പ്രതീക്ഷ നല്‍കി നമൻ ധീറും മടങ്ങുമ്പോള്‍ ഇന്ത്യൻ ആരാധകരുടെ സമ്മര്‍ദത്തിനും ന്യൂസിലൻഡിന്റെ ആത്മവിശ്വാസത്തിനും ഒത്തനടുക്ക് ഒരാള്‍ നിലകൊണ്ടു, ശാന്തനായി, തിലക് വർമ

11 പന്തില്‍ ആറ് റണ്‍സ്. ദിവസങ്ങള്‍ക്ക് മുൻപ് ക്രൈസ്റ്റ്‍ചര്‍ച്ചില്‍ ആ പേരിന് നേ‍ര്‍ക്ക് തെളിഞ്ഞ അക്കങ്ങളാണ്. ഇന്ത്യയുടെ ടി20 ലൈനപ്പിലെ മിസ്‌ ഫിറ്റെന്ന് പലരും വിധിച്ചു. റണ്‍ചേസില്‍ ഇന്ത്യയെ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടതിന്റെ അമ‍‍ര്‍ഷമായിരുന്നു എല്ലാത്തിന്റെയും ആധാരം...

രണ്ട് പകലുകള്‍ക്ക് ശേഷം ക്രൈസ്റ്റ്ചര്‍ച്ചില്‍ മറ്റൊരു സായാഹ്നം അവസാനിക്കുകയാണ്. ന്യൂസിലൻഡ് സ്കോര്‍ബോര്‍ഡില്‍ 181 റണ്‍സ്. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി...ഇവര്‍ നയിക്കുന്ന ഇന്ത്യയുടെ ബാറ്റിങ് ഫോഴ്‌സിനെ വെല്ലുവിളിക്കാൻ മാത്രമുള്ള വലിപ്പം ആ സ്കോറിനുണ്ടായിരുന്നില്ലന്നാണ് കരുതിയത്. പക്ഷേ, ഹാഗ്‌ലി ഓവലിലെ വേഗതകുറഞ്ഞ വിക്കറ്റില്‍ സാന്റനറിന്റെ സംഘം കണിശത പുലര്‍ത്തിയതോടെ 182 എന്ന വിജയലക്ഷ്യം ഒരു മഹാമേരുവിനെപ്പോലെ തോന്നിച്ചു...

സഞ്ജു നിരാശപ്പെടുത്തിയിരിക്കുന്നു, വൈഭവ് ബാറ്റുകളില്‍ അത്ഭുതങ്ങളില്ല, അഭിഷേകും ശ്രേയസും അക്സറുമൊക്കെയും പരാജിതരുടെ മൂടിയണിയാൻ വിധിക്കപ്പെട്ടു. ഒടുവില്‍ പ്രതീക്ഷ നല്‍കി നമൻ ധീറും മടങ്ങുമ്പോള്‍ ഇന്ത്യൻ ആരാധകരുടെ സമ്മര്‍ദത്തിനും ന്യൂസിലൻഡിന്റെ ആത്മവിശ്വാസത്തിനും ഒത്തനടുക്ക് ഒരാള്‍ നിലകൊണ്ടു, ശാന്തനായി...

When the lights are brightest, pressure is highest, the best will arrive, the strongest will survive, the greatest will thrive. എന്നൊരു പറച്ചിലുണ്ട്. ഇതിന്റെ സാരാംശം ഇന്ന് ഒരു പേരാണ്, നമ്പൂരി ഠാക്കൂര്‍ തിലക് വര്‍മ. A player made for big occasions.

നമനെ കൃത്യമായി സാന്റനര്‍ ഗ്ലെൻ ഫിലിപ്സിന്റെ കൈകളിലെത്തിക്കുന്നു. ഇന്ത്യ 14.5 ഓവറില്‍ 112ന് ആറ് വിക്കറ്റ് നഷ്ടം. എട്ടാമനായി നിതീഷ് കുമാര്‍ റെഡ്ഡി ക്രീസിലെത്തുമ്പോള്‍ തിലകിന്റെ സ്കോര്‍ ഒൻപത് പന്തില്‍ 10 റണ്‍സ് മാത്രമാണ്. വിജയത്തിലേക്കുള്ള റിക്വേഡ് റണ്‍ റേറ്റ് അപ്പോഴേക്കും 14 തൊട്ടിരിക്കുന്നു. സാന്റ‍നര്‍ പന്ത് നാഥാൻ സ്മിത്തിന് കൈമാറി, ഫീല്‍ഡിനെ കൃത്യമായി ഉപയോഗിച്ച് നിതീഷ് ഒരു ബൗണ്ടറിയും നാല് ഡബിളും ഒരു സിംഗിളും നേടുന്നു. 13 റണ്‍സ്.

സ്മിത്തിന് പിന്നാലെ ദൗത്യമേറ്റെടുത്തത് ലോക്കി ഫെര്‍ഗൂസണായിരുന്നു, തിലകിന്റെ മിസ് ഹിറ്റുകളും ഇരുവരുടേയും ടൈമിങ്ങിലെ പോരായ്മകളുമെല്ലാം നിറഞ്ഞ ആറ് പന്തുകള്‍, ഫെര്‍ഗൂസണ്‍ വിട്ടുനല്‍കിയത് ഒൻപത് റണ്‍സ് മാത്രം. മൂന്ന് ഓവറുകള്‍ അവശേഷിക്കെ ഇന്ത്യക്കും വിജയത്തിനും ഇടയിലെ ദൂരം 47 റണ്‍സായി മാറി, റിക്വേഡ് റണ്‍റേറ്റ് 15.6.

ഓരോ ഓവര്‍ കഴിയുംതോറും It was getting tougher, വിജയലക്ഷ്യം മാത്രമല്ല, വിക്കറ്റും. സ്ലോഗിങ്ങായിരുന്നില്ല ആവശ്യം, ക്വാളിറ്റിയായിരുന്നു. ജേക്കബ് ഡബിയുടെ സ്ലോബോള്‍ കൃത്യമായി ജഡ്ജ് ചെയ്ത നിതീഷ് ഒരു സിക്സർ നേടുകയാണ്, ഡൗണ്‍ ദ ഗ്രൗണ്ട്. ശേഷമൊരു സിംഗിള്‍. ഇവിടെ നിന്നാണ് തിലക് തുടങ്ങുന്നത്. ക്രീസിലെത്തിയതുമുതല്‍ അയാള്‍ക്ക് ഒരു വിശ്വാസമെയുണ്ടായിരുന്നുള്ളു, വിജയമുറപ്പിക്കാൻ അവസാനം വരെ തുടര്‍ന്നെ മതിയാകു...

എന്നാല്‍ തിലകിന്റെ ബാറ്റിനെ നിശബ്ദമാക്കിനിര്‍ത്താൻ കിവികള്‍ ഒരു വഴി തിരഞ്ഞെടുത്തു, വൈഡ് ഡെലിവെറികള്‍. ഡഫിയും അത് തന്നെയാണ് ശ്രമിച്ചതും, സിക്സ്ത്ത് സ്റ്റമ്പ് ലൈനിലെത്തിയ പന്തില്‍ ക്രീസിലേക്കിറങ്ങി ചുവടുമാറി ലോങ് ഓണിന് മുകളിലൂടെ ഒരു പുള്‍ ഷോട്ട്, ബൗണ്ടറി. അടുത്ത പന്തും സമാന ലൈനിലായിരുന്നു, വൈഡ്, ശേഷമൊരു യോര്‍ക്കര്‍. അഞ്ചാം പന്തില്‍ പിഴച്ചു, ഫുള്‍ ടോസ്. മിഡ് ഓഫില്‍ നിലയുറപ്പിച്ച സാന്റനറിന്റെ കൈകളെ ഭേദിച്ച് പന്ത് ബൗണ്ടറി റോപ്പുകള്‍ ലക്ഷ്യമാക്കി കുതിച്ചു..രണ്ട് ഓവറില്‍ ലക്ഷ്യം 29.

വിജയപരാജയങ്ങളെ തുലാസിലാക്കുന്ന 19-ാം ഓവറില്‍ സ്ട്രൈക്ക് നിലനിര്‍ത്തി തിലക്. സ്മിത്തിന്റെ യോര്‍ക്കറിലൊരു സ്കൂപ്പ്, ഷോര്‍ട്ട് ഫൈന് മുകളിലൂടെ ഫോര്‍. അടുത്തതൊരു സ്ലോ ഷോര്‍ട്ട് ബോള്‍, ഡീപ് മിഡ് വിക്കറ്റിലേക്ക് സഞ്ചരിച്ച പന്തിനെ തടഞ്ഞുനിര്‍ത്താൻ ഫിലിപ്സിനുമായില്ല. ന്യൂസിലൻഡിന് ആശ്വാസമെന്നപോലൊരു ഡോട്ട് വന്നെങ്കിലും അടുത്ത പന്തില്‍ ബൗണ്ടറി ഉറപ്പാക്കി തിലക്. അവസാന ഡെലിവെറി ലോങ് ഓണിന് മുകളിലൂടെ സിക്സും, അതും ലെങ്ത് ബോള്‍. അബ്സല്യൂട്ട് സിനിമ.

11 റണ്‍സായിരുന്നു ബാക്കിവെച്ചത്. ഡഫിയുടെ ഫസ്റ്റ് ഡെലിവെറിയില്‍ സിംഗിളെടുത്ത് നിതീഷ് സ്ട്രൈക്ക് കൈമാറി. പിന്നാലെ ക്രൈസ്റ്റ് ചര്‍ച്ച് കണ്ടത് തിലകിന്റെ ബാറ്റില്‍ നിന്ന് തീയുണ്ട കണക്കെ പന്ത് കവറിലൂടെ കുതിക്കുന്നതാണ്, ബൗണ്ടറി. മത്സരം ഇന്ത്യ ഉറപ്പിച്ച ഷോട്ട്. ഒടുവില്‍ ഡഫിയെ ഫ്ലിക്ക് ചെയ്ത് നിതീഷ് ജയം നേടിയെടുക്കുമ്പോള്‍ തിലക് ആകാശേത്തേക്ക് ഉയര്‍ന്ന് ആക്രോശിച്ചു, ഏഷ്യ കപ്പ് ഫൈനിലില്‍ പാക്കിസ്ഥാനെ കീഴടക്കിയപ്പോള്‍ കണ്ട അതേ ഭാവം...പരാജയത്തില്‍ നിന്ന് ഒരിക്കല്‍ക്കൂടി ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയിരിക്കുന്നു തിലക്...പിച്ചിനേയും സമ്മര്‍ദത്തേയുമെല്ലാം കീഴടക്കിയൊരു ഇന്നിങ്സ്...