
മുംബൈ: മാധ്യമ പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയെന്ന ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ (Wriddhiman Saha) സാഹയുടെ ആരോപണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സാഹ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചിരുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകന്റെ പേര് പുറത്തുവിടാന്‍ സാഹ തയ്യാറായിരുന്നില്ല.
എന്നാല്‍ ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ മുന്നുംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ് ബിസിസിഐ (BCCI). രാജീവ് ശുക്ല (ബിസിസിഐ വൈസ് പ്രസിഡന്റ്), അരുണ്‍ സിംഗ് ധുമാല്‍ (ട്രഷറര്‍), പ്രഭ്‌തേജ് സിംഗ് ഭാട്ടിയ (ബിസിസിഐ ഉന്നാതാധികാരി സമിതി അംഗം) എന്നിവരാണ് മുന്നംഗ സംഘം. അടുത്ത ആഴ്ച്ച അന്വേഷണം ആരംഭിക്കും.
വിഷയത്തില്‍ ഇടപെടുമെന്നും സാഹയുമായി സംസാരിക്കുമെന്നും അരുണ്‍ ധുമാല്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ബിസിസിഐ ആവശ്യപ്പെട്ടാലും മാധ്യമപ്രവര്‍ത്തകന്റെ പേര് പറയില്ലെന്ന് വൃദ്ധിമാന്‍ സാഹ വ്യക്തമാക്കി. 'ഇതുവരെ ബിസിസിഐയില്‍ നിന്ന് ആരും വിളിച്ചിട്ടില്ല. ഒരാളുടെ ജോലി തടസ്സപ്പെടുത്തുക എന്റെ ഉദ്ദേശമല്ല. എന്റെ മാതാപിതാക്കള്‍ അങ്ങനെയല്ല പഠിപ്പിച്ചതെന്നും' സാഹ പറഞ്ഞു.
ഗാംഗുലിയുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകനാണ് ഭീഷണിപ്പെടുത്തിയതെന്ന ആരോപണമുയരുമ്പോഴാണ് സാഹ മറുപടിയുമായെത്തിയത്. ഗാംഗുലിയുമായി രണ്ട് ദിവസത്തിനിടെ സംസാരിച്ചിട്ടില്ലെന്നും സാഹ പറഞ്ഞു. നേരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ വരെ പേരെടുത്ത് വിമര്‍ശിച്ച വൃദ്ധിമാന്‍ സാഹ മാധ്യമപ്രവര്‍ത്തകന്റെ പേര് പറയാത്തത് ഗാംഗുലി പക്ഷത്തിന്റെ ഇടപെടല്‍ കാരണമെന്നാണ് ആരോപണം.
വിഷയത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇടപെടണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ പരിശീലകന്‍ രവി ശാസ്ത്രി ആവശ്യപ്പെട്ടു. സാഹയ്ക്ക് പിന്തുണയുമായി ഇതിഹാസ ഓപ്പണര്‍ വിരേന്ദര്‍ സെവാഗും രംഗത്തെത്തി. മുപ്പത്തിയേഴുകാരനായ വൃദ്ധിമാന്‍ സാഹ 40 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.
ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വൃദ്ധിമാന്‍ സാഹ തനിക്ക് അഭിമുഖം നല്‍കണമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ആവശ്യം. എന്നാല്‍ അതിന് തയാറാവാതിരുന്നതോടെ പിന്നീട് ഭീഷണി സ്വരത്തിലായി സന്ദേശങ്ങളെന്നാണ് സാഹ വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി ഇത്രയേറെ സംഭാവനകള്‍ നല്‍കിയിട്ടും ഇതാണ് എനിക്ക് അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ലഭിച്ചത്, ഇങ്ങനെയാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനം പോവുന്നത് എന്നായിരുന്നു ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് സാഹ ട്വിറ്ററില്‍ എഴുതിയത്.
പേര് പുറത്തുവിടണമെന്ന് ഹര്‍ഭജന്‍
സാഹയ്ക്ക് സന്ദേശങ്ങളടച്ച മാധ്യമപ്രവര്‍ത്തകന്റെ പേര് പുറത്തുവിടണമെന്ന് മുന്‍താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. 'വൃദ്ധി, നിങ്ങള്‍ അയാളുടെ പേര് പുറത്തുവിടൂ. എന്നാലെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ തനിനിറം പുറത്തുവരൂ. അല്ലെങ്കില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെപ്പോലും അത് സംശയത്തിന്റെ മുനയിലാക്കും. എന്ത് തരം മാധ്യമപ്രവര്‍ത്തനമാണിത്. ഇത്തരം സംഭവങ്ങളില്‍ നിന്ന് കളിക്കാരെ ബിസിസിഐ സംരക്ഷിക്കണമെന്നും' ഹര്‍ഭജന്‍ കുറിച്ചു.
ന്യൂസിലന്‍ഡിനെതിരായ നടന്ന ടെസ്റ്റ് പരമ്പരയില്‍ സാഹ അര്‍ധസെഞ്ചുറി നേടിയിരുന്നെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ നിന്ന് സാഹയെ ഒഴിവാക്കിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിലെ പ്രകടനത്തിനുശേഷം തന്നെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സന്ദേശമയച്ചുവെന്നും ടീമിലെ സ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് സന്ദേശത്തില്‍ പറഞ്ഞുവെന്നും സാഹ വ്യക്തമാക്കിയിരുന്നു.