
മുംബൈ: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്‍റെ വേദികള്‍ ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടപ്പോള്‍ ആദ്യം വലിയ സന്തോഷത്തിലായിരുന്നു മലയാളികള്‍.ലോകകപ്പ് വേദികളില്‍ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍റെ പേരും കണ്ടതോടെയാണ് മലയാളികള്‍ ആവേശത്തിലായത്. എന്നാല്‍ വേദികള്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ മത്സരക്രമവും പുറത്തുവന്നപ്പോള്‍ മലയാളികള്‍ നിരാശയിലായി.
കാരണം വേദികളില്‍ തിരുവനന്തപുരം ഉണ്ടെങ്കിലും സന്നാഹ മത്സരങ്ങള്‍ക്ക് മാത്രമാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുകയെന്ന് പിന്നീട് വ്യക്തമായി. തിരുവനന്തപുരം, ഹൈദരാബാദ് , ഗുവാഹത്തി സ്റ്റേഡിയങ്ങള്‍ സന്നാഹ മത്സരത്തിന് വേദിയാവുമ്പോള്‍ രാജ്യത്തെ മറ്റ് 10 സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.
ലോകകപ്പ് വേദിയായി തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്താതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ എംപി. ലോകകപ്പ് പോലെ ദൈര്‍ഘ്യമേറിയൊരു ടൂര്‍ണമെന്‍റ് നടത്തുമ്പോള്‍ മത്സരം കുറച്ചു വേദികളിലായി പരിമിതപ്പെടുത്താതെ കുറച്ചൂകൂടി സ്ഥലത്തേക്ക് സന്തോഷം പരത്താമായിരുന്നുവെന്ന് ശശി തരൂര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
തിരുവനന്തപുരത്ത് ഗ്രീഫീല്‍ഡ് പോലെ മനോഹരമായൊരു സ്റ്റേഡിയമുണ്ട്. അതുപോലെ മൊഹാലി, റാഞ്ചി തുടങ്ങിയ സ്റ്റേഡിയങ്ങളെല്ലാം ഒഴിവാക്കപ്പെട്ടു. ചിലയിടത്ത് നാലു അഞ്ചും മത്സരങ്ങള്‍ നടക്കുമ്പോള്‍ മറ്റു ചില സ്റ്റേഡിയങ്ങളില്‍ രണ്ടും മൂന്നും മത്സരങ്ങളാണുള്ളത്. നാലും അഞ്ചും മത്സരങ്ങള്‍ ഒരു സ്റ്റേഡിയത്തില്‍ നടത്തുന്നതിന് പകരം രാജ്യത്തെ കൂടുതല്‍ സ്റ്റേഡിയങ്ങളില്‍ മത്സരം നടത്താന്‍ തയാറാവാത്തത് ബിസിസിഐക്ക് പറ്റിയ പിഴവാണെന്നും ശശി തരൂര്‍ പറഞ്ഞു.
ലോകകപ്പ് സെമിയില്‍ എതിരാളികള്‍ പാക്കിസ്ഥാനെങ്കില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് നിര്‍ഭാഗ്യവേദി
ലോകകപ്പ് വേദികളില്‍ ചെന്നൈയിലും ഡല്‍ഹിയിലും പൂനെയിലും ബെംഗലൂരുവിലുമെല്ലാം അഞ്ച് മത്സരങ്ങള്‍ വീതം നടക്കുന്നുണ്ട്. ലോകകപ്പിന് മുന്നോടിയായി സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയായിരിക്കും ടീമുകള്‍ തമ്മില്‍ സന്നാഹ മത്സരങ്ങള്‍ കളിക്കുക.ഇന്ത്യയുടെ ഒരു സന്നാഹ മത്സരത്തിനാവും തിരുവനന്തപുരം വേദിയാവുക എന്നാണ് സൂചന.