വാതുവയ്പ്പ്: മൂന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ ഐസിസി അന്വേഷണം നേരിടുന്നതായി കായികമന്ത്രി

By Web TeamFirst Published Jun 4, 2020, 4:14 PM IST
Highlights

വാതുവയ്പ്പുമായി ബന്ധപ്പെട്ട് മൂന്ന് ശ്രീലങ്കന്‍ താരങ്ങള്‍ ഐസിസി അന്വേഷണം നേരുടുന്നതായി രാജ്യത്തിന്റെ കായികമന്ത്രി ഡുല്ലാസ് അലഹപ്പെരുമ. എന്നാല്‍ താരങ്ങളുടെ പേരുകള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
 

കൊളംബൊ: വാതുവയ്പ്പുമായി ബന്ധപ്പെട്ട് മൂന്ന് ശ്രീലങ്കന്‍ താരങ്ങള്‍ ഐസിസി അന്വേഷണം നേരുടുന്നതായി രാജ്യത്തിന്റെ കായികമന്ത്രി ഡുല്ലാസ് അലഹപ്പെരുമ. എന്നാല്‍ താരങ്ങളുടെ പേരുകള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ ടീമില്‍ കളിക്കുന്നുവരില്‍ ആരെങ്കിലുമാണോ എന്നുള്ളതൊന്നും അദ്ദേഹം പറയുന്നില്ല. 

ഇപ്പോള്‍ സജീവ ക്രിക്കറ്റിലുള്ള താരങ്ങളിലാരും ഐസിസി അന്വേഷണ പരിധിയിലില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്നീട് വിശദീകരണ കുറിപ്പിറക്കി. 'ശ്രീലങ്കക്കാരായ മൂന്ന് മുന്‍ താരങ്ങള്‍ക്കെതിരെ ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റ് അന്വേഷണം നടത്തുന്ന കാര്യമാണ് ബഹുമാനപ്പെട്ട മന്ത്രി ഉദ്ദേശിച്ചതെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അല്ലാതെ ഇപ്പോള്‍ സജീവമായിട്ടുള്ള താരങ്ങള്‍ അക്കൂട്ടത്തിലില്ല'  ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കായികരംഗം തീര്‍ത്തും മോശം പ്രവണതകളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശ്രീലങ്കന്‍ പേസ് ബോളര്‍ ഷേഹന്‍ മധുഷങ്ക മയക്കുമരുന്ന് കടത്തിന് പിടിക്കപ്പെട്ട സംഭവത്തോടു പ്രതികരിക്കുമ്പോഴാണ് കായികരംഗം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ശ്രീലങ്കന്‍ മന്ത്രി തുറന്നടിച്ചത്. ഇതിനിടെയാണ് മൂന്നു താരങ്ങള്‍ വാതുവയ്പ്പിന് ഐസിസി അന്വേഷണം നേരിടുന്നുണ്ടെന്നും മന്ത്രി രംഗത്തെത്തുകയായിരുന്നു.

click me!