മുഹമ്മദ് ആമിര്‍ ഐപിഎല്ലിനെത്തുമോ..? മുന്‍ പാകിസ്ഥാന്‍ താരത്തിന്റെ  സാധ്യതകള്‍ ഇങ്ങനെ

By Web TeamFirst Published May 13, 2021, 8:42 PM IST
Highlights

2008ലെ പ്രഥമ ഐപിഎല്ലില്‍ മാത്രമാണ് പാകിസ്ഥാന്‍ താരങ്ങള്‍ കളിച്ചത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പിന്നീടുള്ള സീസണുകളില്‍ പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
 

ലണ്ടന്‍: കഴിഞ്ഞ വര്‍ഷമാണ് മുഹമ്മദ് ആമിര്‍ അന്താരാഷ്ട്ര ക്രിക്കറ്റി നിന്ന് വിരമിച്ചത്. വിരമിക്കുന്ന സമയത്ത് തനിക്ക് പാകിസ്ഥാന്‍ ക്രിക്കറ്റില്‍ നിന്ന് വേണ്ടത്ര കിട്ടുന്നില്ലെന്നും 29-കാരന്‍ ആരോപിച്ചിരുന്നു. പിന്നാലെ ഇംഗ്ലണ്ടിലേക്ക് താമസം മാറുകയായിരുന്നു താരം. ഭാര്യയ്ക്ക് ബ്രിട്ടീഷ് പൗരത്വമാണുള്ളത്. ഇപ്പോള്‍ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിച്ചിരിക്കുകയാണ് ആമിര്‍. ബ്രിട്ടീഷ് പൗരത്വം ലഭിച്ചാല്‍ ആമിറിന് കൂടുതല്‍ സാധ്യതകള്‍ തെളിയും. അതിലൊന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കളിക്കാന്‍ കഴിയുമെന്നുള്ളതാണ്.

2008ലെ പ്രഥമ ഐപിഎല്ലില്‍ മാത്രമാണ് പാകിസ്ഥാന്‍ താരങ്ങള്‍ കളിച്ചത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പിന്നീടുള്ള സീസണുകളില്‍ പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. എന്നാല്‍ മുന്‍ പാകിസ്ഥാന്‍ താരം അസര്‍ മെഹമൂദ് 2008ന് ശേഷം ഐപിഎല്ലിന്റെ ഭാഗമായിരുന്നു. 2012-13 സീസണില്‍ കിംഗ്്‌സ ഇലവന്‍ പഞ്ചാബിന്റെ (പഞ്ചാബ് കിംഗ്‌സ്) ഭാഗമായിരുന്നു മെഹമൂദ്. ബ്രിട്ടീഷ് പൗരത്വം നേടിയെടുത്ത ശേഷമാണ് മെഹ്‌മൂദ് ഐപിഎല്‍ കളിക്കാനെത്തിയത്. 

അതുപൊലെ ആമിറിനും സാധ്യതകള്‍ തെളിഞ്ഞേക്കും. ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് ആമിര്‍. എന്നാല്‍ ഐപിഎല്ലിനെ കുറിച്ചൊന്നും താരം ചിന്തിച്ചിട്ടില്ല. താരത്തിന്റെ വാക്കുകള്‍... ''ഇപ്പോള്‍ യുകെയില്‍ എത്ര കാലം വരേയും തുടരാനുള്ള അനുമതി എനിക്ക് ലഭിച്ചിട്ടിട്ടുണ്ട്. ആറോ ഏഴോ വര്‍ഷം ക്രിക്കറ്റില്‍ തുടരാനാവുമെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ ഞാന്‍ ക്രിക്കറ്റ് വളരെയേറെ ആസ്വദിക്കുന്നു. എന്റെ കുട്ടികള്‍ ഇവിടെയാണ് വളരുക. അവര്‍ക്ക് ഇംഗ്ലണ്ടില്‍ നിന്ന് വിദ്യാഭ്യാസം നല്‍കും. വലിയൊരു സമയം ഞാന്‍ ഇംഗ്ലണ്ടില്‍ ചെലവഴിക്കും. അവസരങ്ങളെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. ഇനി പൗരത്വം ലഭിച്ചാല്‍ കാര്യങ്ങള്‍ എങ്ങനെയായിരിക്കുമെന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. കാര്യങ്ങള്‍ എങ്ങനെ പോകുമെന്ന് നോക്കാം.'' ആമിര്‍ പറഞ്ഞുനിര്‍ത്തി. 

പാകിസ്ഥാന് വേണ്ടി 36 ടെസ്റ്റുകളില്‍ നിന്ന് 119 വിക്കറ്റുകളാണ് ആമിര്‍ വീഴ്ത്തിയത്. 61 ഏകദിനങ്ങളില്‍ 81 വിക്കറ്റുകളും 50 ടി20കളില്‍ 59 വിക്കറ്റുകളും ഇടങ്കയ്യന്‍ പേസര്‍ വീഴ്ത്തി.

click me!