സുരക്ഷാഭീഷണിയുള്ളതിനാല്‍ മുംബൈയില്‍ കളിക്കാനാവില്ലെന്ന് പാക്കിസ്ഥാന്‍ അറിയിച്ചതിനാല്‍ ആദ്യ സെമി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണെങ്കില്‍ രണ്ടാം സെമിക്ക് വേദിയാവേണ്ട കൊല്‍ക്കത്തയിലേക്ക് മത്സരം മാറ്റും
മുംബൈ: ഇന്ത്യയില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിന്‍റെ മത്സരക്രമം ഐസിസി പുറത്തുവിട്ടപ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് അഹമ്മദാബാദ് തന്നെയാണ് വേദിയാവുക എന്ന് ഉറപ്പായെങ്കിലും ആരാധകര്‍ക്ക് മറ്റൊരു നിരാശ കൂടിയുണ്ട്. ലോകകപ്പിലെ ആദ്യ സെമിയില്‍ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വന്നാല്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാവില്ല സെമി മത്സരം അരങ്ങേറുക.
സുരക്ഷാഭീഷണിയുള്ളതിനാല്‍ മുംബൈയില്‍ കളിക്കാനാവില്ലെന്ന് പാക്കിസ്ഥാന്‍ അറിയിച്ചതിനാല്‍ ആദ്യ സെമി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണെങ്കില്‍ രണ്ടാം സെമിക്ക് വേദിയാവേണ്ട കൊല്‍ക്കത്തയിലേക്ക് മത്സരം മാറ്റും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമത് എത്തുന്ന ടീമും നാലാമത് എത്തുന്ന ടീമും തമ്മിലാണ് ആദ്യ സെമി നടക്കേണ്ടത്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും തമ്മില്‍ കൊല്‍ക്കത്തയില്‍ രണ്ടാം സെമിയും കളിക്കണമെന്നുമാണ് നിലവിലെ മത്സരക്രമം പറയുന്നത്.
എന്നാല്‍ പാക്കിസ്ഥാനാണ് ഒന്നാം സെമിയില്‍ കളിക്കുന്നതെങ്കില്‍ എതിരാളികാള്‍ ആരായാലും മത്സരം കൊല്‍ക്കത്തയിലായിരിക്കും നടക്കുക. പകരം രണ്ടാം സെമി മുംബൈയില്‍ നടക്കും. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പില്‍ കിരീടം നേടിയത് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഭാഗ്യവേദി കൂടിയായാണ് വാംഖഡെയെ വിലയിരുത്തുന്നത്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും രണ്ടും മൂന്നും സ്ഥാനങ്ങലിലെത്തിയാലും ഇന്ത്യക്ക് ആശങ്കയുണ്ട്. അങ്ങനെവന്നാല്‍ വേദി മാറ്റേണ്ടിവരില്ലെങ്കിലും പാക്കിസ്ഥാന് മികച്ച റെക്കോര്‍ഡുള്ള കൊല്‍ക്കത്തയില്‍ ഇന്ത്യക്ക് രണ്ടാം സെമി കളിക്കേണ്ടിവരും.
പത്തുവര്‍ഷം മുമ്പ് 2013ലാണ് പാക്കിസ്ഥാനും ഇന്ത്യയും കൊല്‍ക്കത്തയില്‍ അവസാനമായി ഏകദിന മത്സരത്തില്‍ ഏറ്റുമുട്ടിയത്. അന്ന് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 250 റണ്‍സെ അടിച്ചുള്ളൂവെങ്കിലും ഇന്ത്യയെ 165 റണ്‍സിന് പുറത്താക്കി 85 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടി. അതിന് മുമ്പ് 2004ല്‍ കൊല്‍ക്കത്തയില്‍ ഏറ്റുമുട്ടിയപ്പോഴും പാക്കിസ്ഥാന്‍ ആറ് വിക്കറ്റിന് ജയിച്ചു. 1989ല്‍ കൊല്‍ക്കത്തയില്‍ കളിച്ചപ്പോഴും പാക്കിസ്ഥാനായിരുന്നു വിജയം. 77 റണ്‍സിനാണ് പാക്കിസ്ഥാന്‍ അന്ന് ഇന്ത്യയെ തകര്‍ത്തത്. 1987ല്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് വിക്കറ്റിനായിരുന്നു പാക്കിസ്ഥാനോട് ഇന്ത്യ തോറ്റത്. 1996ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ശ്രീലങ്കയോട് ദയനീയമായി തോറ്റതും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു.
