
ജയ്പൂര്‍: ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെക്കുറിച്ച് മനസു തുറന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇത്തവണത്തെ ഐപിഎല്‍ രാജസ്ഥാന്‍ നാല് രാജസ്ഥാന്‍ താരങ്ങള്‍ക്കെങ്കിലും ലോകകപ്പ് ടീമിലെത്താനുള്ള സുവര്‍ണാവസരമാണ് ഒരുക്കുന്നതെന്ന് ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.
ലോകകപ്പ് ടീമില്‍ ഓപ്പണറെന്ന നിലയില്‍ സ്ഥാനമുറപ്പിച്ച രാജസ്ഥാന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് വേണമെങ്കില്‍ ഐപിഎല്ലില്‍ ആദ്യമായി ഓറഞ്ച് ക്യാപ്പും സ്വന്തമാക്കാന്‍ ഇത്തവണ അവസരമുണ്ട്. അതുപോലെ ലോകകപ്പ് ടീമിലെലെ വിക്കറ്റ് കീപ്പറാകാന്‍ മത്സരിക്കുന്ന രണ്ട് പേര്‍ രാജസ്ഥാന്‍ ക്യാപ്റ്റൻ സഞ്ജു സാംസണും ധ്രുവ് ജുറെലുമാണ്.
ലോകകപ്പ് ടീമില്‍ ഇനിയൊരു ഓപ്പണറെ വേണ്ട. അതുകൊണ്ടുതന്നെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുംബൈയുടെ ഇഷാന്‍ കിഷനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാൻ സാധ്യത കുറവാണ്. അതുപോലെ ഡല്‍ഹിക്കായി റിഷഭ് പന്ത് തിരിച്ചെത്തിയെങ്കിലും നേരിട്ട് ലോകകപ്പ് ടീമില്‍ കളിപ്പിക്കാനും സാധ്യത കുറവാണ്.
ഈ സാഹചര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സിലെ രണ്ട് താരങ്ങള്‍ തമ്മിലാവും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കടുത്ത മത്സരമുണ്ടാകുക. അത് സഞ്ജു സാംസണും ധ്രുവ് ജുറെലും തമ്മിലാകുമെന്നും ആകാശ് ചോപ്ര പറഞ്ഞു. ധ്രുവ് ജുറെല്‍ ഫിനിഷര്‍ റോളില്‍ ബാറ്റ് ചെയ്യുന്നതിനാല്‍ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ലോകകപ്പ് ടീമിലെത്താനുള്ള സാധ്യത കൂടുതലാണ്. കുറച്ചു കാലമായി സെലക്ടര്‍മാരുടെ റഡാറിന് പുറത്തായ യുസ്‌വേന്ദ്ര ചാഹലിനും ഐപിഎല്ലില്‍ തിളങ്ങിയാല്‍ ലോകകപ്പ് ടീം സ്വപ്നം കാണാം. ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തിയാല്‍ പിന്നെ എങ്ങനെയാണ് ചാഹലിനെ അവഗണിക്കാന്‍ കഴിയുക എന്നും ആകാശ് ചോപ്ര ചോദിച്ചു.
ആവേശ് ഖാനും റിയാന്‍ പരാഗുമാണ് ഇന്ത്യന്‍ ടീം സ്വപ്നം കാണുന്ന മറ്റ് രണ്ട് രാജസ്ഥാന്‍ താരങ്ങള്‍. ഇന്ത്യന്‍ ടീമിനകത്തും പുറത്തുമായി നില്‍ക്കുന്ന ആവശിന് ടീമില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണിത്. അതുപോലെ റിയാന്‍ പരാഗിന് ഇത്തവണ തിളങ്ങിയില്ലെങ്കില്‍ ഇനിയൊരു അവസരം ലഭിക്കുമെന്ന് കരുതാന്‍ വയ്യെന്നും ആകാശ് ചോപ്ര പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഏഴ് ഇന്നിംഗ്സുകളില്‍ 13 ശരാശരിയില്‍ 78 റണ്‍സ് മാത്രമാണ് റിയാന്‍ പരാഗ് നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക