കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ വീഴ്ത്തി കെസിഎൽ കിരീടം ഉയർത്തി തൃശൂർ ടൈറ്റൻസ്, ജയം 4 വിക്കറ്റിന്

Published : Sep 06, 2026, 08:53 AM IST
Thrissur Titans

Synopsis

അഹ്മദ് ഇമ്രാന്റെ തകർപ്പൻ അർധസെഞ്ചുറിയും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ക്യാപ്റ്റൻ എം.എസ്. അഖിലിന്റെ പ്രകടനവുമാണ് തൃശൂരിന് അവിസ്മരണീയ വിജയമൊരുക്കിയത്.

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സിനെ തോൽപ്പിച്ച് കെ.സി.എൽ കിരീടത്തിൽ മുത്തമിട്ട് തൃശൂർ ടൈറ്റൻസ്. കാലിക്കറ്റ് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കി നിൽക്കെ മറികടന്നാണ് തൃശൂർ കപ്പുയർത്തിയത്. അഹ്മദ് ഇമ്രാന്റെ തകർപ്പൻ അർധസെഞ്ചുറിയും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ക്യാപ്റ്റൻ എം.എസ്. അഖിലിന്റെ പ്രകടനവുമാണ് തൃശൂരിന് അവിസ്മരണീയ വിജയമൊരുക്കിയത്. അഹ്മദ് ഇമ്രാനാണ് പ്ലെയർ ഓഫ് ദി മാച്ച്. ആലപ്പി റിപ്പിൾസിൻ്റെ മൊഹമ്മദ് അസറുദ്ദീൻ പ്ലെയർ ഓഫ് ദി ടൂ‍ർണ്ണമെൻ്റായും തെരഞ്ഞെടുക്കപ്പെട്ടു. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സ്: 20 ഓവറിൽ 167/9, തൃശൂർ ടൈറ്റൻസ്: 19.3 ഓവറിൽ 169/6.

ഫൈനലിൽ ടോസ് നേടിയ കാലിക്കറ്റ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയ രോഹൻ, ശരത്ചന്ദ്രപ്രസാദ് എറിഞ്ഞ രണ്ടാം ഓവറിൽ ഒരു സിക്സും രണ്ട് ഫോറുമടക്കം 15 റൺസ് വാരിക്കൂട്ടി. എന്നാൽ അടുത്ത ഓവറിൽ രണ്ട് റൺസെടുത്ത വരുൺ നായനാരെ പുറത്താക്കി ആനന്ദ് ജോസഫ് കാലിക്കറ്റിന് ആദ്യ പ്രഹരമേൽപ്പിച്ചു. റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടെ രോഹൻ കുന്നുമ്മലും മടങ്ങിയതോടെ കാലിക്കറ്റ് പ്രതിരോധത്തിലായി. 17 പന്തുകളിൽ നിന്ന് 21 റൺസായിരുന്നു രോഹൻ നേടിയത്.

തുടർന്ന് മൂന്നാം വിക്കറ്റിൽ ഒന്നിച്ച അഖിൽ സ്കറിയയും അശ്വിൻ ആനന്ദും ചേർന്ന കൂട്ടുകെട്ട് കാലിക്കറ്റിന് മുതൽക്കൂട്ടായി. ഇരുവരും ചേർന്ന് 49 പന്തുകളിൽ 73 റൺസ് കൂട്ടിച്ചേർത്തു. 45 റൺസെടുത്ത അഖിൽ സ്കറിയയെ പുറത്താക്കി ബിജു നാരായണനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തൊട്ടടുത്ത ഓവറിൽ 40 റൺസെടുത്ത അശ്വിൻ ആനന്ദും മടങ്ങുമ്പോൾ നാല് വിക്കറ്റിന് 144 റൺസെന്ന നിലയിലായിരുന്നു കാലിക്കറ്റ്. എന്നാൽ തുടർന്ന് കണ്ടത് തൃശൂരിന്റെ ശക്തമായ തിരിച്ചുവരവാണ്. കണിശതയോടെ പന്തെറിഞ്ഞ ടൈറ്റൻസിന്റെ ബൗളർമാർ കാലിക്കറ്റിന്റെ സ്കോറിങ് ദുഷ്കരമാക്കി.

കാലിക്കറ്റിന്റെ ബിഗ് ഹിറ്റർമാരായ സൽമാൻ നിസാർ, അബ്ദുൾ ബാസിദ്, കൃഷ്ണദേവൻ എന്നിവരിൽ ഒരാൾക്ക് പോലും നിർണായക മത്സരത്തിൽ തിളങ്ങാനായില്ല. സൽമാൻ 16-ഉം, അബ്ദുൾ ബാസിദ് 14-ഉം കൃഷ്ണദേവൻ ഏഴും റൺസെടുത്ത് മടങ്ങിയതോടെ കാലിക്കറ്റിന്റെ സ്കോർ 167-ൽ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അബ്ദുൾ റമീസാണ് തൃശൂർ ബൗളിങ് നിരയിൽ ഏറ്റവും തിളങ്ങിയത്. രണ്ട് വിക്കറ്റ് വീതം നേടിയ ആനന്ദ് ജോസഫിന്റെയും ശരത്ചന്ദ്രപ്രസാദിന്റെയും പ്രകടനങ്ങളും ശ്രദ്ധേയമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് ആദ്യ ഓവറിൽ തന്നെ വിഷ്ണുരാജിന്റെ (8) വിക്കറ്റ് നഷ്ടമായി. തുടരെ രണ്ട് ഫോറുമായി തുടങ്ങിയ വിഷ്ണുരാജിനെ അഖിൻ സത്താർ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. നാലാം ഓവറിൽ 18 റൺസെടുത്ത കെ.ആർ. രോഹിതും മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച അഹ്മദ് ഇമ്രാനും സഞ്ജീവ് സതീശനും ചേർന്ന കൂട്ടുകെട്ട് തൃശൂരിന്റെ വിജയത്തിന് അടിത്തറയിട്ടു. വിക്കറ്റ് കാത്തുസൂക്ഷിക്കുന്നതിനൊപ്പം മോശം പന്തുകളെ അതിർത്തി കടത്തിയും ഇരുവരും അനായാസം ഇന്നിങ്സ് മുന്നോട്ടുനീക്കി. തകർപ്പൻ ബാറ്റിങ്ങിലൂടെ 87 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.-

16-ആം ഓവറിൽ അഹ്മദ് ഇമ്രാനെയും സഞ്ജീവ് സതീശനെയും പുറത്താക്കി ജോസ് പെരയിൽ കാലിക്കറ്റ് ആരാധകർക്ക് പ്രതീക്ഷ നൽകി. 49 പന്തുകളിൽ നിന്ന് ഏഴ് ഫോറും രണ്ട് സിക്സുമടക്കം 69 റൺസാണ് അഹ്മദ് ഇമ്രാൻ നേടിയത്. സഞ്ജീവ് സതീശൻ 29 റൺസെടുത്തു. വിജയത്തോടടുക്കെ തൃശൂരിന് രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. നിഖിൽ തോട്ടത്ത് 14-ഉം മുഹമ്മദ് ഇനാൻ എട്ടും റൺസുമായി മടങ്ങി. എന്നാൽ മറുവശത്ത് നിലയുറപ്പിച്ച എം.എസ്. അഖിൽ ക്യാപ്റ്റന്റെ ഇന്നിങ്സുമായി ടീമിനെ വിജയത്തിലെത്തിച്ചു. 11 പന്തുകളിൽ നിന്ന് 19 റൺസുമായി അഖിൽ പുറത്താകാതെ നിന്നു. കാലിക്കറ്റിന് വേണ്ടി ഇബ്നുൾ അഫ്താബും ജോസ് പെരയിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മൂന്ന് സെഞ്ച്വറിയടക്കം ടൂ‍ർണ്ണമെൻ്റിലാകെ 596 റൺസ് നേടിയ മൊഹമ്മദ് അസറുദ്ദീനാണ് ടൂ‍ർണ്ണമെൻ്റിൻ്റെ താരവും മികച്ച ബാറ്ററുമായി തെരഞ്ഞെടുക്കപ്പെട്ടത്. 18 വിക്കറ്റുകൾ വീഴ്ത്തിയ ട്രിവാൺഡ്രം റോയൽസിൻ്റെ എം നിഖിലാണ് മികച്ച ബൗളർ. മികച്ച യുവതാരത്തിനുള്ള പ്രോമിസിം​ഗ് യങ്സ്റ്റർ പുരസ്കാരം തൃശൂർ ടൈറ്റൻസിൻ്റെ മൊഹമ്മദ് ഇനാൻ സ്വന്തമാക്കി. ഏരീസ് കൊല്ലം സെയിലേഴ്സിനാണ് ഫെയർ പ്ലേ പുരസ്ക്കാരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരള ക്രിക്കറ്റ് ലീഗ് കലാശപ്പോരിന് സാക്ഷിയായത് 28,000-ൽ അധികം കാണികൾ
കപ്പടിച്ച് തൃശ്ശൂർ ടൈറ്റൻസ്; ആദ്യ കെസിഎൽ കിരീടം; കലാശപ്പോരിൽ കാലിക്കറ്റിനെ തകർത്തത് നാലുവിക്കറ്റിന്