കേരള ക്രിക്കറ്റ് ലീഗില്‍ കരുത്ത് തെളിയിക്കാന്‍ തിരുവനന്തപുരത്തിന്റെ താരങ്ങള്‍

Published : Jul 21, 2026, 05:23 PM IST
KCL Trivandrum Royals

Synopsis

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ തിരുവനന്തപുരത്ത് നിന്നുള്ള 17 താരങ്ങൾ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങുന്നു. 'ട്രിവാന്‍ഡ്രം റോയല്‍സ്' ടീമിന്റെ നട്ടെല്ലായി അഞ്ച് താരങ്ങൾ അണിനിരക്കുമ്പോൾ, കഴിഞ്ഞ സീസണിലെ റൺവേട്ടക്കാരും വിക്കറ്റ് വേട്ടക്കാരും ഉൾപ്പെടെയുള്ള പ്രമുഖർ ഇത്തവണയും തലസ്ഥാനത്തിന്റെ അഭിമാനമാകാൻ ഒരുങ്ങുകയാണ്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് കളമൊരുങ്ങുമ്പോള്‍ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ ടീമുകളിലായി അണിനിരക്കുന്നത്. കെസിഎല്ലിന് മുന്നോടിയായി നടന്ന എന്‍എസ്‌കെ ട്രോഫിയിലും തിരുവനന്തപുരം ഫൈനലിലെത്തിയിരുന്നു. നേരിയ വ്യത്യാസത്തിലായിരുന്നു എറണാകുളത്തോട് കിരീടം നഷ്ടപ്പെട്ടത്. ടൂര്‍ണമെന്റില്‍ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന പ്രമുഖ ടീമുകളില്‍ ഒന്നായ 'ട്രിവാന്‍ഡ്രം റോയല്‍സ്' വളരെ ശക്തമായ നിരയുമായാണ് മൂന്നാം സീസണിന് ഒരുങ്ങുന്നത്.

തലസ്ഥാന നഗരിയുടെ ക്രിക്കറ്റ് പെരുമ കാക്കാന്‍ തിരുവനന്തപുരത്തുനിന്നുള്ള അഞ്ച് താരങ്ങളാണ് ഇത്തവണ റോയല്‍സ് ജേഴ്‌സിയില്‍ അണിനിരക്കുന്നത്. കൃഷ്ണ പ്രസാദ്, അഭിഷേക് പി നായര്‍, ഭരത് സൂര്യ, അജീഷ് കെ, രാഹുല്‍ ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഈ അഞ്ചംഗ സംഘം ടീമിന്റെ നട്ടെല്ലാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ റണ്‍വേട്ടയില്‍ മുന്നിലെത്തിയ ആദ്യ രണ്ട് പേരും തിരുവനന്തപുരത്തുനിന്നുള്ള താരങ്ങളായിരുന്നു. 479 റണ്‍സുമായി കൃഷ്ണപ്രസാദും 437 റണ്‍സുമായി അഹ്മദ് ഇമ്രാനും. കൃഷ്ണപ്രസാദിനെ തിരുവനന്തപുരവും അഹ്മദ് ഇമ്രാനെ തൃശൂര്‍ ടൈറ്റന്‍സും നിലനിര്‍ത്തിയിട്ടുണ്ട്. ഇരുവര്‍ക്കും ഏഴര ലക്ഷം രൂപ വീതമാണ് ലേലത്തില്‍ ലഭിച്ചത്.

കൂടാതെ ഷോണ്‍ റോജര്‍, അഭിഷേക് ജെ നായര്‍, മാനവ് കൃഷ്ണ, കൃഷ്ണദേവന്‍ തുടങ്ങി ബാറ്റര്‍മാരുടെ നീണ്ടൊരു നിര തന്നെ തിരുവനന്തപുരത്തിന്റെ അഭിമാനമായി കളത്തിലിറങ്ങുന്നുണ്ട്. കഴിഞ്ഞ രണ്ട് സീസണിലും ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്തിയ അഭിഷേക് ജെ നായര്‍ ഇക്കുറിയും കൊല്ലം സെയിലേഴ്‌സിനൊപ്പം തന്നെയാണ്. യുവതാരങ്ങളായ ഷോണ്‍ റോജറും മാനവ് കൃഷ്ണയും തൃശൂരിനായും പാഡുകെട്ടും. ദേശീയ അണ്ടര്‍ 19 താരമായ മാനവ് കൃഷ്ണയുടെ ആദ്യ കെസിഎല്‍ സീസണ്‍ കൂടിയാണിത്. വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ കഴിഞ്ഞ സീസണില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കൃഷ്ണദേവനും എ.കെ. അര്‍ജുനും ഏവരും ഉറ്റുനോക്കുന്ന താരങ്ങളാണ്.

ബാറ്റിങ്ങിലെപ്പോലെ ബൗളിങ്ങിലും ഓള്‍റൗണ്ട് മികവിലും വിവിധ ടീമുകള്‍ക്ക് കരുത്തായി തിരുവനന്തപുരത്തിന്റെ താരങ്ങള്‍ ഇത്തവണ രംഗത്തുണ്ട്. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളിലൊരാളായ അഭിജിത്ത് പ്രവീണ്‍ ബാറ്റിങ്ങിലും ചില മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവെച്ചിരുന്നു. ആറ് ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിള്‍സാണ് ഇത്തവണ അഭിജിത്തിനെ സ്വന്തമാക്കിയത്. അഭിജിത്തിന് പുറമെ വിജയ് വിശ്വനാഥ്, ബിജു നാരായണന്‍, ശരത്ചന്ദ്രപ്രസാദ് തുടങ്ങിയ താരങ്ങളും ഓള്‍റൗണ്ട് മികവുമായി മൂന്നാം സീസണിലേക്കായി തയ്യാറെടുക്കുകയാണ്. ബൗളിങ്ങില്‍ ഏദന്‍ ആപ്പിള്‍ ടോം, രാഹുല്‍ ചന്ദ്രന്‍ തുടങ്ങിയ താരങ്ങളും ഇത്തവണ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് കെസിഎല്ലിലുണ്ട്. മുഹമ്മദ് ഷാനു, അഭിഷേക് പി നായര്‍, ഭരത് സൂര്യ, അജീഷ് കെ തുടങ്ങിയവരാണ് ജില്ലയില്‍ നിന്നുള്ള മറ്റ് താരങ്ങള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'തുല്യശക്തികളുടെ പോരാട്ടം'; ഇന്ത്യക്കെതിരായ ടി20 പരമ്പരയെ കുറിച്ച് സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ
'ഇഷാന്‍ കിഷന്റെ വരവോടെ ഞാന്‍ പിന്തള്ളപ്പെട്ടു'; ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടതിനെക്കുറിച്ച് സഞ്ജു