
തിരുവനന്തപുരം: കാര്യവട്ടത്ത് മലയാളി ക്രിക്കറ്റ് പ്രേമികള്‍ അത്രയധികം പ്രതീക്ഷയിലായിരുന്നു. തങ്ങളുടെ ഹീറോ സഞ്ജു സാംസണ്‍ ഹോം ഗ്രൗണ്ടില്‍ പാഡണിയും. വിന്‍ഡീസിനെതിരായ രണ്ടാം ടി20ക്ക് മുന്‍പ് ടീം ഇന്ത്യ ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോഴും ആരാധകര്‍ അതുറപ്പിച്ചു. കാരണം, സഞ്ജുവിന്‍റെ കയ്യില്‍ ഗ്ലൗസുണ്ടായിരുന്നു. എന്നാല്‍ ടീം ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ പന്ത് അകത്ത്, സഞ്ജു പുറത്ത്.
പിന്നെ കണ്ടത് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള പോരാട്ടം മാത്രമല്ല. ആരാധകരും ഇന്ത്യന്‍ ടീമും നാട്ടിലെ മത്സരത്തില്‍ മുഖാമുഖം വന്നു. ആരാധകരുടെ കലിപ്പ് അത്രയും ഋഷഭ് പന്തിനോടായിരുന്നു. പന്ത് ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍, വിക്കറ്റ് കീപ്പിംഗ് ചെയ്യുമ്പോള്‍...ആരാധകര്‍ കൂവിവിളിച്ചു. ഇതോടെ കാര്യവട്ടത്തെ കളി കാര്യമായി.
ഒടുവില്‍ നായകന്‍ വിരാട് കോലിക്ക് ആരാധകരോട് പറയേണ്ടിവന്നു വായടക്കാന്‍. ഗാലറിക്കരികില്‍ ഫീല്‍ഡിംഗിന് എത്തിയപ്പോള്‍ കൂവിവിളിക്ക് പകരം കയ്യടിക്കാന്‍ കോലി ആവശ്യപ്പെട്ടു. ഗ്രൗണ്ടില്‍ തീര്‍ന്നില്ല ഈ ആരാധക പോരാട്ടം. സാമൂഹ്യമാധ്യമങ്ങളിലും ക്രിക്കറ്റ് പ്രേമികള്‍ അസ്വസ്തരാണ്. സഞ്ജുവിനെ കാര്യവട്ടത്ത് കളിപ്പിക്കാതിരുന്നാല്‍ പ്രതിഷേധിക്കാന്‍ ആരാധകര്‍ പദ്ധതിയിടുന്നതായി നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!