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരെ ആലപ്പി റിപ്പിൾസ് റെക്കോർഡ് സ്കോറായ 253 റൺസ് നേടി.

തിരുവനന്തപുരം: ബാറ്റര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരെ 253 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി ആലപ്പി റിപ്പിള്‍സ്. കെസിഎല്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. സീസണിലെ തന്റെ മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിള്‍സിന്റെ ടോപ് സ്‌കോറര്‍. സച്ചിന്‍ ബേബിയും ആകാശ് പിള്ളയും അര്‍ദ്ധ സെഞ്ചുറിയും നേടി.

ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ആകാശ് പിള്ള തുടങ്ങിയത്. തുടര്‍ന്ന് കണ്ടത് കൂറ്റന്‍ ഷോട്ടുകളുടെ പെരുമഴയാണ്. പവന്‍ രാജിനൊഴികെ സെയിലേഴ്‌സ് ബൗളിങ് നിരയിലാര്‍ക്കും റിപ്പിള്‍സിന്റെ സ്‌കോറിങ് നിയന്ത്രിച്ചു നിര്‍ത്താനായില്ല. അഞ്ചാം ഓവറില്‍ തന്നെ റിപ്പിള്‍സിന്റെ സ്‌കോര്‍ അന്‍പതിലെത്തി. തന്റെ മാന്ത്രിക ഫോം തുടര്‍ന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ വെറും 23 പന്തുകളില്‍ നിന്നാണ് അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. എസ്. മിഥുന്‍ എറിഞ്ഞ എട്ടാം ഓവറില്‍ മൂന്ന് സിക്‌സടക്കം 21 റണ്‍സാണ് അസ്ഹറുദ്ദീന്‍ നേടിയത്. മറുവശത്ത് ആകാശ് പിള്ള അസറിന് മികച്ച പിന്തുണ നല്‍കി.

സെയിലേഴ്‌സിന്റെ ക്യാപ്റ്റന്‍ വത്സല്‍ ഗോവിന്ദ് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അസ്ഹറുദ്ദീനും ആകാഷും ചേര്‍ന്ന് 8.3 ഓവറില്‍ റിപ്പിള്‍സിന്റെ സ്‌കോര്‍ 100 കടത്തി. സ്‌കോര്‍ 55ല്‍ നില്‍ക്കെ 14-ാം ഓവറിലെ ആദ്യ പന്തിലാണ് റിപ്പിള്‍സിന്റെ ഏക വിക്കറ്റ് വീണത്. 42 പന്തില്‍ 72 റണ്‍സെടുത്ത ആകാശ് പിള്ള, എ.ജി. അമലിന്റെ പന്തില്‍ എസ്. മിഥുന്‍ ക്യാച്ചെടുത്താണ് പുറത്തായത്. 11 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ആകാഷിന്റെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും ആഞ്ഞടിച്ചതോടെ 17-ാം ഓവറില്‍ സ്‌കോര്‍ 200ല്‍ എത്തി.

തൊട്ടുപിന്നാലെ അസ്ഹറുദ്ദീന്‍ തന്റെ മൂന്നാം സെഞ്ചുറിയും പൂര്‍ത്തിയാക്കി. കെസിഎല്‍ ചരിത്രത്തിലാദ്യമായാണ് ഒരു താരം മൂന്ന് സെഞ്ചുറി നേടുന്നത്. 23 പന്തില്‍ അന്‍പത് തികച്ച അസര്‍, 48 പന്തിലാണ് നൂറിലെത്തിയത്. ഈ സീസണില്‍ സെയിലേഴ്‌സിനെതിരെയുള്ള ആദ്യ മത്സരത്തിലും അസര്‍ സെഞ്ച്വറി നേടിയിരുന്നു. ഇന്നിങ്‌സിനിടെ അസര്‍ ഈ സീസണില്‍ 500 റണ്‍സും പൂര്‍ത്തിയാക്കി. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറിയുമടക്കം 526 റണ്‍സാണ് സീസണില്‍ അസറുദ്ദീന്‍ ഇത് വരെ നേടിയത്. 52 പന്തില്‍ നാല് ഫോറും എട്ട് സിക്‌സുമടക്കം 107 റണ്‍സുമായി അസ്ഹറുദ്ദീന്‍ പുറത്താകാതെ നിന്നു.

മറുവശത്ത് സച്ചിന്‍ ബേബിയും തകര്‍പ്പന്‍ ഇന്നിങ്‌സാണ് കാഴ്ചവച്ചത്. 26 പന്തുകളില്‍ നാല് ഫോറും ഏഴ് സിക്‌സുമടക്കം 68 റണ്‍സാണ് സച്ചിന്‍ നേടിയത്. കെ ജി അഖില്‍ എറിഞ്ഞ അവസാന ഓവറില്‍ നാല് പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 22 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മറ്റ് വനിതാ താരങ്ങളെ അപേക്ഷിച്ച് അനുകൂല ഘടകങ്ങളില്ല'; മരിസാനെ കാപ്പിന് മറുപടിയുമായി അനായ ബംഗാര്‍
ഇമ്രാന്‍ ഖാന്റെ മോചനത്തിനായി പൊട്ടിക്കരഞ്ഞ് ജാവേദ് മിയാന്‍ദാദ്; അദ്ദേഹം ഒരു സത്യസന്ധനായ മനുഷ്യനെന്ന് മുന്‍ താരം